Blog Archive
Monday, May 12, 2008
മോഹന്‍ലാല്‍ - ബേണിംഗ് ഇല്ല്യൂഷന്‍
ലാല്‍ മികച്ച അഭിനേതാവാണ്, മുതുകാട് മികച്ച മജീഷ്യനാണ്.ചലചിത്രതാരം മോഹന്‍ലാല്‍ മാന്ത്രിക വിദ്യയായ 'ബേണിംഗ് ഇല്ല്യൂഷന്‍' അവതരിപ്പിക്കുന്നതു സംബന്ധിച്ചുള്ള വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ കത്ത്. മോഹന്‍ലാല്‍ എന്ന നടന്‍ പ്രസ്തുത മാജിക് അവതരിപ്പിക്കണോ വേണ്ടയോ എന്നുള്ളത് അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടത്. അത് തികച്ചും വ്യക്തിപരമായ തീരുമാനം മാത്രമാണ്. ഇതു നടത്തിയാല്‍ എന്തു ദോഷം ചെയ്യുമെന്നും എന്തുഗുണം ചെയ്യുമെന്നും ബുദ്ധിമാനായ ലാലിന് അറിയാം. കാരണം സിനിമയില്‍ അപകടകരമായ സംഘട്ടനരംഗങ്ങള്‍ ഡ്യൂപ്പിനെ വച്ചു ചെയ്യിക്കാറുള്ള മോഹന്‍ലാല്‍ ഒരിക്കലും തനിക്ക് അപകടകരമായേക്കാവുന്ന ഒരിനം ചെയ്യുമെന്നു വിശ്വസിക്കാനാവില്ല. മോഹന്‍ലാല്‍ അല്ലെങ്കില്‍ മമ്മൂട്ടി എന്നിവരെ കൊണ്ടു ചെയ്യിക്കുന്ന ഒരു പരിപാടിക്ക് വന്‍ പ്രചാരം കിട്ടുമെന്നതുകൊണ്ടാണ് ഇത്തരം പ്രകടനങ്ങളും വിവാദങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏതോ ഒരു സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് വച്ച് ചെറിയൊരു പൊള്ളല്‍ മോഹന്‍ലാലിനു പറ്റിയത് ഒരു പ്രമുഖ പത്രത്തിന്റെ ഒന്നാം പുറത്ത് ആഘോഷിച്ചത് ഏറെക്കാലം മുമ്പല്ല. തീപിടുത്തത്തില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കുന്നതിനിടയിലാണ് ലാലിന് പൊള്ളല്‍ പറ്റിയിരുന്നതെങ്കില്‍ അതിനൊരു മൂല്യമുണ്ടായിരുന്നു. സിനിമാനടനായ അദ്ദേഹത്തിന്റെ ജോലിക്കിടെ യാദൃശികമായി സംഭവിച്ച വളരെ ചെറിയൊരുകാര്യമാണ് വലിയ സംഭവമായി അവതരിപ്പിക്കപ്പെട്ടത്. കുറച്ചുകാലം മുമ്പ് കൊച്ചിയില്‍ പത്തുദിവസമായി മാലിന്യങ്ങള്‍ കിടക്കുന്നതില്‍ ലാല്‍ പരിഭവം പറഞ്ഞുപദേശിച്ചിരുന്നു. കലാഭവന്‍ മണി ചാലക്കുടിയില്‍ മാലിന്യം നീക്കി മാതൃക കാട്ടിയപോലെ ചെയ്തിട്ടു ഉപദേശം നല്‍കിയാല്‍ അതു മാന്യതയാകും. മോഹന്‍ലാല്‍ ഈ മാജിക് നടത്തുന്നതില്‍ വേവലാതിപ്പെടുന്ന എം. മുകുന്ദന്‍, ആര്‍. ശ്രീലേഖ, ടി.ജെ. രവി, സത്യന്‍ അന്തിക്കാട്, വി.കെ. ശ്രീമാന്‍ മുതലായവരോട് ഒരു കാര്യം പറയട്ടെ. മോഹന്‍ലാല്‍ നടത്തുന്ന പരിപാടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താവിക്കാന്‍ നിങ്ങള്‍ കാണിച്ച ഉത്സാഹം നല്ലത് തന്നെ. അത് നടത്തിയാല്‍ നല്ലതായാലും ചീത്തയായാലും ലാലിനെമാത്രമേ ബാധിക്കുകയുള്ളു. കുറച്ചുകാലം മുമ്പ് 'നമ്മുടെ വൈകിട്ടത്തെ പരിപാടി' എന്നു പറഞ്ഞു കേരളത്തിലുടനീളം ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളെയും മറ്റും മദ്യപാനത്തിനു ക്ഷണിക്കുന്ന പരസ്യത്തിലഭിനയിച്ച ലാലിനെതിരെ പ്രതികരിക്കാന്‍ നിങ്ങളാരെയും കണ്ടില്ല. മദ്യത്തിനു പരസ്യം അനുവദനീയമല്ലന്നിരിക്കെയാണ് മോഹന്‍ലാല്‍ പരസ്യവുമായി വന്നതെന്നും അറിയേണ്ടതാണ്. ഇപ്പോള്‍ ഒരു മോഹന്‍ലാലിനു വേണ്ടി വേവലാതി കാണിക്കുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് മദ്യപരസ്യത്തിനെതിരെ രംഗത്തുവന്നില്ലെന്നു പറയണം. ഇല്ലെങ്കില്‍ നിങ്ങളെ കപടനാട്യക്കാര്‍ എന്നു ഞങ്ങള്‍ വിളിക്കേണ്ടിവരും.
Subscribe to:
Post Comments (Atom)
No comments:
Post a Comment