Blog Archive

Saturday, May 3, 2008

ദേശീയ ചിഹ്നങ്ങളുടെ ദുരുപയോഗം തടയണം

ഏതൊരു രാജ്യത്തിന്‍റേയും സ്വാതന്ത്ര്യത്തിന്‍റെ, രാജ്യാഭിമാനത്തിന്‍റെ പ്രതീകമാണു ദേശീയ പതാകയും ദേശീയ ചിഹ്നങ്ങളും. ഇന്‍ഡ്യയുടെ ദേശീയ പതാകയും ചിഹ്നങ്ങളും നമ്മുടെ ദേശീയ ബോധത്തിന്‍റെ അടയാളങ്ങളാണ്. സ്വാതന്ത്ര്യം നേടിയിട്ട് ആറു പതിറ്റാണ്ടായിട്ടും ദേശീയ പ്രതീകങ്ങള്‍ക്ക് നാം വേണ്ടത്ര ആദരവ് നല്‍കുന്നില്ലെന്നത് ഖേദകരമാണ്.

രാഷ്ട്രീയ പാര്‍ട്ടികളുടേയോ സംഘടനകളുടേയോ കൊടിക്കൂറക്കു നല്‍കുന്ന ആദരവ് പോലും ദേശീയ പതാകയ്ക്ക് കിട്ടാറില്ലെന്നത് ദിനം പ്രതി നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടി കാറ്റടിച്ചു നിലത്തു വീണാല്‍ പോലും ഹര്‍ത്താല്‍ നടത്താന്‍ മടിയില്ലാത്തവരാണു നാം, അനാവശ്യ കാര്യങ്ങള്‍ക്കു നാഴികയ്ക്കു നാല്‍പ്പതു വട്ടം ശബ്ദിക്കുന്ന സാംസ്കാരിക-സാഹിത്യ-ബുദ്ധിജീവികളൊന്നും ഒരിക്കല്‍ പോലുംദേശീയ പതാകയുടേയും ദേശീയ ചിഹ്നങ്ങളുടേയും ദുരുപയോഗത്തിനെതിരേ ശബ്ദിച്ചു കേട്ടിട്ടില്ല. അതേ സമയം ഈ ദേശീയ ചിഹ്നങ്ങള്‍ പേറുന്ന ബഹുമതികള്‍ അടിച്ചെടുക്കാന്‍ രഹസ്യമായി മാത്രമല്ല പരസ്യമായി തന്നെ നടത്തുന്ന ശ്രമങ്ങള്‍ ഏറെ പുറത്തു വന്നിട്ടുണ്ടു താനും.
സിനിമകളും ടിവി ചാനലുകളും ജനങ്ങളെ ഏറെ സ്വാധീനിക്കുന്ന മാധ്യമമാണ്. ഇവയിലൊക്കെയും ദേശീയ പതാകയും ദേശീയ ചിഹ്നങ്ങളും അവഹേളിപ്പിക്കുന്ന കാഴ്ച്ച എന്നും കാണാന്‍ കഴിയും.സിനിമകളിലും സീരിയലിലുമൊക്കെ പലപ്പോഴും രാഷ്ട്രീയ നേതാക്കളേയും രാഷ്ട്രീയ പാര്‍ട്ടിയേയും കൊടിയും ഒക്കെ കാണിക്കാറുണ്ട്. അതിലൊന്നും കോണ്‍ഗ്രസ്സിന്‍റേയോ, ബിജെപിയുടേയോ, കമ്മ്യൂണിസ്റ്റിന്‍റേയോ ചിഹ്നങ്ങളോ കൊടികളോ കാണാറില്ല,പക്ഷെ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയും അതേപടി പകര്‍ത്തുന്നതു കാണാം.
പ്രധാനമന്ത്രി അല്ലെങ്കില്‍ മന്ത്രിമാര്‍ കാറില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചു കൊണ്ടു പോകാറുണ്ട്. ഒരു രാജ്യത്തിന്‍റെ ദേശീയ പതാക വയ്ക്കുമ്പോള്‍ അതിന്‍റെ അന്തസ്സിനു ചേര്‍ന്ന രീതിയിലായിരിക്കണം, എല്ലാവരും തോന്നിയ പോലെ ഉപയോഗിക്കുന്നത് അതിനാല്‍ തന്നെ അനുചിതവും നിയമ വിരുദ്ധവുമാകുന്നു. സാധാരണയാളുകള്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന രീതിയില്‍ ഉപയോഗിക്കുന്നതു കുറ്റകരമാണ്. പിന്നെയെങ്ങനെ സിനിമകളിലും മറ്റും ഉപയോഗിക്കുന്നു? അതു പോലെ ഡി വൈ എസ് പി വരെയുള്ള പോലീസുകാര്‍ക്കു പോലും അശോകസ്തംഭം തോളിലണിയാന്‍ അനുവാദമില്ല, സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെട്ട താരങ്ങള്‍ ഇത് തോളിലണിഞ്ഞു നില്‍ക്കുന്നത് ദേശീയ ചിഹ്നങ്ങളോടു അവഹേളനമ്മാണ്.അതിനാല്‍ താരങ്ങളും മറ്റും ദേശീയ ചിഹ്നങ്ങളും മറ്റും അണിയുന്നത് ഒഴിവാക്കണം. ചില സംഘടനകളുടെ വേദിയില്‍ ദേശീയ പതാക ആ സംഘടനയുടെ പതാകയോടൊപ്പം ഉപയോഗിക്കുന്നതും നീതീകരിക്കാനാകില്ല. ഒരു രാജ്യത്തിന്‍റെ ദേശീയ പതാകയ്ക്കൊപ്പം മറ്റൊരു രാജ്യത്തിന്‍റെ ദേശീയ പതാകയില്‍ കുറഞ്ഞൊരു പതാക ഉപയോഗിക്കുന്നത് അന്തസ്സിനു നിരക്കുന്നതല്ല. അത്തരം കാര്യങ്ങള്‍ കൂടി അധികാരികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല സ്വയം ഇതു മനസ്സിലാക്കി ചെയ്യാന്‍ നമുക്ക് കടമയുണ്ടു താനും.
--------------------------------------------------------

No comments: