അഴീക്കോടിനു പിന്തുണ
സിനിമാപ്രവര്‍ത്തകര്‍ ആത്മവിമര്‍ശനത്തിനു തയ്യാറാകണം
കോട്ടയം : സുകുമാര്‍ അഴീക്കോടിന്റെ വിമര്‍ശനത്തെ സഹിഷ്‌ണുതയോടെ സമീപിക്കാത്തതാണ് സിനിമാപ്രവര്‍ത്തകരുടെ വീഴ്‌ചയെന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്ന മാധ്യമമെന്ന നിലയില്‍ സിനിമയെയും സിനിമാ പ്രവര്‍ത്തകരെയും വിമര്‍ശിക്കാന്‍ സാംസ്‌ക്കാരിക നായകനായ സുകുമാര്‍ അഴീക്കോടിനു അവകാശമുണ്ട്. പൊതു ഖജനാവില്‍നിന്നും ഒട്ടേറെ ആനുകൂല്യങ്ങള്‍ കലയുടെ പേരില്‍ സിനിമയും സിനിമാ പ്രവര്‍ത്തകരും നേടുന്നുണ്ട്. സിനിമാ പ്രവര്‍ത്തകരുടെ ധാര്‍മ്മിക ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള അനിവാര്യമായ പ്രതികരണമാണ് സുകുമാര്‍ അഴീക്കോട് നടത്തിയിരിക്കുന്നത്. സുകുമാര്‍ അഴീക്കോടിന്റെ വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് ആത്മവിമര്‍ശനം നടത്താന്‍ സിനിമാ പ്രവര്‍ത്തകര്‍ തയ്യാറാകണം.
പത്മശ്രീപോലുള്ള ദേശീയ ബഹുമതികള്‍ നേടിയ താരങ്ങള്‍ വരും തലമുറകള്‍ക്ക് മാതൃകകളാകേണ്ട സാമൂഹ്യ ഉത്തരവാദിത്വമുണ്ട്. ഇവ മറന്നുകൊണ്ട് മദ്യപരസ്യത്തിലഭിനയിച്ച മോഹന്‍ലാലിന്റെ നടപടിയെ വിമര്‍ശിക്കാന്‍ ഒരു സംഘടനയെന്ന നിലയില്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയ്‌ക്കു സാധിച്ചില്ല. പരിചയമില്ലാത്തവര്‍പോലും ലാലേട്ടന്‍ എന്നു വിളിക്കുന്ന മോഹന്‍ലാല്‍ തന്റെ താരമൂല്യത്തെ വിപണനം ചെയ്‌തു ദുര്‍മാതൃക കാട്ടിയപ്പോഴും വിമര്‍ശിക്കാനും തിരുത്താനും താരസംഘടനയ്‌ക്കോ ആരാധകവൃന്ദത്തിനോ സാധിച്ചില്ല. മദ്യപരസ്യം പാടില്ലെന്ന പ്രൊഹിബിഷന്‍ ആക്‌ട് ലംഘിച്ച നടപടിയാണ് ലാല്‍ മദ്യപരസ്യത്തില്‍ അഭിനയിച്ചതിലൂടെ ചെയ്‌തത്.
സിനിമാ സംഘടനയിലെ പോരുമൂത്തപ്പോള്‍ തിലകന്‍ വേദനിപ്പിക്കുന്ന സംഭാഷണം നടത്തിയെന്നു വിലപിക്കുന്ന താരങ്ങള്‍ താരസംഘടന നിര്‍മ്മിച്ച ട്വന്റി 20 എന്ന ചിത്രത്തില്‍ ഗാന്ധിജിയെയും സ്വാതന്ത്ര്യസമര ചരിത്രത്തെയും അവഹേളിച്ചതില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കണം. ഗാന്ധിജി തെണ്ടി നടന്നു സ്വാതന്ത്ര്യം നേടിയെന്നു ആക്ഷേപിച്ച സിനിമക്കെതിരെ നടപടി ആവശ്യപ്പെട്ടു സിനിമാ പ്രവര്‍ത്തകരുടെ സംഘടനയുടെ പരാതി നല്‍കിയിട്ടു മറുപടി പറയാന്‍പോലും തയ്യാറായിട്ടില്ല. കലയുടെ പേരില്‍ എന്തും ചെയ്യാമെന്ന തെറ്റായ ധാരണ സിനിമാ പ്രവര്‍ത്തകര്‍ തിരുത്തണം.
സമൂഹത്തോടുള്ള കലാകാരന്റെ ബാധ്യത നിറവേറ്റാന്‍ സിനിമാപ്രവര്‍ത്തകര്‍ തയ്യാറാകണം. അന്ധമായ താരാരാധനയുടെ പേരില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ഫാന്‍സ് അസോസിയേഷനുകള്‍ രംഗത്തിറങ്ങിയതിനെ ഫൗണ്ടേഷന്‍ അപലപിച്ചു. താരങ്ങളുടെ തെറ്റുകള്‍ തിരുത്താന്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ താരാരാധനക്കൂട്ടങ്ങള്‍ തയ്യാറാകണം.
സുകുമാര്‍ അഴീക്കോടിന്റെ നിലപാടുകള്‍ക്ക് ഫൗണ്ടേഷന്‍ പിന്തുണ പ്രഖ്യാപിച്ചു. സുകുമാര്‍ അഴീക്കോടിനെ അനാവശ്യമായി വിമര്‍ശിച്ച ഇന്നസെന്റ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ മാപ്പു പറയണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. സി.വി. ജോണ്‍, സാംജി പഴേപറമ്പില്‍, ബിനു പെരുമന, അരുണ്‍ കീച്ചേരില്‍, സോണി ഫിലിപ്പ്, വിദ്യാധരന്‍ വി.റ്റി. എന്നിവര്‍ പ്രസംഗിച്ചു.
26-02-10
അരുന്ധതി റോയിയുടെ പൗരത്വം റദ്ദാക്കണം
ഇന്ത്യാവിരുദ്ധ പ്രസ്‌താവന നടത്തിയ അരുന്ധതി റോയിയുടെ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ നടത്തിയ പ്രതിഷേധം ചെയര്‍മാന്‍ എബി ജെ. ജോസ് ഉദ്‌ഘാടനം ചെയ്യുന്നു. ബിനു പെരുമന, രാജേഷ് കാപ്പിപ്പറമ്പില്‍, ഷൈജു ജോസഫ് എന്നിവര്‍ സമീപം
കോട്ടയം: കാശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമല്ലെന്ന പ്രസ്‌താവനയിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച അരുന്ധതിറോയിയുടെ നടപടിയില്‍ പ്രതിഷേധിച്ചു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അരുന്ധതി റോയിയുടെ ഫോട്ടോ അഗ്നിയ്‌ക്കിരയാക്കി. പ്രതിഷേധം മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഉദ്‌ഘാടനം ചെയ്‌തു. അരുന്ധതി റോയിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നിയമനടപടികള്‍ സ്വീകരിക്കാത്തത് വിഘടനവാദികള്‍ക്കും രാജ്യദ്രോഹികള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനു തുല്യമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന ധിക്കാരമാണ് ഇതിനു പിന്നില്‍. അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഈ പ്രസ്‌താവന. ഈ വിഷയത്തില്‍ നിരുപാധികം മാപ്പു പറയാന്‍ അരുന്ധതി തയ്യാറാവണം. അല്ലാത്തപക്ഷം അവരുടെ പേരില്‍ പുറത്തിറങ്ങുന്ന പുസ്‌തകങ്ങള്‍ ഇന്ത്യയില്‍ വില്‌പന നടത്താന്‍ അനുവദിക്കുകയില്ലെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി.
ബിനു പെരുമന, സാംജി പഴേപറമ്പില്‍, രാജേഷ് കാപ്പിപ്പറമ്പില്‍, ഷൈജു ജോസഫ്, ബിജോയി ജോര്‍ജ്ജ്, വിദ്യാധരന്‍ വി.ടി., ശ്രീജിത്ത് ഇടമന തുടങ്ങിയവര്‍ പ്രസംഗിച്ചു.
--------------------------------------------------------------------------------

