രജിസ്റ്റര്‍ തപാല്‍ കിട്ടിയത് 103-ാം ദിവസം
വീണ്ടെടുക്കാന്‍ പതിനായിരങ്ങള്‍ ചെലവ്, നഷ്‌ടമായത് വിസ
തപാല്‍ വിതരണത്തിലെ കാലതാമസത്തിനു വകുപ്പിലെ ജീവനക്കാരുടെ ക്ഷാമവും വിലാസം കൃത്യമായി രേഖപ്പെടുത്താത്തതും മാത്രമാണ് കാരണമെന്ന നിലയിലുള്ള കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്‌മാസ്റ്റര്‍ ജനറല്‍ ഡോ. ഉദയ് ബാലകൃഷ്‌ണന്റെ അറിയിപ്പ് അപൂര്‍ണ്ണമാണ്. ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥ മറച്ചുവച്ച് ജനങ്ങളുടെമേലും സര്‍ക്കാരിലും പഴിചാരി ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറുന്ന നടപടി മാത്രമാണിത്. പിന്‍കോഡ് കൃത്യമായി എഴുതി രജിസ്റ്റര്‍ ചെയ്‌തു അയച്ച തപാല്‍ മൂന്നു ദിവസമല്ല നൂറ്റിമൂന്നാം ദിവസമാണ് വിലാസക്കാരനു കിട്ടിയത്. ന്യൂഡല്‍ഹിയില്‍നിന്നാണ് അയച്ചതെങ്കിലും കേരളത്തിലെ തപാല്‍വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നേരിട്ട പീഡനം വളരെയേറെയാണ്. നഷ്‌ടപ്പെട്ടത് വിദേശത്തു ലഭിച്ച തൊഴില്‍, പതിനായിരക്കണക്കിനു രൂപാ, (വീണ്ടെടുക്കാന്‍ നടന്ന ചെലവ് ഇനത്തില്‍) പിന്നെ മനഃസമാധാനവും.
ന്യൂഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന പാലാ ഏഴാച്ചേരി പള്ളത്തുവീട്ടില്‍ മിനു മാത്യു എസ്.എസ്.എല്‍.സി. ബുക്ക്, നഴ്‌സിംഗ് ഒറിജിനല്‍ സര്‍ട്ടിഫിക്കേറ്റുകള്‍ മുതലായവ നോര്‍ക്കയില്‍ അറ്റസ്റ്റു ചെയ്യാന്‍ നാട്ടിലേയ്‌ക്ക് അയച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറാം തീയതി ന്യൂഡല്‍ഹിയിലെ രാജേന്ദ്രനഗര്‍ പോസ്റ്റ് ഓഫീസില്‍നിന്നും RL No. 4116 ആയി രജിസ്റ്റര്‍ ചെയ്‌ത് അയച്ച തപാല്‍ രണ്ടാഴ്‌ച കഴിഞ്ഞും കിട്ടാതെ വന്നതിനെത്തുടര്‍ന്ന് മീനുവിന്റെ പിതാവ് മാത്യു സ്വദേശമായ ഏഴാച്ചേരി തപാല്‍ ഓഫീസില്‍ അന്വേഷിച്ചു. അപ്പോള്‍ കോട്ടയത്ത് അന്വേഷിക്കാന്‍ പറഞ്ഞു. കോട്ടയത്തുനിന്നും അറിയിച്ചപ്രകാരം കൊച്ചിയിലെ P.M.G. ഓഫീസില്‍ അന്വേഷിക്കുകയും പരാതി നല്‍കുകയും ചെയ്‌തുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നു പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു. ഉടന്‍തന്നെ ഫൗണ്ടേഷന്‍ ഡല്‍ഹിയില്‍ തപാല്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എ. രാജയ്‌ക്കു പരാതി നല്‍കി. ഡല്‍ഹിയിലെ കോണ്‍ഗ്രസ് (ഐ) നേതാവ് ആല്‍ബിന്‍ ജോസഫിന്റെ സഹകരണത്തോടെ അവിടെ നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് ഏഴിനു തന്നെ മിനുവിന്റെ രജിസ്റ്റര്‍ തപാല്‍ കൊച്ചിക്ക് അയച്ചുവെന്നും കണ്ടെത്തി. 75-ല്‍ പരം കത്തുകളടങ്ങിയ ബാഗ് കൊച്ചിയില്‍നിന്നാണ് നഷ്‌ടപ്പെട്ടതെന്നും തപാല്‍വകുപ്പിന്റെ രേഖകളില്‍നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. കൊച്ചിയിലെ P.M.G. ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതല്ലാതെ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. തുടര്‍ന്നു വീണ്ടും പരാതി പറയാന്‍ ചെന്ന മാത്യുവിനെ മുന്‍കൂട്ടി അനുവാദം വാങ്ങിച്ചില്ലെന്ന കാരണം പറഞ്ഞു കൊച്ചിയിലെ P.M.G. മടക്കി അയച്ചു. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കേറ്റിനു അപേക്ഷ നല്‍കാനുള്ള ഉപദേശവും P.M.G. ഓഫീസിലെ ജീവനക്കാര്‍ അന്നു നല്‍കി.
തുടര്‍ന്നു കേരള ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 17-ന്, നൂറ്റിമൂന്നാം ദിവസം തപാല്‍ വിലാസക്കാരനു എത്തിച്ചു നല്‍കുകയാണ് ഉണ്ടായത്. ഇതിനെ ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തേണ്ട കാര്യമില്ല. കാരണം രജിസ്റ്റര്‍ ചെയ്‌ത് അയച്ച കത്തിനാണ് ഈ അവസ്ഥ. ഈ തപാലിനൊപ്പം അയച്ച 75-ല്‍പരം കത്തുകളുടെ അവസ്ഥ മിനുവിന്റെ പരാതി ഇല്ലെങ്കില്‍ എന്താകുമായിരുന്നു.
പരാതി നല്‍കിയിട്ടു നല്ല വാക്കുപോലും പറയാന്‍ തയ്യാറാകാതിരിക്കുകയും മുന്‍കൂട്ടി അനുവാദം വാങ്ങിച്ചില്ലെന്നതിന്റെ പേരില്‍ പരാതിക്കാരനെ കാണാന്‍പോലും കൂട്ടാക്കാതിരിക്കുകയും ചെയ്‌തത് ജീവനക്കാരുടെ ക്ഷാമവും പിന്‍കോഡ് ഇല്ലാത്തതുകൊണ്ടാണെന്നും പറയാനൊക്കുമോ?
പരാതി പറയാന്‍ നേരായവിധം ഒരു സംവിധാനം ചീഫ് P.M.G. ഉണ്ടാക്കുക. അപ്പോള്‍ അറിയാം യഥാര്‍ത്ഥ വസ്‌തുത.
എബി ജെ. ജോസ്
19-12-2008
