ആതിര കൃഷ്‌ണ സന്മനസ്സുകളുടെ കാരുണ്യം തേടുന്നു
സന്മനസ്സുള്ളവരുടെ കാരുണ്യം തേടുകയാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തിടനാട് കാക്കനാട്ടൊഴുകയില്‍ ആതിര കൃഷ്‌ണ. കിഡ്‌നി മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ ആതിരയ്‌ക്ക് പ്രതിമാസം കുറഞ്ഞത് പതിനായിരം രൂപ മരുന്നുകള്‍ക്കും പരിശോധനയ്‌ക്കും വേണ്ടി ആവശ്യമായി വരുന്നുണ്ട്.
ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന ആതിരയ്‌ക്ക് 12 വയസുള്ളപ്പോഴാണ് കിഡ്‌നി രോഗം പിടിപെട്ടത് അറിയുന്നത്. തുടര്‍ന്നു ചികിത്സ ആരംഭിച്ചെങ്കിലും 2008 ജൂണ്‍ മാസത്തോടെ ആതിരയുടെ രണ്ടു കിഡ്‌നികളും തകരാറായി. പിന്നീട് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ഡോ. ജോര്‍ജ് കെ. നൈനാന്റെ കീഴില്‍ എട്ടുമാസം ഡയാലിസിസ് ചെയ്‌തു. ആഴ്‌ചയില്‍ രണ്ടു ദിവസമെന്ന കണക്കില്‍ ഡയാലിസിസ് നടത്തി. ഇതിനിടയില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ മാതാവ് സുമയുടെ കിഡ്‌നി ആതിരയ്‌ക്ക് യോജിക്കുമെന്ന് ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. കൂലിപ്പണിക്കാരായ പിതാവ് കാഷ്‌മീരും മാതാവ് സുമയും ഏറെ കഷ്‌ടപ്പെട്ടു. ഒട്ടേറേ പേര്‍ സഹായിച്ചു. ഇതേത്തുടര്‍ന്നു 2009 ജനുവരി 23-ാം തീയതി വിജയകരമായി സ്വന്തം അമ്മയുടെ കിഡ്‌നി ആതിരയ്‌ക്കു നല്‍കി. അപ്പോഴേയ്‌ക്കും പത്തുലക്ഷത്തില്‍പരം രൂപാ ചിലവായി. മാതാപിതാക്കളാകട്ടെ ജോലിക്കുപോലും പോകാതെ മകളെ ശുശ്രൂഷിച്ചു. ഇതേത്തുടര്‍ന്നു ആതിര പൂര്‍ണ്ണ ആരോഗ്യവതിയായി സ്‌കൂളില്‍ പോകാന്‍ തുടങ്ങി. പഠനത്തില്‍ മിടുക്കിയായ ആതിരയുടെ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് രണ്ടുവര്‍ഷം ആകുന്നു. ദിനംപ്രതി കുറഞ്ഞത് മുന്നൂറു രൂപയുടെ മരുന്ന് ആതിരയ്‌ക്ക് ആവശ്യമുണ്ട്. മാസംതോറുമുള്ള പരിശോധനയ്‌ക്ക് 5000 രൂപയും വേണം.
പരമാവധി കടം വാങ്ങിയും സ്വര്‍ണ്ണവും മറ്റും വിറ്റുമാണ് ഇത്രയും കാലം ചികിത്സ നടത്തിയത്. മാതാവ് നല്‍കിയ കിഡ്‌നി `റിജക്‌ട്' ചെയ്യാതിരിക്കാന്‍ ആതിരയ്‌ക്ക് ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കണമെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്.
മകളുടെ ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി കഷ്‌ടപ്പെടുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒരു സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സഹായങ്ങള്‍ എത്തിക്കാന്‍ പാലായിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ആതിരകൃഷ്‌ണയുടെ പേരില്‍ ഒരു അക്കൗണ്ട് തുറന്നു. താത്‌പര്യമുള്ളവര്‍ ഈ അക്കൗണ്ടിലേക്ക് `ആതിര കൃഷ്‌ണ' എന്ന പേരില്‍ ക്രോസ് ചെയ്‌ത ചെക്കുകളോ നല്‍കണമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അറിയിച്ചു.
അക്കൗണ്ട് നമ്പര്‍ : 0062053000064333
IFC Code SIBL 0006062.
മണി ഓര്‍ഡറുകളും മറ്റും ആതിര കൃഷ്‌ണ, C/o മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, പുതുമന ആര്‍ക്കേഡ്, കൊട്ടാരമറ്റം, പാലാ, കോട്ടയം - 686 575, കേരള' എന്ന വിലാസത്തില്‍ അയയ്‌ക്കണം.

