Blog Archive

New Letters

ബസ്‌ യാത്ര: നിന്നു യാത്ര ചെയ്യുന്നവര്‍ക്ക്‌
ചാര്‍ജ്ജ്‌ കുറയ്‌ക്കണം

സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന പൊതുവാഹനമാണ്‌ ബസുകള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലും ഉള്ള ബസുകളാണ്‌ ഇവ. ഡീസലിനുണ്ടാകുന്ന വില വര്‍ദ്ധനവിനും സര്‍ക്കാര്‍ നികുതിവര്‍ദ്ധനവിനും ആനുപാതികമായി കാലാകാലങ്ങളായി ബസ്‌ ചാര്‍ജില്‍ വര്‍ദ്ധനവ്‌ ഉണ്ടാകാറുണ്ട്‌. മിനിമം ചാര്‍ജ്‌ പത്തു പൈസയില്‍ നിന്നും ഉയര്‍ന്നു ഇപ്പോള്‍ നാലുരൂപയില്‍ എത്തി നില്‍ക്കുകയാണ്‌.

ഒരു ഡോറുള്ള ബസിനു 50 ഉം രണ്ടു ഡോറുള്ള ബസിനു 48 ഉം സീറ്റിംഗ്‌ കപ്പാസിറ്റിയാണ്‌ അനുവദിച്ചിരിക്കുന്നത്‌. ഈ സീറ്റിംഗ്‌ കപ്പാസിറ്റിയുടെ ഇരുപതു ശതമാനം വരെ കൂടുതല്‍ ആളുകളെക്കൂടി ബസില്‍ കയറ്റാന്‍ മാത്രമേ അനുവാദമുള്ളൂ. അതായത്‌ പരമാവധി അറുപത്‌. ഇതിനു അനുസരിച്ചുള്ള നികുതി മാത്രമാണ്‌ സര്‍ക്കാര്‍ ഈടാക്കുന്നത്‌.

എന്നാലിന്ന്‌ ചുരുക്കം ചില ട്രിപ്പുകളിലൊഴിച്ച്‌ ആളുകളെ കുത്തിനിറച്ചാണ്‌ ബസുകളില്‍ കൊണ്ടുപോകുന്നത്‌. ആളുകളുടെ എണ്ണത്തിനനുസരിച്ചുള്ള യാത്രാ സൗകര്യം ഇല്ലാത്തതിനാലാണ്‌ ഇതെന്നു കരുതാം.


ഇരുന്ന്‌ യാത്ര ചെയ്യുന്നതിനേക്കാള്‍ ദുഷ്‌ക്കരമാണ്‌ നിന്നുള്ള ബസ്‌ യാത്ര. എന്നാല്‍ ഇരുന്നു യാത്ര ചെയ്യുന്നവര്‍ക്കും നിന്നു യാത്ര ചെയ്യുന്നവര്‍ക്കും ഉള്ള ബസ്‌ചാര്‍ജ്‌ ഒരേ തുകയാണ്‌.

വിലക്കയറ്റവും ചാര്‍ജ്ജ്‌ വര്‍ദ്ധനവും മൂലം ജനം എപ്പോഴും കഷ്‌ടപ്പെടുകയാണ്‌. ഏതു തരത്തിലുള്ള വര്‍ദ്ധനവിന്റെയും ഭാരം ജനത്തിന്റെ ചുമലിലാണ്‌. ഈ സാഹചര്യത്തില്‍ ഇനി ഏതെങ്കിലും സമയത്ത്‌ ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധനവ്‌ പരിഗണിക്കുമ്പോള്‍ ബസ്സില്‍നിന്നു യാത്ര ചെയ്യുന്നവര്‍ക്കു ഇരുന്ന്‌ യാത്ര ചെയ്യുന്നവരെക്കാള്‍ കുറഞ്ഞ തുകയേ ഈടാക്കാവൂ. സീറ്റിംഗ്‌ കപ്പാസിറ്റിയില്‍ കൂടുതല്‍ ഉള്ള യാത്രക്കാര്‍ക്കുള്ള നികുതി ഇതിന്‌ ആനുപാതികമായി ബസുടമകള്‍ക്ക്‌ ഇളവും ചെയ്‌തുകൊടുക്കുകയും വേണം. സീറ്റിംഗ്‌ കപ്പാസിറ്റി കഴിഞ്ഞാല്‍ മാത്രമേ നിന്നു യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റു നല്‍കാവൂ. നിന്നുയാത്ര ചെയ്യുന്നയാള്‍ ഒഴിവുവരുന്ന സീറ്റില്‍ ഇരിക്കണമെങ്കില്‍ അഡീഷണല്‍ ചാര്‍ജുകൂടി ഈടാക്കുകയും വേണം.
----------------------------------------------------



നിയമമറിയാത്ത നിയമപാലകര്‍

നമ്മുടെ നാട്ടില്‍ റോഡപകടങ്ങള്‍ കൂടി വരികയാണ്‌. വാഹനങ്ങളുടെ ബാഹുല്യവും റോഡുകളുടെ അപര്യാപ്‌തതയും തകര്‍ന്ന റോഡുകളും അപകടങ്ങള്‍ക്ക്‌ പ്രധാനകാരണം തന്നെയാണ്‌. അശ്രദ്ധമായ ഡ്രൈവിംഗും നിയമങ്ങള്‍ പാലിക്കുന്നതിലെ വിമുഖതയും മറ്റു പ്രധാനകാരണങ്ങളായി ചൂണ്ടിക്കാണിക്കാം. ഗതാഗത നിയമങ്ങളെക്കുറിച്ച്‌ കേരളത്തിലെ ഭൂരിഭാഗം ട്രാഫിക്‌ പോലീസുകാര്‍ക്കും അറിയില്ലെന്നതാണ്‌ വാസ്‌തവം. കോട്ടയം ജില്ലയിലെ പാലായില്‍ നടന്ന ഒരു സംഭവം ഇതിനുദാഹരണമാണ്‌. പാലാ താലൂക്ക്‌ ആശുപത്രിക്കുസമീപം അധികൃതര്‍ ഒരു സിഗ്നല്‍ ലൈറ്റ്‌ സ്ഥാപിച്ചിരുന്നു. ബൈക്കില്‍ ഇതുവഴി വരുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു എ.എസ്‌.ഐ. കൈകൊണ്ട്‌ വണ്ടി നിറുത്താന്‍ ആംഗ്യം കാണിച്ചു. സിഗ്നല്‍ നോക്കിയപ്പോള്‍ പച്ച ലൈറ്റു തന്നെ. സിസ്റ്റം കേടായതാണെന്നു വിചാരിച്ചു നില്‍ക്കുമ്പോള്‍ ഈ എ.എസ്‌.ഐ. ആളുകളോട്‌ റോഡ്‌ മുറിച്ചു കടക്കാന്‍ നിര്‍ദ്ദേശിക്കുന്നതു കണ്ടു. ആളുകള്‍ റോഡിനു നടക്കു ആയപ്പോള്‍ സിഗ്നല്‍ ലൈറ്റില്‍ ചുവപ്പ്‌ ലൈറ്റു തെളിഞ്ഞു. ആളുകള്‍ കടന്നുപോയിക്കഴിഞ്ഞിട്ടും ചുവപ്പ്‌ ലൈറ്റു തുടരുമ്പോള്‍ നിറുത്തി ഇട്ടിരുന്ന വാഹനങ്ങളോട്‌ യാത്രതുടരാനാണ്‌ ഈ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചത്‌. തെറ്റായ സിഗ്നല്‍ നല്‌കിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഈ എ.എസ്‌.ഐ.യാകട്ടെ മോശമായ പെരുമാറുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്‌.പി.യോട്‌ പരാതി നല്‍കിയപ്പോള്‍ ഈ ഉദ്യോഗസ്ഥനെ താക്കീതു ചെയ്‌തു. പ്രസ്‌തുത ലൈറ്റ്‌ അവിടെ നിന്നും മാറ്റി സ്ഥാപിച്ചുെവങ്കിലും തെറ്റായ സിഗ്നലിലൂടെ പോലീസ്‌ ഇപ്പോഴും ആളുകളെ കടത്തി വിടുന്നത്‌ കാണാം.

-----------------------------------------------------------

©k.k.santhosh

ഇതെന്തു മനുഷ്യര്‍?




റോഡപകടങ്ങള്‍ ഇന്ന്‌ സാധാരണമായിരിക്കുന്നു. റോഡപകടത്തില്‍പ്പെടുന്ന സഹജീവികളെ സഹായിക്കുന്നതിനുള്ള മനോഭാവം ആളുകള്‍ക്ക്‌ കുറഞ്ഞുവരുന്നകാഴ്‌ചയാമ്‌ പലപ്പോഴും കണ്ടുവരുന്നത്‌. പോലീസിന്റെ പീഡനംമൂലമാണ്‌ ഇതെന്നു ആക്ഷേപമുണ്ടെങ്കിലും റോഡപകടങ്ങളില്‍പ്പെടുന്നവരെ സഹായിക്കണമെന്ന ആവശ്യമായി ഈ പോലീസ്‌തന്നെ ഇപ്പോള്‍ രംഗത്തു വരുന്നുണ്ട്‌. എന്നിട്ടും ആളുകളുടെ മനോഭാവത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം (22/11/2010) എറണാകുളത്തുനിന്നും പാലായ്‌ക്ക്‌ കാറില്‍ വരുകയായിരുന്നു. ഉച്ചസമയത്തോടടുത്ത്‌ തൃപ്പൂണിത്തുറ ഭാഗത്തുവച്ച്‌ മുന്നിലുണ്ടായിരുന്നു ടൂറിസ്റ്റ്‌ ബസ്‌ പെട്ടെന്ന്‌ ബ്രേക്കിട്ടു. ബസിനു പിന്നാലെ ഉണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇതു ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. കുറഞ്ഞത്‌ 70 കിലോമീറ്റര്‍ സ്‌പീഡില്‍ ചെന്നു ബസിനു പിന്നിലിടിച്ചു. ഇതുകണ്ട്‌ വാഹനം ഒതുക്കിട്ട്‌ ഞാനും അമ്മാവന്‍ എബ്രാഹമും ഓടിച്ചെന്നു. അപ്പോള്‍ ബസിനിടയില്‍ ബൈക്കുകുരുങ്ങി യാത്രക്കാരന്‍ അബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നു. സമീപത്തുണ്ടായിരുന്ന ഏതാനുംപേരുടെ സഹായത്തോടെ പരുക്കേറ്റയാളെ കുരുക്കില്‍ നിന്നും എടുത്തു. അപ്പോഴേയ്‌ക്കും പിന്നില്‍ വാഹനനിര രൂപപ്പെട്ടു. മറു ദിശയില്‍നിന്നും വന്നുകൊണ്ടിരുന്ന വാഹനങ്ങള്‍ക്ക്‌ കൈകാട്ടിയിട്ടും എല്ലാം ഗ്ലാസുയര്‍ത്തി നിറുത്താതെ വിട്ടുപോകുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. എന്റെ വാഹനം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഗതാഗതതടസ്സംമൂലം സാധിച്ചതുമില്ല. തുടര്‍ന്നു അതുവഴി കമ്പിയും മറ്റും കയറ്റി വന്ന ഒരു ജീപ്പ്‌ നിറുത്തി അതില്‍ പരുക്കേറ്റയാളെ കയറ്റി. ഈ സമയമത്രയും ടൂറിസ്റ്റ്‌ ബസില്‍ ഉണ്ടായിരുന്ന ഒരാള്‍ പോലും ഇറങ്ങി വരാനോ സഹായിക്കാനോ മനസുകാണിച്ചില്ല. അവസാനം ബസിന്റെ ഡ്രൈവറെ ബലമായിട്ടെന്നപോലെ പിടിച്ചിറക്കി പരിക്കേറ്റയാള്‍ക്കൊപ്പം അയയ്‌ക്കുകയുണ്ടായിരുന്നു.

ഇതിനുശേഷമാണ്‌ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി വന്നത്‌. പരുക്കേറ്റയാളുടെ കുഴപ്പമാണ്‌ അപകടത്തിനുകാരണമെന്ന വാദമുഖമാണ്‌ ഇവര്‍ മുന്നോട്ടുവച്ചത്‌. എവിടെയോ തീര്‍ത്ഥാടനത്തിനുപോയി മടങ്ങുന്നവരോ പോകുന്നവരോ ആയിരുന്നു ഇവര്‍. ആരുടെ കുഴപ്പമായാലും അപകടത്തില്‍പ്പെട്ട മനുഷ്യനെ സഹായിക്കാതെ മാറിനിന്ന ഈ തീര്‍ത്ഥാടകരില്‍ ഏതു ഈശ്വരനാണ്‌ പ്രസാദിക്കുകയെന്നു ചിന്തിക്കണം.

സഹജീവികളെ സഹായിക്കുന്ന കാര്യത്തില്‍ നമുക്ക്‌ ഇപ്പോഴുള്ള മനോഭാവം ഇനിയും മാറ്റേണ്ടി വരുമെന്നാണ്‌ ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌.

26/11/10
----------------------------------------------------------