ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനക്കാരാണ് നൂറുകോടി കവിഞ്ഞ ഇന്ത്യാക്കാര്‍. 28 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണപ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഇന്ത്യാരാജ്യത്തെ നിയന്ത്രിക്കുന്നതാകട്ടെ കേന്ദ്രമന്ത്രിസഭയാണ്.ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത രാജ്യസഭാംഗമായ ഡോ. മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കുന്ന കേന്ദ്രമന്ത്രിസഭയില്‍ 79 അംഗങ്ങളാണ് ഇപ്പോള്‍ ഉള്ളത്. 20 സംസ്ഥാനങ്ങളില്‍ നിന്നും 3 കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമാണ് ഇത്രയും മന്ത്രിമാര്‍. 8 സംസ്ഥാനങ്ങള്‍ക്കും 4 കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പ്രതിനിധികളില്ല. ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍ ഉള്ളത് തമിഴ്‌നാടിനാണ്. 13 പേര്‍. അതും പ്രധാനവകുപ്പുകള്‍ തന്നെ. പി. ചിദംബരം, ടി.ആര്‍. ബാലു, മണിശങ്കര്‍ അയ്യര്‍, എ. രാജ, അന്‍പുമണി രാംദാസ്, ആര്‍. വേലു, പളനിമാണിക്യന്‍, എസ്. രഘുപതി, കെ. വെങ്കിടപതി, സുബ്ബലക്ഷ്‌മി ജഗതീശന്‍, വി.എസ്. ഇളംകോവന്‍, ജി.കെ. വാസവന്‍, വി. രാധികാ സെല്‍വി എന്നിവരാണ് തമിഴ്‌നാട്ടില്‍നിന്നുള്ള മന്ത്രിമാര്‍.12 മന്ത്രിമാരുമായി ബീഹാറും 8 മന്ത്രിമാരുമായി മഹാരാഷ്‌ട്രയും 6 പേരുമായി ആന്ധ്രയും നില്‍ക്കുന്നു. മധ്യപ്രദേശിന് അഞ്ച്, കര്‍ണ്ണാടക, കേരളം, ആസാം, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവയ്‌ക്ക് മൂന്നു വീതവും ഹിമാചല്‍പ്രദേശ,് രാജസ്ഥാന്‍, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവയ്‌ക്ക് രണ്ടുവീതവും മന്ത്രിമാരാണുള്ളത്. ജമ്മുകാശ്‌മീര്‍, മേഘാലയ, ബംഗാള്‍, ഒറീസ, എന്നീ സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹി, പോണ്ടിച്ചേരി, ചാണ്ഡിഗഡ് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഓരോ പ്രതിനിധികള്‍ വീതം ഉണ്ട്. കേരളത്തിനു കിട്ടിയിരിക്കുന്ന ക്യാബിനറ്റ് വകുപ്പുകള്‍ പ്രവാസികാര്യവും പ്രതിരോധവുമാണ്.കേരളത്തില്‍ നിന്നും ലോകസഭയിലേയ്‌ക്ക് 20 പേരും രാജ്യസഭയിലേയ്‌ക്ക് 9 പേരെയും അയയ്‌ക്കാറുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ 29 പേരും മന്‍മോഹന്‍സിംഗിന്റെ പിന്തുണക്കാരാണ്. പക്ഷേ, പറഞ്ഞിട്ട് എന്ത് കാര്യം. സംസ്ഥാനത്തിനു യാതൊരു ഗുണവുമില്ല. കരുണാകരന്റെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാവരും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍. ചുരുക്കിപ്പറഞ്ഞാല്‍ സോണിയാഗാന്ധി അല്ലെങ്കില്‍ പ്രകാശ് കാരാട്ട്, അതുമല്ലെങ്കില്‍ ഏ.ബി. ബര്‍ദന്‍ പറയുന്നതനുസരിച്ചേ കാര്യങ്ങള്‍ നീങ്ങൂ. അവര്‍ക്ക് മസിലുപിടിക്കാനും പാര്‍ട്ടികാര്യം നേടാനുമായിട്ടാണ് നമ്മള്‍ ഇവരെ തെരഞ്ഞെടുത്തയയ്‌ക്കുന്നത്. സംസ്ഥാനത്തിന് എം.പി.മാരെക്കൊണ്ട് ആവശ്യസമയത്ത് പ്രയോജനമേയുണ്ടായിട്ടില്ല.റെയില്‍വേ വികസനം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ നിരവധി കാര്യങ്ങള്‍ സംസ്ഥാനതാത്‌പര്യം പരിഗണിക്കപ്പെട്ടിട്ടേയില്ല ഒരിക്കലും. അര്‍ഹമായ വിഹിതം പോലും കേരളത്തിനു ലഭിക്കാറുമില്ല. ഇടതു-വലതു ഭരണം കേരളത്തില്‍ വന്നാലും കോടികളുടെ ലിസ്റ്റുമായി കേന്ദ്രത്തിലേയ്‌ക്ക് ഓടും. നക്കാപ്പിച്ചയുമായി തിരിച്ചുവരും. കേരളാ മുഖ്യനടക്കമുള്ളവര്‍ കാത്തുകെട്ടി നിന്നുവേണം പ്രധാനമന്ത്രിയടക്കമുള്ളവരെ കാണാന്‍. എന്നാല്‍ തമിഴ്‌നാട്ടിലേയ്‌ക്ക് നോക്കൂ. കരുണാനിധി അല്ലെങ്കില്‍ ജയലളിത ഇവരെ കാണാന്‍ ടിക്കെറ്റെടുത്ത് ക്യൂവില്‍ നില്‍ക്കുന്നവരില്‍ തലപ്പാവുകാരനെ നമുക്ക് കാണാന്‍ കഴിയും. ഇതു താനടാ തമിഴ് സ്റ്റൈല്‍.തമിഴ്‌നാട്ടിലോ ആന്ധ്രയിലോ മഹാരാഷ്‌ട്രയിലോ ജനങ്ങള്‍ ദുരിതത്തിലായാല്‍ തലപ്പാവുകാരനും മാഡവുമൊക്കെ നിമിഷനേരംകൊണ്ട് സംഭവസ്ഥലത്തെത്തി അടിയന്തിര സഹായമെത്തിക്കും. സ്ഥിതി കേരളത്തിലായാലോ? ഏതെങ്കിലും മൂന്നാംകിട ഉദ്യോഗസ്ഥനെ അയയ്‌ക്കും. ദുരിതക്കാരന്റെ അടിയന്തിരം കഴിഞ്ഞാലും ആശ്വാസം കിട്ടില്ല. കേരളത്തിന്റെ തന്നെ അവസ്ഥയാണ് മന്ത്രിമാര്‍ ഒന്നുപോലുമില്ലാത്ത സംസ്ഥാനങ്ങളുടെയും അവസ്ഥ. ഇതിനു പരിഹാരം കാണേണ്ടതും സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതും രാഷ്‌ട്രീയനേതൃത്വമാണ്. ഇച്ഛാശക്തിയില്ലാത്ത രാഷ്‌ട്രീയക്കാര്‍ വിടുവായത്തം പത്രദ്വാര വിസര്‍ജിച്ചു തനിക്കാക്കി വെടക്കാക്കുന്ന കേരളം മോഡല്‍ അവസാനിപ്പിച്ച് തമിഴ്‌നാടിനെ കണ്ടു പഠിച്ചിരുന്നെങ്കില്‍........
No comments:
Post a Comment