ദേശീയതയുടെ കാവലാള്‍
സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തിലെ മൂല്യച്യുതികളെ കണ്ടില്ലെന്നു നടിക്കാനാവില്ല. താനൊരുത്തന്‍ വിചാരിച്ചാല്‍ നാടുനന്നാകുമോ എന്നു ചിന്തിച്ച് നിസ്സംഗനാകാനും കഴിയില്ല. എബി ജെ. ജോസ് എന്ന 38 കാരന്റെ പൊതുപ്രവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ചിത്രമാണിത്. ദേശീയപതാകയുടെ ദുരുപയോഗമായാലും സിനിമ-കായിക താരങ്ങള്‍ക്ക് പത്മപുരസ്‌കാരങ്ങള്‍ നല്‍കുന്നതായാലും ജനങ്ങളാല്‍ പരാജയപ്പെട്ടവര്‍ രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തി മന്ത്രിയാക്കുന്നതായാലും സമൂഹമനഃസ്സാക്ഷിയെ തൊട്ടുണര്‍ത്താന്‍ കണ്ണും കാതും തുറന്നുവച്ചിരിക്കുകയാണ് എബി.
അധികാരികളും സാധാരണക്കാരും കണ്ടില്ലെന്നു നടക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ജനമനഃസാക്ഷിക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടി വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയുമാണ് എബി. ഈ സഞ്ചാരം 20 കൊല്ലമായി തുടരുന്നു. ആരും ഏറ്റെടുക്കാത്ത സാമൂഹികപ്രശ്‌നങ്ങളാണ് എബിക്ക് ഇഷ്‌ടം.
ദേശീയപതാകയോടും ദേശീയപ്രതീകങ്ങളോടും അനാദരവ് കാട്ടുന്നവര്‍ക്കെതിരെയും പോരാടുകയാണ് കോട്ടയം ജില്ലയിലെ പാലാ സ്വദേശി എബി ജെ. ജോസ്. വ്യക്തികളും സ്ഥാപനങ്ങളും ദേശീയപതാകയുടെ മഹത്വം മറന്ന് ഉപയോഗിക്കുമ്പോള്‍ അതിനെതിരെ നിരന്തരപോരാട്ടമാണ് ഇദ്ദേഹം നടത്തിവരുന്നത്.
ദേശീയപതാകയെ ദുരുപയോഗം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യുന്നത് ഈ ദേശസ്‌നേഹിക്ക് നോക്കി നില്‌ക്കാനാവില്ല. കഴിഞ്ഞ 15 വര്‍ഷമായി ദേശീയപതാകയുടെ അന്തസ്സ്, ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തിലും ബോധവത്‌കരണത്തിലുമാണിദ്ദേഹത്തിന്റെ ശ്രദ്ധ. ദേശീയപതാകയെ അവഹേളിക്കുന്നവരെ മൂന്നുവര്‍ഷം ശിക്ഷിക്കാനോ പിഴയൊടുക്കാനോ അല്ല എബിയുടെ പോരാട്ടം. ദേശീയപതാകയുടെ മഹത്വം മനസ്സിലാക്കി ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന സന്ദേശം ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് എബി പറയുന്നു. ഭരണഘടന പറയുന്ന അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ ഭരണഘടന നിര്‍ദ്ദേശിക്കുന്ന കടമകള്‍ നിറവേറ്റുന്നില്ലെന്നു എബി ചൂണ്ടിക്കാട്ടുന്നു. കടമ നിറവേറ്റാതെ അവകാശത്തെക്കുറിച്ചു പറയുന്നതിനു ധാര്‍മ്മിക അവകാശമില്ലെന്ന് എബി വ്യക്തമാക്കുന്നു.
നമ്മുടെ ദേശീയപതാക പലപ്പോഴും അപമാനിക്കപ്പെടുന്നതിനെക്കുറിച്ചു യാദൃച്ഛികമായാണ് എബി ജെ. ജോസ് ബോധവാനായത്. 1995-ല്‍ അന്നത്തെ മന്ത്രി എ.സി. ഷണ്‍മുഖദാസിനൊപ്പം ഒരു യാത്ര കഴിഞ്ഞ് കാറില്‍നിന്നിറങ്ങിയപ്പോള്‍ ഡ്രൈവര്‍ കാറിലെ പതാക അഴിച്ചുമാറ്റുന്നതുകണ്ടു. അതവിടെത്തന്നെയിരുന്നാല്‍ എന്താണു കുഴപ്പം? സൂര്യന്‍ ഉദിച്ചശേഷവും അസ്‌തമിക്കുന്നതിനു മുമ്പും മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ, ഉപയോഗിക്കാവൂ എന്നു നമ്മുടെ `ഫ്‌ളാഗ് കോഡ്' അനുശാസിക്കുന്നതായി ഷണ്‍മുഖദാസ് നല്‍കിയ വിശദീകരണം ത്രിവര്‍ണപതാകയുടെ ഉപയോഗം സംബന്ധിച്ചു കുട്ടിക്കാലത്തു സ്‌കൂളില്‍ പഠിച്ച പാഠത്തിലേക്ക് എബിയുടെ ഓര്‍മയെ കൊണ്ടുപോകുന്നതായിരുന്നു. അന്നുമുതല്‍ എബി ദേശീയപതാകയെക്കുറിച്ചു കൂടുതല്‍ പഠിക്കുകയും അതിനെ കൂടുതലായി ആദരിക്കുകയും ചെയ്യുന്നുവെന്നു മാത്രമല്ല, തെറ്റായോ അലക്ഷ്യമായോ ദേശീയപതാക ഉപയോഗിക്കുന്നവരെ ബോധവത്‌കരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവരുന്നു.
സ്വാതന്ത്ര്യദിനത്തിലും മറ്റും സര്‍വ്വോന്നതസ്ഥാനം ധര്‍മ്മചക്രാങ്കിതമായ ത്രിവര്‍ണ്ണപതാകയ്‌ക്കാണ് നല്‍കി വരുന്നത്. ഇത്തരം ദേശീയദിനങ്ങളില്‍ വലിയ നിയന്ത്രണമൊന്നുമില്ലാതെ തന്നെ ദേശീയപതാക ഉപയോഗിക്കാറുണ്ട്. അത് അനുവദനീയമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. അതിന്റെ ഫലമായിട്ടാണെന്നും കരുതപ്പെടുന്നു ദേശീയപതാക ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ വിസ്‌മരിക്കപ്പെടുകയാണെന്നു എബി ചൂണ്ടിക്കാട്ടുന്നു.
രാത്രി പാറിക്കളിക്കുന്ന ദേശീയപതാകകള്‍ എബി മുമ്പ് കണ്ടിട്ടുണ്ട്. ലയണ്‍സ് ക്ലബ്ബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ ചില സംഘടനകളുടെ രാത്രിയോഗങ്ങളില്‍ ദേശീയപതാകയെ ആ സംഘടനകളുടെ പതാകയ്‌ക്കൊപ്പം മേശപ്പുറത്ത് കുത്തിയിരിക്കുന്നതും കണ്ണില്‍ പതിഞ്ഞു. തലകീഴായി കെട്ടിയ പതാക, കീറിപ്പറിഞ്ഞ പതാക, പ്ലാസ്റ്റിക്കിലും മറ്റും അച്ചടിച്ച പതാക, മുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്‌ത ദേശീയപതാക.... അങ്ങനെയെത്രയെത്ര അപമാനങ്ങള്‍, വ്യക്തമായ തെളിവുകളും രേഖകളും നിരത്തി എബി ഹൈക്കോടതിക്കു കത്തയച്ചു. അന്നത്തെ ചീഫ് ജസ്റ്റീസ് എ.ആര്‍. ലക്ഷ്‌മണ്‍ പരാതിക്കത്ത് റിട്ട് ഹര്‍ജിയായി (O.P. No : 17745 & 17747 of 1999) പരിഗണിച്ചു. 1999-ല്‍ ജസ്റ്റീസ് കെ. എസ്. രാധാകൃഷ്‌ണന്റെ ബഞ്ച് പരാതിക്ക് അനുകൂല വിധി നല്‍കി. അക്കൊല്ലം സ്വാതന്ത്ര്യദിനത്തിനുമുമ്പ് - ഓഗസ്റ്റ് 11ന് - കോടതി ദേശീയപതാകയുടെ മഹത്ത്വം എല്ലാവരെയും ഓര്‍മിപ്പിച്ചു. അതോടൊപ്പം എബിയുടെ ദേശസ്‌നേഹത്തെ ഹൈക്കോടതി പ്രശംസിക്കുകയും ചെയ്‌തു.
`അന്ന്യന്‍' എന്ന തമിഴ്‌സിനിമയുടെ പോസ്റ്ററില്‍ ദേശീയപതാക വികലമായി അച്ചടിച്ചതിനെതിരേ എബി ശക്തമായി പ്രതികരിച്ചു. പുതിയ പോസ്റ്ററുകള്‍ ഇറക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഫോര്‍മുല വണ്‍ കാറോട്ടക്കാരനായ നാരായണ്‍ കാര്‍ത്തികേയന്‍ ഹെല്‍മെറ്റില്‍ ദേശീയപതാക വികൃതമാക്കി ഉപയോഗിച്ചതിനെതിരെ എബി പ്രതിഷേധമുയര്‍ത്തി. തുടര്‍ന്നു ഹെല്‍മെറ്റില്‍നിന്നും ദേശീയപതാക നീക്കം ചെയ്‌തു. ദേശീയപതാക ദുരുപയോഗം ചെയ്യുന്നതായി കണ്ട പലരെയും എബി തെറ്റു ചൂണ്ടിക്കാട്ടി. അതേത്തുടര്‍ന്നു മിക്കവരും അതില്‍നിന്നു പിന്തിരിഞ്ഞു.
എസിലോര്‍ എന്ന കണ്ണട ലെന്‍സ് കമ്പനിയുടെ ടെലിവിഷന്‍ പരസ്യത്തില്‍ ദേശീയപതാക ഉപയോഗിച്ചിരുന്നു. അത് എബിയുടെ പരാതിയെത്തുടര്‍ന്നു പിന്‍വലിച്ചു. സി.ഡി. കുത്തകഭീമന്‍ മോസര്‍ബെയര്‍ ദേശീയപതാക പശ്ചാത്തലമാക്കി `ദേശം' എന്ന സിനിമയുടെ സി.ഡി. പുറത്തിറക്കിയതും സ്‌പൈസ് മൊബൈല്‍ കമ്പനി ദേശീയപതാക പരസ്യത്തിനുപയോഗിച്ചതും തെറ്റാണെന്നു കാട്ടി എബി പരാതി ഉന്നയിച്ചപ്പോള്‍ ക്ഷമാപണം നടത്തി ദേശീയപതാക പരസ്യത്തില്‍നിന്നു മാറ്റി. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ദേശീയപതാക ഉപയോഗിച്ചതിനുമെതിരെ പരാതി നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയില്‍ സ്വകാര്യ കമ്പനിയുടെ പരസ്യത്തിനു തിളക്കം നല്‍കുകയും ഇന്ത്യ എന്ന പേരിനു തിളക്കമില്ലാതെ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തതിനെതിരേ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡിനും സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനും പരാതികൊടുത്തു.
തെറ്റായ രീതിയില്‍ ദേശീയപതാക ഉപയോഗിക്കുന്നതിനെതിരേ നൂറുകണക്കിനു പരാതികളാണ് എബിയുടെ നേതൃത്വത്തില്‍ നല്‍കിയിട്ടുള്ളത്. ടെന്നീസ്‌താരം സാനിയ മിര്‍സ, ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, സിനിമാതാരങ്ങളായ മന്ദിരബേദി, ശ്വേതാമേനോന്‍, മോഡല്‍ രാമിനി, മാതാ നിര്‍മ്മലാദേവി തുടങ്ങിയവര്‍ക്കെതിരേ ഇക്കാര്യത്തില്‍ എബി പരാതി ഉന്നയിച്ചു. പാസ്റ്റര്‍ കെ.വി. എബ്രാഹം ദേശീയഗാനത്തെ അവഹേളിച്ചതിനെതിരെയും പരാതി നല്‍കി. യു.എന്‍. ഉദ്യോഗസ്ഥനും കേന്ദ്രമന്ത്രിയുമായിരുന്ന ശശി തരൂരിന്റെ `മഹാഭാരതകഥ' എന്ന നോവലിന്റെ പുറംചട്ടയില്‍ ദേശീയപതാക വികലമായി ചിത്രീകരിച്ചതിനെതിരെ എബി പറഞ്ഞ പരാതി പ്രസാധകരായ ഡി.സി. ബുക്‌സ് അവഗണിച്ചു. തുടര്‍ന്നു എബി, ഡി.സി. ബുക്‌സിനെ കോടതികയറ്റി. ഇതെതുടര്‍ന്ന് അവര്‍ കവര്‍ മാറ്റി അച്ചടിച്ചു. പിന്നീട് ഡി.സി. ബുക്‌സ് അച്ചടിച്ച `നാം ചങ്ങല പൊട്ടിച്ച കഥ' എന്ന പുസ്‌തകത്തിലും ദേശീയപതാക വികൃതമായി ചിത്രീകരിച്ചു. എബി പരാതി പറഞ്ഞയുടന്‍ കവര്‍ പിന്‍വലിച്ച് പ്രസാധകര്‍ കേസില്‍നിന്നും ഒഴിവാകുകയായിരുന്നു.
മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, മുന്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെബ്‌സൈറ്റില്‍ ദേശീയപതാക ഉപയോഗിച്ചതിനെതിരെ എബി പരാതി ഉന്നയിച്ചപ്പോള്‍ അവര്‍ പിന്‍വലിക്കാന്‍ നിര്‍ബ്ബന്ധിതമായി. ദേശീയന്യൂനപക്ഷ കമ്മീഷന്‍, കേരളാ ലോകായുക്ത, ലിംക ബുക് ഓഫ് റിക്കാര്‍ഡ്‌സ്, സില്‍ക്ക്‌മാര്‍ക്ക് തുടങ്ങിയ നിരവധി സ്ഥാപനങ്ങളും രാജീവ് ചന്ദ്രശേഖര്‍ എം.പി., ബാബു എം. പാലിശ്ശേരി എം.എല്‍.എ. തുടങ്ങിയവരും തെറ്റായ രീതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ദേശീയപതാകകള്‍ എബിയുടെ പരാതിയെത്തുടര്‍ന്നു പിന്‍വലിച്ചു. ഒരു ചടങ്ങില്‍ ദേശീയപതാക ഉപയോഗിച്ചു മോട്ടോര്‍റാലി ഫ്‌ളാഗ് ഓഫ് ചെയ്‌തത് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നു മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ഖേദപ്രകടം നടത്തി. മന്ത്രി സി. ദിവാകരന്റെ ചിത്രം ദേശീയപതാകയില്‍ ദുരുപയോഗം ചെയ്‌തതു സംബന്ധിച്ചും പരാതി നല്‍കി. മദ്യരാജാവ് വിജയ്‌മല്യ എം.പി., നവീണ്‍ ജിന്‍സാല്‍ എം.പി., ദുബായിലെ എത്തിസലാതത് മൊബൈല്‍ കമ്പനി തുടങ്ങിയവരൊക്കെ നിയമവിരുദ്ധമായി ദേശീയപതാക ഉപയോഗിക്കുന്നതിനെതിരെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
മലയാള സിനിമാതാരങ്ങളുടെ സംഘടനയ്‌ക്കായി നടന്‍ ദിലീപ് നിര്‍മ്മിച്ച ട്വന്റി 20 എന്ന ചിത്രത്തില്‍ ഗാന്ധിജിയെയും സ്വാതന്ത്ര്യസമരചരിത്രത്തെയും അവഹേളിക്കുന്ന രംഗം ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ എബിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പ്രസ്‌തുത രംഗം സിനിമയില്‍നിന്നും നീക്കം ചെയ്‌തു. പിന്നീട് മോസര്‍ബെയര്‍ സിഡികള്‍ പുറത്തിറക്കിയപ്പോള്‍ തിയേറ്ററില്‍ ഒഴിവാക്കിയ ഭാഗം കൂട്ടിച്ചേര്‍ത്ത് പുറത്തിറക്കിയതിനെതിരെ എബി ശക്തമായി പ്രതികരിച്ചു. തുടര്‍ന്നു നടന്‍ ദിലീപും മോസര്‍ബെയറും ഖേദപ്രകടനം നടത്തി സിഡികള്‍ പിന്‍വലിച്ചു.
പിന്നീട് ട്വന്റി 20 സിനിമയുടെ തിരക്കഥ പുറത്തിറക്കിയപ്പോള്‍ ഗാന്ധിജിയെ അവഹേളിക്കുന്ന പരാമര്‍ശം ഉള്‍പ്പെടുത്തിയതിനെതിരെ പരാതി ഉന്നയിച്ചു. തുടര്‍ന്നു പ്രസാധകരായ കോഴിക്കോട് ഒലിവ് പബ്‌ളിക്കേഷന്‍സ് ഖേദം പ്രകടിപ്പിച്ചു. പുസ്‌തകം വിപണിയില്‍ നിന്നും പിന്‍വലിച്ചു. തിരക്കഥാകൃത്തുക്കളായ സിബി കെ.തോമസ്, ഉദയ്‌കൃഷ്‌ണ എന്നിവര്‍ക്കെതിരെ ഈ വിഷയത്തില്‍ നിയമനടപടിയും സ്വീകരിച്ചു. തുടര്‍ന്നു ഇവര്‍ ഖേദം പ്രകടിപ്പിച്ചു.
ഗാന്ധിജിയെ അവഹേളിക്കുന്ന ടി.വി. പരസ്യം നല്‌കിയ ഐഡിയ മൊബൈല്‍ കമ്പനിക്കെതിരെ പരാതി നല്‌കി. തുടര്‍ന്ന് ക്ഷമാപണം നടത്തി പരസ്യം പിന്‍വലിക്കാന്‍ അവര്‍ തയ്യാറായി. ദേശീയഗാനം വികലമാക്കി ആലപിച്ച നോക്കിയ കമ്പനിക്കെതിരെയും ദേശീയഗാനത്തെ അപമാനിച്ച ശശി തരൂരിനെതിരെയും പരാതികള്‍ നല്‌കി.
ദേശീയഗീതമായ വന്ദേമാതരത്തെ തരംതാഴ്‌ത്തുന്നരീതിയില്‍ സംസാരിച്ച കേന്ദ്രവിദേശകാര്യമന്ത്രിയായിരുന്ന ശശി തരൂര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് വന്ദേമാതരം ഉപയോഗിച്ചത് എബി ചൂണ്ടിക്കാട്ടിയത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
സിനിമയിലും സീരിയലുകളിലും ഏതെങ്കിലും രാഷ്‌ട്രീയപ്പാര്‍ട്ടിയെയോ പാര്‍ട്ടികളുടെ കൊടികളെയോ യഥാര്‍ത്ഥമായി ചിത്രീകരിക്കാറില്ല. എന്നാല്‍ അശോകചക്രവും ദേശീയപതാകയും യഥാര്‍ത്ഥമായിത്തന്നെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് എബി. ദേശീയപതാക ദുരുപയോഗിക്കുന്നത് തടയാനായി www.ebyjjose.com എന്ന പേരിലുള്ള വെബ്‌സൈറ്റില്‍ `മിഷന്‍ ഫ്‌ളാഗ്' എന്ന പ്രത്യേകവിഭാഗവും ആരംഭിച്ചിട്ടുണ്ട്.
ദേശീയപതാകയെപ്പറ്റി കുട്ടികളില്‍ അവബോധം വളര്‍ത്താന്‍ സ്‌കൂളുകളില്‍ പ്രചാരണമാരംഭിച്ചിരിക്കുകയാണ് എബി. `മിഷന്‍ ഫ്‌ളാഗ്' എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ അഞ്ചു വര്‍ഷം കൊണ്ട് പതിനായിരം സ്‌കൂളുകളില്‍ സന്ദേശമെത്തിക്കുക എന്നതാണു ലക്ഷ്യം. ദേശീയപതാകയുടെ മഹത്വം പ്രചരിപ്പിക്കുന്നതിനായി `റെസ്‌പെക്‌ട് നാഷണല്‍ ഫ്‌ളാഗ്' കാമ്പയിനും എബി തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ്. ദേശീയപതാകയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി ചില നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്‌ദിനം പോലെ ദേശീയപതാകദിനം ആചരിക്കുക, ദേശീയപതാകയുടെ മഹത്വം വിവരിക്കുന്ന പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പി.എസ്.സി. നടത്തുന്ന പൊതുപരീക്ഷകലില്‍ ദേശീയപതാക, ദേശീയഗാനം, ദേശീയചിഹ്നം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക, സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കുക, മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കുക, പാഠ്യപുസ്‌തകങ്ങളുടെ ആമുഖക്കുറിപ്പില്‍ ദേശീയപതാക, ദേശീയഗാനം ഇവയെക്കുറിച്ച് നിര്‍ബന്ധമായും ലഘുവിവരം നല്‍കുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.
തിരുവനന്തപുരത്തെ പത്മതീര്‍ത്ഥക്കുളത്തില്‍ ഒരാളെ മറ്റൊരാള്‍ മുക്കിക്കൊന്നപ്പോള്‍ നിയമപാലകര്‍ നിഷ്‌ക്രിയരായി നോക്കിനിന്ന സംഭവം കേരളം കണ്ടതാണ്. നിയമപാലകരുടെ നിസംഗതയ്‌ക്കെതിരേ എബി ഹൈക്കോടതിക്ക് പരാതി അയച്ചു. കത്ത് ഹര്‍ജിയായി സ്വീകരിച്ച് കോടതി ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. മരിച്ചയാളുടെ ബന്ധുവല്ലാത്ത ഒരാള്‍ കേസുമായി കോടതിയിലെത്തുകയും അനുകൂലവിധി വാങ്ങുകയും ചെയ്യുന്നത് അപൂര്‍വ സംഭവമായിരുന്നു.
പത്മശ്രീ പുരസ്‌ക്കാരം നേടിയ ചലച്ചിത്ര നടന്‍ മോഹന്‍ലാല്‍ മദ്യപരസ്യത്തിലഭിനയിച്ചതിനെതിരെ എബി ഉയര്‍ത്തിയ പ്രതിഷേധം അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റി. മദ്യഉത്‌പന്നങ്ങള്‍ക്ക് പരസ്യം പാടില്ലെന്ന 1950ലെ പ്രൊഹിബിഷന്‍ ആക്‌ട് നിയമം നിലനില്‍ക്കെ മോഹന്‍ലാലിന്റെ നടപടി യുവതലമുറയെ വഴിതെറ്റിക്കുമെന്നു ചൂണ്ടിക്കാട്ടി എബി നടത്തിയ പോരാട്ടത്തിനൊടുവില്‍ മദ്യകമ്പനിയുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. കെ.എസ്.ആര്‍.ടി.സി. ബസുകളിലും കേരളത്തിലുടനീളവും കമ്പനി സ്ഥാപിച്ച പരസ്യങ്ങളും സര്‍ക്കാര്‍ നീക്കം ചെയ്‌തു. ഇതു സംബന്ധിച്ചുള്ള പരാതി ഇപ്പോഴും നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിയുടെ പരിഗണനയിലാണ്. ഈ സംഭവം അന്തര്‍ദ്ദേശീയ മാധ്യമങ്ങളായ ബിബിസി, സി.എന്‍.എന്‍. തുടങ്ങിയവ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. സിനിമയില്‍ അഭിനയിച്ചുവെന്നതിന്റെ മാത്രം പേരില്‍ മോഹന്‍ലാലിനു ലഫ്‌റ്റനന്റ് കേണല്‍ പദവി നല്‍കിയത് അനുചിതമാണെന്നു ചൂണ്ടിക്കാട്ടി രാഷ്‌ട്രപതിക്കു പരാതി നല്‍കി. ഔദേ്യാഗിക വേഷത്തില്‍ മോഹന്‍ലാല്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ എബി നല്‍കിയ പരാതി രാഷ്‌ട്രപതി അന്വേഷണത്തിനായി കേന്ദ്രപ്രതിരോധമന്ത്രാലയത്തിനു അയച്ചുകൊടുത്തിരിക്കുകയാണ്.
രജനീകാന്ത് ചിത്രമായ `ശിവാജി'യുടെ പോസ്റ്ററുകളില്‍ ഒരു മദ്യഉത്‌പന്നത്തിന്റെ പരസ്യം ഉള്‍പ്പെടുത്തിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ഉടനേ കേരളത്തിലെ വിതരണക്കാരായ ജോണി സാഗരികയ്‌ക്ക് എബി പരാതി നല്‍കി. ഇതേത്തുടര്‍ന്നു മദ്യപരസ്യം ഒഴിവാക്കി ജോണി സാഗരിക പോസ്റ്ററുകള്‍ പുറത്തിറക്കി.
മയക്കുമരുന്ന് വിരുദ്ധസമരം, പാന്‍മസാല ഉപയോഗത്തിനെതിരെയുള്ള കാമ്പെയ്‌ന്‍, എയ്‌ഡ്‌സ് ബോധവല്‍ക്കരണം, റബര്‍ വിലയിടിവിനും ഒറ്റനമ്പര്‍ ലോട്ടറിക്കെതിരെയും സിനിമാ ടിക്കറ്റ് നിരക്ക് വര്‍ദ്ധനക്കെതിരെയും നാട്ടിലും ഡല്‍ഹിയിലും നടത്തിയ സമരങ്ങള്‍... എബി ചെറുപ്രായത്തില്‍ ചെയ്‌തുകൂട്ടിയതിനൊന്നും കണക്കില്ല.
പത്മപുരസ്‌കാരങ്ങള്‍ സിനിമാ-കായിക താരങ്ങള്‍ക്ക് കൊടുക്കുന്നതിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് എബി രംഗത്തിറങ്ങിയത് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. പത്മപുരസ്‌കാരങ്ങള്‍ സിനിമാ-കായിക താരങ്ങള്‍ക്കു കൊടുത്താല്‍ എന്താണു കുഴപ്പം? എബി പറയുന്നത് കേള്‍ക്കുക: രാജ്യത്തിനു മാതൃകാപരമായ സംഭാവനകള്‍ നല്‍കിയവരെ ആദരിക്കാനാണു പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സിനിമാക്കാരും ഇന്നുള്ള കായികതാരങ്ങളും ഈ ഗണത്തില്‍ വരുന്നതെങ്ങനെ? വാങ്ങുന്ന പ്രതിഫലം കൃത്യമായി പറയുന്നവരല്ല ഇവരില്‍ പലരും. കൃത്യമായി നികുതിയടയ്‌ക്കുന്ന എത്രപേര്‍ ഇവരിലുണ്ട്? പ്രതിഫലം പറ്റി അഭിനയിക്കുന്നവര്‍ എന്തു സംഭാവനയാണു സമൂഹത്തിനു നല്‍കുന്നത്? ചിലര്‍ അഭിനയിക്കുന്ന പരസ്യങ്ങള്‍ പലതും ജനങ്ങള്‍ക്കു ദോഷമുണ്ടാക്കുന്ന ഉത്‌പന്നങ്ങളുടേതാണ്. സാമ്പത്തിക നേട്ടമാണ് അഭിനയത്തിന്റെയും പരസ്യത്തിലെ പങ്കാളിത്തത്തിന്റെയും പിന്നിലുള്ള ലക്ഷ്യം. ഇവര്‍ക്കെന്തിന് പ്രത്യേക പദവിയും ആനുകൂല്യങ്ങളും ലഭിക്കുന്ന പത്മപുരസ്‌കാരം നല്‍കണം? അഭിനേതാക്കള്‍ക്ക് പ്രത്യേക ദേശീയ ബഹുമതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ജുന, ഖേല്‍രത്‌ന പോലുള്ള കായിക പുരസ്‌കാരങ്ങള്‍ ആ മേഖലയിലുള്ളവര്‍ക്കും നല്‍കുന്നു. അതിനാല്‍ പത്മപുരസ്‌കാരങ്ങള്‍ ഇക്കൂട്ടര്‍ക്ക് കൊടുക്കരുതെന്നാവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും മറ്റും നേരിട്ട് പരാതി നല്‍കിക്കഴിഞ്ഞു.
ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കാതെ രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തിയവര്‍ മന്ത്രിമാരായാലെന്തു സംഭവിക്കും? ജനാധിപത്യം മരിക്കുമെന്നാണ് എബിയുടെ ഉത്തരം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള ചില കേന്ദ്രമന്ത്രിമാര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ല എന്ന പ്രശ്‌നം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമം എബി തുടങ്ങുകയാണ്. മത്സരിച്ചു തോല്‍ക്കുന്നവര്‍ രാജ്യസഭ എന്ന പിന്‍വാതിലിലൂടെ പാര്‍ലമെന്റിലെത്തി കേന്ദ്രമന്ത്രിമാരാകുന്നത് ജനങ്ങളെ അവഹേളിക്കലാണെന്നും ജനാധിപത്യത്തെ കൊലയ്‌ക്കു കൊടുക്കലാണെന്നുമാണ് എബിയുടെ വാദം. ജനങ്ങള്‍ തോല്‌പിച്ച ശിവരാജ് പാട്ടീല്‍ കേന്ദ്രമന്ത്രിയായി ചീറിപ്പാഞ്ഞ് നടന്നപ്പോള്‍, ജയിച്ച് എം.പിയായ ആള്‍ ഈ മന്ത്രിയെ കാണാന്‍ ക്യൂ നില്‍ക്കേണ്ട സ്ഥിതി ദയനീയമാണെന്നാണ് എബി പറയുന്നത്. തോറ്റയാള്‍ക്കു മുന്നില്‍ ജയിച്ചയാള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയും വഴിമാറിക്കൊടുക്കേണ്ടി വരുകയും ചെയ്യുന്നത് വിചിത്രമാണ്. ഇന്ത്യയില്‍ ജനാധിപത്യം അല്ല ജനങ്ങളുടെമേല്‍ ആധിപത്യമാണ് രാഷ്‌ട്രീയനേതൃത്വം അടിച്ചേല്‍പ്പിച്ചിരിക്കുന്നത് - എബി വിശദീകരിക്കുന്നു.
തെരഞ്ഞെടുപ്പു കമ്മീഷന് എബി ഒട്ടേറെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് തെരഞ്ഞെടുപ്പുകാലത്ത് ശ്രദ്ധ പിടിച്ചുപറ്റി. തെരഞ്ഞെടുപ്പ് അങ്കത്തിനിടെ സ്ഥാനാര്‍ത്ഥികളും രാഷ്‌ട്രീയപാര്‍ട്ടികളും അറിഞ്ഞും അറിയാതെയും ചെയ്യുന്ന ചട്ടലംഘനങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തി തിരുത്തിയും ഗുണകരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് എബി ജെ. ജോസ് ശ്രദ്ധാകേന്ദ്രമായത്.
എം.എല്‍.എ. മാരായിരിക്കുന്നവര്‍ പാര്‍ലമെന്റ് തെരഞ്ഞെടപ്പില്‍ മത്സരിക്കുന്നതിനെതിരെയായിരുന്നു എബിയുടെ ഒരു പരാതി. നിയമസഭയിലേയ്‌ക്ക് അഞ്ചുവര്‍ഷത്തേയ്‌ക്ക് തെരഞ്ഞെടുത്ത് അയയ്‌ക്കപ്പെടുന്നവര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചാല്‍ സ്ഥാനം രാജിവയ്‌ക്കുമ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനുണ്ടാകുന്ന ചെലവുകള്‍ രാജി വയ്‌ക്കുന്ന ആളുടെ പക്കല്‍നിന്നോ അവരുടെ പാര്‍ട്ടിയില്‍നിന്നോ ഈടാക്കണമെന്ന നിര്‍ദ്ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെ സമര്‍പ്പിച്ചത്. അല്ലെങ്കില്‍ ജയിച്ച ആള്‍ സ്ഥാനം രാജിവച്ചാല്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥിയെ വിജയിച്ചതായി കണക്കാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. എം.പി. സ്ഥാനത്തേക്കു മത്സരിച്ചു തോറ്റാല്‍ എം.എല്‍.എ. സ്ഥാനത്ത് തുടരുന്നതില്‍ അയോഗ്യത കല്‍പ്പിക്കണമെന്നും സ്വമേധയാ രാജിവയ്‌ക്കുന്നതിനാല്‍ പ്രസ്‌തുത സ്ഥാനത്തേയ്‌ക്ക് മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും എബി ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ഷോകള്‍ നടത്തുമ്പോള്‍ രാഷ്‌ട്രീയപാര്‍ട്ടി പ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പങ്കെടുപ്പിക്കുന്നത് അക്രമത്തിനും ആളുകള്‍ തമ്മില്‍ വിദ്വേഷത്തിനും ഇടയാക്കുമെന്നതിനാല്‍ അവ നിരോധിക്കണമെന്നതായിരുന്നു മറ്റൊരു പരാതി.
മറ്റൊരു പരീക്ഷയ്‌ക്കും ഒന്നില്‍ക്കൂടുതല്‍ അപേക്ഷ സ്വീകരിക്കില്ലെന്നിരിക്കെ നിയമനിര്‍മ്മാണസഭയിലേയ്‌ക്ക് ഒന്നില്‍ കൂടുതല്‍ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കുന്നതിലെ അനൗചിത്യമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ ഒരു പരാതി. ബസുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവ പൊതുജന വാഹനങ്ങളായതിനാല്‍ അതില്‍ തെരഞ്ഞെടുപ്പ് പരസ്യം പതിപ്പിക്കുന്നത് അനുചിതമാണെന്നും എബി നല്‍കിയ പരാതികളൊന്നില്‍ പറയുന്നു.
സ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ അപരന്‍ എന്നാക്ഷേപിക്കുന്നതിനോട് എബി യോജിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചു പത്രിക നല്‍കുന്നവരുടെ പത്രികകളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഒരേ പേരുകള്‍ വരുന്നത് വോട്ടര്‍ന്മാരില്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ ഇടയുണ്ട്. ഇതിനു ഒരു പരിഹാരവും എബി നിര്‍ദ്ദേശിക്കുന്നു. തെരഞ്ഞെടുപ്പു യന്ത്രത്തില്‍ പേരിനും ചിഹ്നത്തിനുമൊപ്പം സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോകള്‍ കൂടി ചേര്‍ത്താല്‍ ആശയക്കുഴപ്പം ഒഴിവാക്കാനാവുമെന്ന് എബി ചൂണ്ടിക്കാട്ടുന്നു. പോളിംഗ്‌സ്റ്റേഷനു അമ്പതുമീറ്റര്‍ മുന്നിലായി എല്ലാ സ്ഥാനാര്‍ത്ഥികളുടെയും ഫോട്ടോയും പേരും തെരഞ്ഞെടുപ്പ് അടയാളങ്ങളും വോട്ടിംഗ് മെഷ്യനിലേതുപോലെ പ്രദര്‍ശിപ്പിച്ചാല്‍ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ ക്രമം മനസ്സിലാക്കാനും കൃത്യമായി വോട്ടു ചെയ്യാനും സാധിക്കുമെന്നും എബി ജെ. ജോസ് തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സ്വതന്ത്രനായി നാമനിര്‍ദ്ദേശം നല്‍കിയശേഷം മറ്റൊരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി തന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെതിരെയും നടപടി വേണമെന്നു എബി പറയുന്നു.
കറന്‍സിനോട്ടുകളില്‍ എഴുതുന്നതും നോട്ടുമാലകള്‍ ഇടുന്നതും അപരിഷ്‌കൃതമാണെന്നു ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിനു പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ പൊതുജനങ്ങളും ബാങ്കുകളും ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ തയ്യാറായത്.ബാങ്കുകളിലും മറ്റും ഇടപാടുകാരുടെ തിരിച്ചറിയല്‍ രേഖ വാങ്ങിക്കുന്നത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖ കണ്ട് അതിലെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അവയുടെ ഫോട്ടോകോപ്പികള്‍ വാങ്ങരുതെന്നും ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും സര്‍ക്കാരിനും പരാതി നല്‍കിക്കഴിഞ്ഞു. സര്‍ക്കാരിതര വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡ് ദുരുപയോഗം തടയണമെന്ന പരാതിയും നല്‍കിയിട്ടുണ്ട്. പോലീസുകാര്‍ യൂണിഫോമിലല്ലാതെ പോലീസ് വാഹനം ഓടിക്കുന്നതിനെതിരെ നടപടിയെടുക്കുക, സെക്യൂരിറ്റി ജീവനക്കാര്‍ പോലീസിന്റെയും മിലിട്ടറിയുടെയും യൂണിഫോം ഉപയോഗിക്കുന്നതു തടയുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ സര്‍ക്കാരുകള്‍ക്കു മുമ്പില്‍ എത്തിച്ചിട്ടുണ്ട്.
കേരളത്തിലെ മുഴുവന്‍ റോഡുകളുടെയും ദൂരം പുനര്‍നിര്‍ണ്ണയിച്ച പുതിയ മൈല്‍കുറ്റികളും ദിശാബോര്‍ഡുകളും സ്ഥാപിക്കണമെന്ന എബിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. കേരളത്തില്‍ ഒഴികെ മറ്റെല്ലാ സംസ്ഥാനത്തും നിലവിലുള്ള ദേശീയ ഹോംഗാര്‍ഡ്‌സ് സംവിധാനം കേരളത്തില്‍ ആരംഭിക്കണമെന്ന എബിയുടെ ആവശ്യം ഈയിടെ സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്നു മൂവായിരം ഹോം ഗാര്‍ഡിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രകൃതിക്ഷോഭം, ഭൂകമ്പം തുടങ്ങിയവ ഉണ്ടാകുമ്പോള്‍ സഹായകമാകുന്ന വിഭാഗമാണ് ഹോം ഗാര്‍ഡ്‌സ്. വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സഷന്‍ സംബന്ധിച്ചു എബി നല്‍കിയ നിവേദനവും സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. പത്താംക്ലാസ്സുവരെ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്പൂര്‍ണ്ണ സൗജന്യയാത്രയും അതിനു മുകളിലുള്ളവര്‍ക്ക് പകുതിചാര്‍ജ്ജ് ഈടാക്കണമെന്നുമുള്ളതാണ് എബിയുടെ നിവേദനം. മദ്യദുരന്തങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള നഷ്‌ടപരിഹരാം പൊതുഖജനാവില്‍നിന്നും നല്‍കരുതെന്നും ചുമതലയുള്ള ഉദ്യോഗസ്ഥരില്‍നിന്നും പ്രതികളില്‍നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ടു കേരളസര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്. റോഡപകടങ്ങളില്‍പ്പെടുന്നവരെ ഏതു സാഹചര്യത്തിലായാലും ആശുപത്രിയിലെത്തിക്കുന്നതിലും എബി വിമുഖത കാട്ടാറില്ല. ഇതിനോടകം പത്തിലധികം പേരെ ഇത്തരത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മൂവാറ്റുപുഴയില്‍ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചതിനെത്തുടര്‍ന്ന് പോലീസ് കഷ്‌ടപ്പെടുത്തിയതിനെതിരെ എബി നല്‍കിയ പരാതിയെത്തുടര്‍ന്നു ഉദ്യോഗസ്ഥനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചു. പാലായില്‍ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ചതിനു ജനകീയ പോലീസ് എബിയെ ആദരിച്ചു.
മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണനുമായി നല്ല അടുപ്പമാണ് എബിക്കുണ്ടായിരുന്നത്. നാരായണന്‍ അന്തരിച്ചപ്പോള്‍ `കെ.ആര്‍. നാരായണന്‍ ഭാരതത്തിന്റെ സൂര്യതേജസ്' എന്ന പുസ്‌തകത്തിലൂടെ അദ്ദേഹത്തിന് ഒരു അക്ഷരസ്‌മാരകം തീര്‍ത്തു. കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറികൂടിയാണ് എബിയിപ്പോള്‍. ഈ പുസ്‌തകത്തിന്റെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷ തയ്യാറാക്കാനുള്ള അവസാനഘട്ടത്തിലാണ് എബി. ഈ പുസ്‌തകത്തെ ആസ്‌പദമാക്കി `അതിജീവനത്തിന്റെ കാല്‍പ്പാടുകള്‍' എന്ന പേരില്‍ കെ.ആര്‍. നാരായണനെക്കുറിച്ചു ഡോക്കുമെന്ററിയുടെ പണികളും പുരോഗമിച്ചു വരികയാണ്.
ട്വന്റി 20 എന്ന ചിത്രത്തില്‍ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും അവഹേളിക്കുന്ന രംഗം ഉള്‍പ്പെടുത്തി സംഭവം ഈ ദേശസ്‌നേഹിയെ വല്ലാതെ ഉലച്ചു. ഈ സംഭവത്തെ തുടര്‍ന്നു ദേശീയ നേതാക്കളെക്കുറിച്ചു വരുംതലമുറകള്‍ക്ക് അറിവു പകരുക എന്ന ലക്ഷ്യത്തോടെ ആനിമേഷന്‍ ചിത്രങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ `മൈഡിയര്‍ ബാപ്പുജി' എന്ന പേരില്‍ ഗാന്ധിജിയുടെ ജീവചരിത്രത്തെ ആസ്‌പദമാക്കി ആനിമേഷന്‍ചിത്രം തയ്യാറാക്കിക്കഴിഞ്ഞു. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ നിര്‍മ്മാണച്ചുമതല പൂര്‍ണ്ണമായും ഫൗണ്ടേഷന്‍ ഭാരവാഹിയായ രതീഷ് പഴയവീട്ടില്‍ ഏറ്റെടുത്തതോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. സുബാഷ് ചന്ദ്രബോസ്, ഭഗത്സിംഗ് ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരെക്കുറിച്ചും ആനിമേഷന്‍ ചിത്രം പുറത്തിറക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
വിദ്യാഭ്യാസത്തിനുശേഷം പത്രപ്രവര്‍ത്തനരംഗത്തിറങ്ങിയ എബി സ്വന്തമായി കുറെയേറെ പ്രസിദ്ധീകരണങ്ങളും നടത്തി. ഇപ്പോള്‍ `ഗള്‍ഫ് ലൈഫ്' മാസികയുടെ എഡിറ്ററാണ്. പോരാട്ടങ്ങളില്‍ എബി ഒറ്റയ്‌ക്കല്ല. പല സംഘടനകള്‍ രൂപീകരിച്ചു. മറ്റു പല സംഘടനകളിലും ഭാഗഭാക്കായി. ദേശീയ ഐക്യവേദി, കാത്തലിക് യൂത്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍, ചെറിയാന്‍ ജെ. കാപ്പന്‍ ഫൗണ്ടേഷന്‍, ആന്റി-നാര്‍ക്കോട്ടിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ, ചെറുകിട കര്‍ഷക ഫെഡറേഷന്‍, ഹ്യൂമന്‍റൈറ്റ്‌സ് ഇന്റര്‍നാഷണല്‍.... ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്ന് `അമ്മ' എന്ന സംഘടനയുണ്ടാക്കിയപ്പോള്‍ പ്രേക്ഷകരുടെ ആവശ്യങ്ങള്‍ നേടാന്‍ `അമ്മായി' എന്ന സംഘടന എബി ഉണ്ടാക്കി. ഇപ്പോള്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ചെയര്‍മാനാണ്.
വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന പാലാ കവീക്കുന്ന് മൂലയില്‍ തോട്ടത്തില്‍ ബേബി ജോസഫിന്റെയും അമ്മിണിയുടെയും മൂത്തമകനാണ് എബി. ഭാര്യ സിന്ധു തദ്ദേശസ്വയംഭരണ വകുപ്പില്‍ ഉദ്യോസ്ഥ. മക്കള്‍: ലിയ മരിയ, ഡിയ ആന്‍, നിയ എലിസബത്ത് , കൊച്ചൗസേപ്പ് എന്നിവരാണ്.

