ശശി തരൂര്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്?
ശശി തരൂര്‍. ഐക്യരാഷ്‌ട്രസഭയില്‍ പൊതുവിവരസമ്പര്‍ക്കകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചയാള്‍. എഴുത്തുകാരനെന്ന നിലയില്‍ സാഹിത്യരംഗത്തു പ്രസിദ്ധന്‍. ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്‌ക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുകയും പിന്നീട് പിന്‍മാറാന്‍ നിര്‍ബന്ധിതനാകുകയും ചെയ്‌ത വ്യക്തി. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ വിദേശകാര്യസഹമന്ത്രിയാകുമെന്നു പ്രചരിപ്പിക്കപ്പെട്ട ആംഗ്ലോ ഇന്‍ഡ്യന്‍. എഴുത്തുകാരനെന്ന നിലയിലും ഉദ്യോഗസ്ഥനെന്ന നിലയിലും പേരുകേട്ട ശശി തരൂര്‍ ഇപ്പോള്‍ പുതിയ ലക്ഷ്യവുമായി രംഗത്തുവന്നിരിക്കുകയാണ്.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണമാണ് ശശി തരൂര്‍ മാധ്യമശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണം. രാഷ്‌ട്രീയത്തില്‍നിന്നു മാറിനില്‍ക്കേണ്ട കാര്യമില്ലെന്ന പ്രസ്‌താവന അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കുന്നു.പല രാഷ്‌ട്രീയകക്ഷി നേതാക്കളുമായും സംസാരിക്കാറുണ്ടെന്നതും പലരുമായും അടുപ്പമുണ്ടെന്നതുമാണ് ഇന്ത്യന്‍ രാഷ്‌ട്രീയനേതൃത്വത്തില്‍ എത്താനുള്ള യോഗ്യതയായി ശശി തരൂര്‍ കണ്ടെത്തിയിരിക്കുന്നത്. മുമ്പ് ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്‌ക്ക് മത്സരിക്കാന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ പറഞ്ഞുകേട്ടത് വിദേശ രാഷ്‌ട്രതലവന്മാരുമായി ദൃഢബന്ധമാണ് ശശി തരൂരിനെന്നായിരുന്നു. എങ്കില്‍ എന്തുകൊണ്ട് ഐക്യരാഷ്‌ട്രസഭയില്‍ വിജയിക്കാനുള്ള പിന്തുണ കിട്ടിയില്ല? ഐക്യരാഷ്‌ട്രസഭയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് രക്ഷാസമിതിയാണ്. സെക്രട്ടറി ജനറല്‍ എന്നത് രക്ഷാസമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ മാത്രം. അപ്പോള്‍ അണ്ടര്‍ സെക്രട്ടറി പദവിയെന്നത് സാമാന്യഭാഷയില്‍ വിശേഷിപ്പിച്ചാല്‍ പഞ്ചായത്തിനെ സംബന്ധിച്ചാണെങ്കില്‍ ഹെഡ് ക്ലര്‍ക്കിനു തുല്യമായ പദവിയാണെന്നു പറയാം. ഈ പദവിയിലിരിക്കുന്ന ഒരാള്‍ക്ക് എങ്ങനെ മറ്റു രാജ്യത്തെ രാഷ്‌ട്രത്തലവന്മാരുമായി കൂടിക്കാഴ്‌ച നടത്താനാവും?ഈ ശശി തരൂര്‍ ഐക്യരാഷ്‌ട്രസഭയുടെ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് എന്തെങ്കിലും പ്രയോജനം ഇന്ത്യയ്‌ക്കു ഉണ്ടായിട്ടുണ്ടോയെന്നു അദ്ദേഹത്തിനായി ചരടുവലിക്കുന്നവര്‍ ചിന്തിക്കുന്നത് നന്നായിരിക്കും. സെക്രട്ടറി ജനറല്‍ ഏതു രാജ്യക്കാരാനെന്നതിലുപരി യോഗ്യതയുള്ളവരാണ് വേണ്ടതെന്നാണ് ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്‌ക്ക് മത്സരിക്കാന്‍ കച്ചകെട്ടി ഇന്ത്യയിലെത്തിയ ശശി തരൂര്‍ ആദ്യം പറഞ്ഞത്. എന്തുകൊണ്ട് യോഗ്യതയുള്ള ഇന്ത്യാക്കാരനാണ് താനെന്നു പറയാന്‍ ശശി തരൂരിനു സാധിച്ചില്ല.ചില പരാജയങ്ങള്‍ തികച്ചും അനിവാര്യമാണ്. അത്തരത്തിലൊരു ദയനീയ പരാജയമാണ് ലോകരാഷ്‌ട്രങ്ങളുടെ പൊതുവേദിയെന്നു അറിയപ്പെടുന്ന ഐക്യരാഷ്‌ട്രസഭയില്‍ ശശി തരൂരിനു സംഭവിച്ചത്. ഭാരതത്തിന്റെ മാനം കെടുത്തിയ പരാജയത്തിന്റെ ഉത്തരവാദിത്വം ശശി തരൂരിനല്ലാതെ മറ്റാര്‍ക്കുമല്ല. ഇന്ത്യന്‍ രാഷ്‌ട്രീയനേതൃത്വങ്ങളെ `വന്‍ബന്ധ'ങ്ങളുടെ പേരു പറഞ്ഞ് കബളിപ്പിച്ചതിന്റെ പരിണിതഫലം കൂടിയായിരുന്നു അനിവാര്യമായ ആ പരാജയം. നിര്‍ഭാഗ്യത്തിനു ശശി തരൂര്‍ ആ സ്ഥാനത്തേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ ആ കാരണത്താല്‍ തന്നെ ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യയ്‌ക്കു ദോഷങ്ങളുമുണ്ടാകുമായിരുന്നു. കാരണം ഇന്ത്യന്‍ പ്രതിനിധിയെന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പലപ്പോഴും അതിന്റെ പേരില്‍ ഇന്ത്യയ്‌ക്കനുകൂലമായ കാര്യങ്ങള്‍ `പേരുദോഷ'ത്തിന്റെ പേരില്‍ ശശി തരൂരിനു ഒഴിവാക്കേണ്ടി വരും. വന്‍ ശക്തികളല്ലാത്ത ബര്‍മ്മ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍മാരായിട്ടുണ്ടെന്ന വസ്‌തുത കണക്കിലെടുക്കുമ്പോള്‍ പ്രസ്‌തുത തസ്‌തിക ഒരു കാര്യമേ അല്ലെന്നു മനസിലാക്കാം. ആ തസ്‌തികയില്‍ ഇരിക്കുന്ന ആള്‍ക്കുമാത്രം പ്രയോജനകരമായ ഒന്നു മാത്രമായി ഇതിനെ കണക്കാക്കാം.ഏതായാലും ശശി തരൂരിനെ പോലെ ഒരാളെ ഇന്ത്യയില്‍ ജനപ്രതിനിധിയായി ആവശ്യമേയില്ല. ജനപ്രതിനിധി എന്നാല്‍ ജനങ്ങളുടെ പ്രതിനിധിയാണ്. ശശി തരൂര്‍ എന്ന വ്യക്തി സാധാരണക്കാരനു അപ്രാപ്യനായ ഒരാളാണ് എന്നത് ഒരു വസ്‌തുതയാണ്. അതിലെല്ലാമുപരി ഇന്ത്യയ്‌ക്കുവേണ്ടി എന്താണ് ചെയ്‌തിരിക്കുന്നത്? സാധാരണക്കാരനുവേണ്ടി എന്തുചെയ്‌തു? ചെയ്യുന്നു? ഈ ചോദ്യമാണ് ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചു പറയും മുമ്പ് ഉയരേണ്ട ചോദ്യം.ലോക്‌സഭാ, രാജ്യസഭാ, നിയമസഭാ സീറ്റുകള്‍ നല്‍കേണ്ടത് എന്താരോപണങ്ങളുണ്ടെങ്കിലും ഇവിടുത്തെ രാഷ്‌ട്രീയക്കാര്‍ക്കാണ്. ഏതാവശ്യത്തിനും ജനങ്ങള്‍ക്കൊപ്പം മുന്നിട്ടിറങ്ങാന്‍ രാഷ്‌ട്രീയനേതാക്കളല്ലാതിവിടെ ആരുണ്ട്? ജനങ്ങള്‍ക്കായി രാവും പകലും അലഞ്ഞ്, രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനായി സ്വന്തം ജീവിതംപോലും മാറ്റിവച്ച നിഷ്‌കാമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ നിരവധിയാണു ഈ നാട്ടില്‍. എന്തെങ്കിലും കാര്യത്തിനു ഏതെങ്കിലും രാഷ്‌ട്രീയക്കാരെ സമീപിക്കാത്ത ആരെങ്കിലും ഇന്നാട്ടില്‍ ഉണ്ടാവാനിടയില്ല. രാഷ്‌ട്രീപ്രവര്‍ത്തനവുമായി നടക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളായിരിക്കണം ജനപ്രതിനിധിയായി മത്സരിക്കേണ്ടത്. ശശി തരൂരിനു നല്ല അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. അതു പ്രകടിപ്പിക്കാനുള്ള വേദിയല്ല ഇന്ത്യന്‍ പാര്‍ലമെന്റ്. അദ്ദേഹം സാംസ്‌കാരികപ്രവര്‍ത്തകനായി അഭിപ്രായങ്ങള്‍ പറഞ്ഞ് ഇവിടെ പ്രവര്‍ത്തിക്കട്ടെ. അഴിമതികള്‍ക്കെതിരെ പ്രവര്‍ത്തിക്കട്ടെ. അങ്ങനെയുള്ള ശശി തരൂരിനെ സ്വാഗതം ചെയ്യാം. മറ്റൊരു പണിയും കിട്ടാതെ വരുമ്പോള്‍ ഇറങ്ങാവുന്ന മേഖലയാണ് ഇന്ത്യന്‍ രാഷ്‌ട്രീയമെന്ന ധാരണ ശശി തരൂരിെനപോലുള്ളവര്‍ക്ക് തിരുത്തി കൊടുക്കണം. അതിനു ഇന്ത്യന്‍ രാഷ്‌ട്രീയ നേതൃത്വം ഇച്ഛാശക്തി കാട്ടണം. ഇല്ലെങ്കില്‍ വലിഞ്ഞുകയറി വരുന്നവനൊക്കെ ഇരിക്കാനുള്ളതല്ല പാര്‍ലമെന്റിലെ സീറ്റുകളെന്നു ജനം ബോധ്യപ്പെടുത്തിക്കൊടുക്കും. തീര്‍ച്ച.
-----------------------------------------------
No comments:
Post a Comment