matter dated dated -30/10/2008
ശശി തരൂര്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്?
ശശി തരൂര്‍. ഐക്യരാഷ്‌ട്രസഭയില്‍ പൊതുവിവരസമ്പര്‍ക്കകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചയാള്‍. എഴുത്തുകാരനെന്ന നിലയില്‍ സാഹിത്യരംഗത്തു പ്രസിദ്ധന്‍. ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്‌ക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുകയും പിന്നീട് പിന്‍മാറാന്‍ നിര്‍ബന്ധിതനാകുകയും ചെയ്‌ത വ്യക്തി. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ വിദേശകാര്യസഹമന്ത്രിയാകുമെന്നു പ്രചരിപ്പിക്കപ്പെട്ട ആംഗ്ലോ ഇന്‍ഡ്യന്‍. എഴുത്തുകാരനെന്ന നിലയിലും ഉദ്യോഗസ്ഥനെന്ന നിലയിലും പേരുകേട്ട ശശി തരൂര്‍ ഇപ്പോള്‍ പുതിയ ലക്ഷ്യവുമായി രംഗത്തുവന്നിരിക്കുകയാണ്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണമാണ് ശശി തരൂര്‍ മാധ്യമശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണം. രാഷ്‌ട്രീയത്തില്‍നിന്നു മാറിനില്‍ക്കേണ്ട കാര്യമില്ലെന്ന പ്രസ്‌താവന അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കുന്നു.
പല രാഷ്‌ട്രീയകക്ഷി നേതാക്കളുമായും സംസാരിക്കാറുണ്ടെന്നതും പലരുമായും അടുപ്പമുണ്ടെന്നതുമാണ് ഇന്ത്യന്‍ രാഷ്‌ട്രീയനേതൃത്വത്തില്‍ എത്താനുള്ള യോഗ്യതയായി ശശി തരൂര്‍ കണ്ടെത്തിയിരിക്കുന്നത്. മുമ്പ് ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്‌ക്ക് മത്സരിക്കാന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ പറഞ്ഞുകേട്ടത് വിദേശ രാഷ്‌ട്രതലവന്മാരുമായി ദൃഢബന്ധമാണ് ശശി തരൂരിനെന്നായിരുന്നു. എങ്കില്‍ എന്തുകൊണ്ട് ഐക്യരാഷ്‌ട്രസഭയില്‍ വിജയിക്കാനുള്ള പിന്തുണ കിട്ടിയില്ല? ഐക്യരാഷ്‌ട്രസഭയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് രക്ഷാസമിതിയാണ്. സെക്രട്ടറി ജനറല്‍ എന്നത് രക്ഷാസമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ മാത്രം. അപ്പോള്‍ അണ്ടര്‍ സെക്രട്ടറി പദവിയെന്നത് സാമാന്യഭാഷയില്‍ വിശേഷിപ്പിച്ചാല്‍ പഞ്ചായത്തിനെ സംബന്ധിച്ചാണെങ്കില്‍ ഹെഡ് ക്ലര്‍ക്കിനു തുല്യമായ പദവിയാണെന്നു പറയാം. ഈ പദവിയിലിരിക്കുന്ന ഒരാള്‍ക്ക് എങ്ങനെ മറ്റു രാജ്യത്തെ രാഷ്‌ട്രത്തലവന്മാരുമായി കൂടിക്കാഴ്‌ച നടത്താനാവും?
ഈ ശശി തരൂര്‍ ഐക്യരാഷ്‌ട്രസഭയുടെ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് എന്തെങ്കിലും പ്രയോജനം ഇന്ത്യയ്‌ക്കു ഉണ്ടായിട്ടുണ്ടോയെന്നു അദ്ദേഹത്തിനായി ചരടുവലിക്കുന്നവര്‍ ചിന്തിക്കുന്നത് നന്നായിരിക്കും. സെക്രട്ടറി ജനറല്‍ ഏതു രാജ്യക്കാരാനെന്നതിലുപരി യോഗ്യതയുള്ളവരാണ് വേണ്ടതെന്നാണ് ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്‌ക്ക് മത്സരിക്കാന്‍ കച്ചകെട്ടി ഇന്ത്യയിലെത്തിയ ശശി തരൂര്‍ ആദ്യം പറഞ്ഞത്. എന്തുകൊണ്ട് യോഗ്യതയുള്ള ഇന്ത്യാക്കാരനാണ് താനെന്നു പറയാന്‍ ശശി തരൂരിനു സാധിച്ചില്ല.
ചില പരാജയങ്ങള്‍ തികച്ചും അനിവാര്യമാണ്. അത്തരത്തിലൊരു ദയനീയ പരാജയമാണ് ലോകരാഷ്‌ട്രങ്ങളുടെ പൊതുവേദിയെന്നു അറിയപ്പെടുന്ന ഐക്യരാഷ്‌ട്രസഭയില്‍ ശശി തരൂരിനു സംഭവിച്ചത്. ഭാരതത്തിന്റെ മാനം കെടുത്തിയ പരാജയത്തിന്റെ ഉത്തരവാദിത്വം ശശി തരൂരിനല്ലാതെ മറ്റാര്‍ക്കുമല്ല. ഇന്ത്യന്‍ രാഷ്‌ട്രീയനേതൃത്വങ്ങളെ `വന്‍ബന്ധ'ങ്ങളുടെ പേരു പറഞ്ഞ് കബളിപ്പിച്ചതിന്റെ പരിണിതഫലം കൂടിയായിരുന്നു അനിവാര്യമായ ആ പരാജയം. നിര്‍ഭാഗ്യത്തിനു ശശി തരൂര്‍ ആ സ്ഥാനത്തേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ ആ കാരണത്താല്‍ തന്നെ ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യയ്‌ക്കു ദോഷങ്ങളുമുണ്ടാകുമായിരുന്നു. കാരണം ഇന്ത്യന്‍ പ്രതിനിധിയെന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പലപ്പോഴും അതിന്റെ പേരില്‍ ഇന്ത്യയ്‌ക്കനുകൂലമായ കാര്യങ്ങള്‍ `പേരുദോഷ'ത്തിന്റെ പേരില്‍ ശശി തരൂരിനെ ഒഴിവാക്കേണ്ടി വരും. വന്‍ ശക്തികളല്ലാത്ത ബര്‍മ്മ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍മാരായിട്ടുണ്ടെന്ന വസ്‌തുത കണക്കിലെടുക്കുമ്പോള്‍ പ്രസ്‌തുത തസ്‌തിക ഒരു കാര്യമേ അല്ലെന്നു മനസിലാക്കാം. ആ തസ്‌തികയില്‍ ഇരിക്കുന്ന ആള്‍ക്കുമാത്രം പ്രയോജനകരമായ ഒന്നു മാത്രമായി ഇതിനെ കണക്കാക്കാം.
ഏതായാലും ശശി തരൂരിനെ പോലെ ഒരാളെ ഇന്ത്യയില്‍ ജനപ്രതിനിധിയായി ആവശ്യമേയില്ല. ജനപ്രതിനിധി എന്നാല്‍ ജനങ്ങളുടെ പ്രതിനിധിയാണ്. ശശി തരൂര്‍ എന്ന വ്യക്തി സാധാരണക്കാരനു അപ്രാപ്യനായ ഒരാളാണ് എന്നത് ഒരു വസ്‌തുതയാണ്. അതിലെല്ലാമുപരി ഇന്ത്യയ്‌ക്കുവേണ്ടി എന്താണ് ചെയ്‌തിരിക്കുന്നത്? സാധാരണക്കാരനുവേണ്ടി എന്തുചെയ്‌തു? ചെയ്യുന്നു? ഈ ചോദ്യമാണ് ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചു പറയും മുമ്പ് ഉയരേണ്ട ചോദ്യം.
ലോക്‌സഭാ, രാജ്യസഭാ, നിയമസഭാ സീറ്റുകള്‍ നല്‍കേണ്ടത് എന്താരോപണങ്ങളുണ്ടെങ്കിലും ഇവിടുത്തെ രാഷ്‌ട്രീയക്കാര്‍ക്കാണ്. ഏതാവശ്യത്തിനും ജനങ്ങള്‍ക്കൊപ്പം മുന്നിട്ടിറങ്ങാന്‍ രാഷ്‌ട്രീയനേതാക്കളില്ലാതിവിടെ ആരുണ്ട്? ജനങ്ങള്‍ക്കായി രാവും പകലും അലഞ്ഞ്, രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനായി സ്വന്തം ജീവിതംപോലും മാറ്റിവച്ച നിഷ്‌കാമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ നിരവധിയാണു ഈ നാട്ടില്‍. എന്തെങ്കിലും കാര്യത്തിനു ഏതെങ്കിലും രാഷ്‌ട്രീയക്കാരെ സമീപിക്കാത്ത ആരെങ്കിലും ഇന്നാട്ടില്‍ ഉണ്ടാവാനിടയില്ല. രാഷ്‌ട്രീപ്രവര്‍ത്തനവുമായി നടക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളായിരിക്കണം ജനപ്രതിനിധിയായി മത്സരിക്കേണ്ടത്. ശശി തരൂരിനു നല്ല അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. അതു പ്രകടിപ്പിക്കാനുള്ള വേദിയല്ല ഇന്ത്യന്‍ പാര്‍ലമെന്റ്. അദ്ദേഹം സാംസ്‌കാരികപ്രവര്‍ത്തകനായി അഭിപ്രായങ്ങള്‍ പറഞ്ഞ് ഇവിടെ പ്രവര്‍ത്തിക്കട്ടെ. അഴിമതികള്‍ക്കെതിരെ പ്രവര്‍ത്തിക്കട്ടെ. അങ്ങനെയുള്ള ശശി തരൂരിനെ സ്വാഗതം ചെയ്യാം.
എബി. ജെ. ജോസ്
ചെയര്‍മാന്‍
പാലാ, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍
30-10-2008. പാലാ - 686 575
www.ebyjjose.com
ebyjjose@gmail.com
9447702117
----------------------------------------------------------------------------------------------------
ശശി തരൂരിന്റെ നടപടികള്‍: ഒരു വിചാരണ (17/09/2009)
ഇപ്പോഴത്തെ കേന്ദ്രവിദേശകാര്യ സഹമന്ത്രിയായ ശശി തരൂര്‍ എപ്പോഴും വിവാദത്തിലാണ്. അദ്ദേഹത്തിന്റെ `കന്നുകാലി ക്ലാസ്' പരാമര്‍ശമാണ് ഒടുവിലത്തെ വിവാദവിഷയം. മന്ത്രിപ്പണി പോകുമെന്ന ഘട്ടം എത്തിയപ്പോഴാണത്രെ ശശി തരൂര്‍ മാപ്പു പറയാന്‍ തയ്യാറായത്. മുമ്പ് ഇന്ത്യന്‍ ദേശീയഗാനത്തെയും ദേശീയപതാകയെയും അദ്ദേഹംതന്നെ അവഹേളിച്ച ഘട്ടങ്ങളില്‍പോലും ഖേദപ്രകടനത്തിനു തയ്യാറാകാത്ത വ്യക്തികൂടിയാണ് ഇദ്ദേഹം. തരൂരിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് (ഐ) പോലും `കന്നുകാലിക്ലാസ്' വിവാദത്തില്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു.
ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന എഴുത്തുകാരന്‍ മലയാളി മുതലാളിയാണ് ശശി തരൂര്‍. സ്വന്തം കാര്യത്തിനുവേണ്ടി എന്തും ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത അസാമാന്യധൈര്യവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ വിമര്‍ശന വിധേയനാകുന്നതില്‍ അസ്വസ്ഥചിത്തനാകാറുണ്ട് പലപ്പോഴും ഇദ്ദേഹം. ദിനംപ്രതി നാല്‍പതിനായിരം രൂപാ വാടകയുള്ള ഹോട്ടലിലാണ് ലക്ഷക്കണക്കിനു ദരിദ്രനാരായണന്‍ന്മാരുള്ള ഇന്ത്യയിലെ വിദേശകാര്യസഹമന്ത്രിപദമലങ്കരിക്കുന്ന ശശി തരൂര്‍ താമസിച്ചിരുന്നത്. സ്വന്തം കൈയില്‍നിന്നുള്ള പണമാണ് ഇതിനു ചെലവഴിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് അവിടെ താമസം തുടരാതിരുന്നത്? വന്‍കിട കുത്തകകള്‍ക്ക് വിവരാവകാശനിയമം ബാധകമായിരുന്നെങ്കില്‍ ആരാണ് തരൂരിനെ സ്‌പോണ്‍സര്‍ ചെയ്‌തതെന്നു കണ്ടെത്തുവാന്‍ അധികം സമയം വേണ്ടിവരുമായിരുന്നില്ല. ലാളിത്യത്തിന്റെ പര്യായമായിരുന്ന മഹാത്മാഗാന്ധിയുടെ പേരില്‍ ഊറ്റംകൊള്ളുന്ന കോണ്‍ഗ്രസ്സി (ഐ) ന്റെ അക്കൗണ്ടിലാണ് ശശിതരൂര്‍ ഇങ്ങനെയൊക്കെ കഴിയുന്നതെന്നതും വിചിത്രമാണ്.
താമസസൗകര്യം കിട്ടാത്ത കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍പോലും കേരള ഹൗസിലാണ് താമസിക്കാറുള്ളത്. അവിടെ `സൗകര്യങ്ങളില്ലാത്ത'തിനാലാണത്രെ താമസിക്കാന്‍ തരൂര്‍ മുതലാളിക്ക് ബുദ്ധിമുട്ട്. മറ്റൊന്ന് അദ്ദേഹത്തിനു സ്വകാര്യതയില്ലെന്നതാണ്. ഇന്ത്യയിലെ ഏതെങ്കിലും ജനപ്രതിനിധിക്ക് സ്വകാര്യമായി കഴിയാന്‍ പറ്റുമോ? മറ്റൊന്ന്, ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്യുന്നതിലാണ് അദ്ദേഹത്തിന് അമര്‍ഷം. അതു മോശം ഏര്‍പ്പാടാണെന്നും അദ്ദേഹം പറയുന്നു. പക്ഷേ, ഇതിനേക്കാള്‍ മോശം ഏര്‍പ്പാട് അദ്ദേഹം ചെയ്‌തത് മറന്നുപോയിക്കാണും. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം തിരുവനന്തപുരം നഗരത്തിലെ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ അദ്ദേഹംതന്നെ നീക്കം ചെയ്യുന്നത് പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും കാണിച്ചു. പോസ്റ്ററുകള്‍ ഒട്ടിച്ച ഉടന്‍തന്നെ നീക്കം ചെയ്‌തിരുന്നെങ്കിലോ ഒട്ടിക്കാതിരുന്നിരുന്നെങ്കിലോ തരൂരിന്റെ നടപടിയെ മാതൃകയെന്നു പറയാമായിരുന്നു. തന്റെ ആവശ്യം കഴിഞ്ഞതിനുശേഷം തരംതാണ പബ്ലിസിറ്റിക്കുവേണ്ടി കാട്ടിക്കൂട്ടിയ ഈ നടപടി എങ്ങനെ മാതൃകയാകും? വഴിനീളെ മലമൂത്രവിസര്‍ജ്ജനം നടത്തിയശേഷം രണ്ടുനാള്‍ കഴിഞ്ഞ് അതു ചെയ്‌തയാള്‍തന്നെ നീക്കം ചെയ്യുന്നതിനൊപ്പംമാത്രമേ തരൂരിന്റെ നടപടിയെ കാണാനാകുകയുള്ളൂ. തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കുന്ന തെരഞ്ഞെടുപ്പ് കണക്കില്‍ തരൂര്‍ സത്യസന്ധത കാണിക്കുമോ എന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
സ്വന്തം കാര്യനേട്ടത്തിനായി എന്തും ചെയ്യാന്‍ തയ്യാറാണെന്നു ശശിതരൂരിന്റെ പ്രവര്‍ത്തികള്‍ കാട്ടിതരും. ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്നതിനു ഒരു കീഴ്‌വഴക്കമുണ്ട്. അതു ലംഘിച്ചു ആലപിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്‌തു. ദേശീയപതാകയില്‍ സ്വന്തം ചിത്രം പതിപ്പിച്ചു വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു. രണ്ടു സംഭവങ്ങളിലും ഖേദം പ്രകടിപ്പിക്കാന്‍പോലും തയ്യാറായില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വന്നപ്പോള്‍ സ്യൂട്ടും കോട്ടും ടൈയും അഴിച്ചുവച്ചു ജൂബയും മുണ്ടും ധരിച്ചു. ഇവിടുത്തെ സാഹചര്യമനുസരിച്ച്. ഇതാണ് ശശിതരൂര്‍.
എല്ലാവര്‍ക്കും കവികളോ സാഹിത്യകാരനോ ആകാന്‍ പറ്റില്ല. അതുപോലെ തന്നെ ശശിതരൂരിനു രാഷ്‌ട്രീയക്കാരനോ ജനപ്രതിനിധിയോ ആകാന്‍ പറ്റില്ലെന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കാട്ടി തരുന്നു. ഐക്യരാഷ്‌ട്രസഭ മുന്‍ ഉദേ്യാഗസ്ഥന്‍, എഴുത്തുകാരന്‍ തുടങ്ങിയ ഒട്ടേറെ ഗുണഗണങ്ങളുടെ പേരില്‍ (കേട്ടുകേള്‍വിയുടെ കൂടി) തിരുവനന്തപുരത്തെ ജനങ്ങള്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തങ്ങളുടെ ശബ്‌ദം പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ അയച്ചതാണ് ശശിതരൂരിനെ. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് തിരുവനന്തപുരത്തിന്റെ ശബ്‌ദമല്ല. ശശിതരൂരിന്റെ സ്വന്തം ശബ്‌ദം മാത്രമാണ്. ശശി തരൂരിനെ ജനം വിജയിപ്പിച്ചത് ജനങ്ങളുടെ പ്രതിനിധിയായിട്ടാണ്. ജനങ്ങള്‍ക്കുവേണ്ടിയാവണം; നാടിനു വേണ്ടിയാവണം ശശി തരൂരിന്റെ പ്രവൃത്തികള്‍. ശശി തരൂര്‍ എന്ന വ്യക്തിക്ക് എന്തും പറയാം. മന്ത്രിപദമുള്ളതിനാല്‍ അതിന്റെ അന്തസ്സും കാത്തുസൂക്ഷിക്കുകതന്നെ വേണം.
ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്‌ക്ക് മത്സരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു രാജ്യത്തിന്റെയും മലയാളികളുടെയും മാനം കെടുത്തിയ പിന്‍മാറ്റം നടത്തിയത് ഓര്‍മ്മയില്‍ മായാതെ സൂക്ഷിക്കുന്നതു നന്നാവും. അല്ലെങ്കില്‍ കേരളീയരുടെ, പ്രതേ്യകിച്ച് തിരുവനന്തപുരംകാരുടെ, മാനം കെടുത്തുന്ന ഒരു പിന്‍മാറ്റംകൂടി വിദൂരമല്ലെന്നത് തര്‍ക്കമറ്റ കാര്യമാണ്.
പിന്‍കുറി: എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത തിരുവനന്തപുരത്തുകാര്‍ക്ക് കൊണ്ടു പഠിക്കാന്‍ ഒരവസരമാണ് ശശി തരൂര്‍.
--------------------------------------------------------------------------------------------------------
ശശി തരൂരും വന്ദേമാതരവും (6/11/2009)
വന്ദേമാതരത്തെ ദേശീയഗീതമായി ഭാരതസര്‍ക്കാരും ഇന്ത്യന്‍ ജനതയും അംഗീകരിച്ചിട്ടുണ്ട്. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന ആശയവുമായി സ്വാതന്ത്ര്യത്തിനായി പോരാടിയ ആയിരങ്ങള്‍ ഏറ്റുപാടിയിട്ടുള്ളതാണ് വന്ദേമാതരം. അന്ന് അത് ഏറ്റു പാടിയവര്‍ക്കിടയില്‍ ഹിന്ദുവെന്നോ മുസ്ലീമെന്നോ പാഴ്‌സിയെന്നോ ക്രിസ്‌ത്യാനിയെന്നോ വേര്‍തിരിവുണ്ടായിരുന്നില്ല. അതിനാരും ശ്രമിച്ചിട്ടുമില്ല.
ഇപ്പോഴിതാ ഭാരതമൊട്ടാകെ ജാതിമതവര്‍ഗ്ഗവര്‍ണ്ണ ചിന്തകളില്ലാതെ ഒരേ സ്വരത്തില്‍ ലക്ഷക്കണക്കിനു ദേശസ്‌നേഹികള്‍ നെഞ്ചോടുചേര്‍ത്ത വന്ദേമാതരത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ തള്ളിപറയുന്നു. ഇന്ത്യാസര്‍ക്കാരിന്റെ പ്രതിനിധി കേന്ദ്രവിദേശകാര്യസഹമന്ത്രിയായ ശശി തരൂരും വന്ദേമാതരത്തെ തരം താഴ്‌ത്തും വിധം പ്രസംഗിച്ചിരിക്കുകയാണ്. തിരുവനന്തപുരം സി.എസ്.ഐ. ചര്‍ച്ചിന്റെ 150-ാം വാര്‍ഷികാഘോഷസമാപനചടങ്ങിനോടനുബന്ധിച്ചായിരുന്നു ശശിതരൂരിന്റെ അഭിപ്രായ പ്രകടനം. വന്ദേമാതരംപോലുള്ള ദേശീയഗീതങ്ങള്‍ എല്ലാവരും പാടേണ്ടതില്ലെന്നാണ് ശശിതരൂര്‍ പറയുന്നത്. അഭിപ്രായത്തിലൂടെ മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ദേശസ്‌നേഹത്തെയും ശശി തരൂര്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഒരു ചര്‍ച്ചിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു ഇത്തരത്തിലൊരു വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയതിന്റെ യുക്തിപോലും സംശയാസ്‌പദമാണ്. ദേശീയഗാനത്തെ അവഹേളിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ടു കോടതി നടപടികള്‍ നേരിടുന്ന വ്യക്തികൂടിയാണ് ശശിതരൂര്‍.
ആരാണ് ഈ ശശിതരൂര്‍? ഇപ്പോഴത്തെ കേന്ദ്രവിദേശകാര്യമന്ത്രി പദവിക്കുമുമ്പ് ഐക്യരാഷ്‌ട്രസഭ എന്ന സംഘടനയുടെ അണ്ടര്‍ സെക്രട്ടറി പദവി വഹിച്ചിരുന്നയാള്‍. ആ കാലയളവില്‍ ഇന്ത്യാ മഹാരാജ്യത്തിനു എന്തു ചെയ്‌തുവെന്നു വ്യക്തമാക്കാന്‍ യാതൊന്നുമില്ലാതെ ഇന്ത്യയുടെ ജനപ്രതിനിധിയെന്ന നിലയില്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്‌ക്ക് മത്സരിക്കാന്‍ ഇറങ്ങിപുറപ്പെട്ടശേഷം നാണംകെട്ടു പിന്‍വാങ്ങേണ്ടിവന്ന വ്യക്തിത്വം. പിന്നീട് മന്ത്രിയായപ്പോള്‍ നിരവധി ദരിദ്രനാരായണന്മാരുള്ള ഇന്ത്യയില്‍ ദിനംപ്രതി നാല്‍പ്പതിനായിരം രൂപാ വിലയുള്ള മുറിയില്‍ മാസങ്ങളോളം തങ്ങിയതിന്റെ പേരില്‍ വിവാദനായകന്‍. ജനസേവനത്തിനു ഇറങ്ങിപുറപ്പെട്ടശേഷവും സ്വകാര്യത ഇല്ലെന്നു നിലവിളിച്ചയാള്‍. തെരഞ്ഞെടുപ്പുകാലത്ത് നാടുനീളെ വൃത്തികേടാക്കി പോസ്റ്ററുകള്‍ ഒട്ടിക്കുകയും ആവശ്യം കഴിഞ്ഞ് അവ കീറികളഞ്ഞു `മാതൃക' യാകുകയും ചെയ്‌ത വ്യക്തി. ഇങ്ങനെ പോകുന്നു സ്വന്തം കാര്യത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ശശിതരൂരിനെക്കുറിച്ചുള്ള കാര്യങ്ങള്‍.
പിന്നെ വന്ദേമാതരവും ശശിതരൂരും തമ്മില്‍ ഒരു ബന്ധമുണ്ട്. അതറിയണമെങ്കില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്തേയ്‌ക്ക് ഒന്നു മടങ്ങിപോകണം. തെരഞ്ഞെടുപ്പുകാലത്ത് ശശി തരൂരിനായി ഒരു തെരഞ്ഞെടുപ്പു പ്രചാരണഗാനം പുറത്തിറക്കിയിരുന്നു. അതിപ്രകാരമായിരുന്നു.
വന്ദേമാതരം പാടാം വന്ദേമാതരം
വന്ദേമാതരം പാടാം വന്ദേമാതരം
സ്വാതന്ത്ര്യത്തിന്‍ മായികഗീതം വന്ദേമാതരം
ദേശസ്‌നേഹമഹോന്നതതത്വം വന്ദേമാതരം
മൂവര്‍ണ്ണക്കൊടിയേന്തിടാം
നെഞ്ചുവിരിച്ചു നടന്നീടാം
ശശിതരൂരിനെ വിജയിപ്പിക്കാന്‍
കൈപ്പത്തിക്കു വോട്ടു ചെയ്‌തീടാം
വന്ദേമാതരം പാടാം വന്ദേമാതരം
വന്ദേമാതരം പാടാം വന്ദേമാതരം
ഗാനം തുടരുന്നു
രക്തദാഹികളും തീവ്രവാദികളും
ആട്ടിന്‍തോലുപുതച്ചുവരുന്നു
ജാഗ്രത..... ജാഗ്രത...........
വന്ദേമാതരം പാടാം വന്ദേമാതരം
---------------------------------------------------------------------------------------------------
