Blog Archive

Monday, March 30, 2009

രാജ്യസഭയെ അധികാരത്തിന്റെ കുറുക്കുവഴിയാക്കുമ്പോള്‍

ഇത്‌ ജനങ്ങളുടെ ആധിപത്യമല്ല; ജനങ്ങളുടെമേലുള്ള ആധിപത്യമാണ്‌
പ്പോഴത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ കഴിവിലോ കേന്ദ്രപ്രതിരോധമന്ത്രി ഏ.കെ. ആന്റണിയുടെ ജനസമ്മതിയിലോ ആര്‍ക്കും എതിര്‍പ്പുണ്ടാവാനിടയില്ല. റിസര്‍വ്വ്‌ബാങ്കിന്റെ മുന്‍ഗവര്‍ണറായിരുന്ന മന്‍മോഹന്‍സിംഗിന്റെ ഭരണകാര്യക്ഷമതയും ഏതു അധികാരങ്ങളും വലിച്ചെറിയാന്‍ മടിയില്ലാത്ത ഏ.കെ. ആന്റണിയുടെ ആദര്‍ശവും രാഷ്‌ട്രീയ എതിരാളികള്‍പോലും സമ്മതിക്കുന്ന കാര്യങ്ങളാണ്‌.ഇപ്പോള്‍ നമ്മുടെ രാജ്യമായ ഇന്ത്യയില്‍ തങ്ങളെ ആരു ഭരിക്കണം, എന്നു ജനങ്ങള്‍ക്ക്‌ തീരുമാനിക്കാനുള്ള പൊതുതെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. കോണ്‍ഗ്രസ്‌ (ഐ) നേതൃത്വം നല്‍കുന്ന യു.പി.എ. മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്‌ ഡോ. മന്‍മോഹന്‍സിംഗിനെ തന്നെയാണ്‌. ഏ.കെ. ആന്റണി ഇത്തവണയും ജനങ്ങളെ അഭിമുഖീകരിക്കുന്നില്ല.ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയുടെ തലവനായ മന്‍മോഹന്‍സിംഗ്‌ `ജനമറിയാതെ'യാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ചത്‌. എന്നുവച്ചാല്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത, പ്രതിനിധി അഥവാ രാജ്യസഭാംഗമായിട്ടാണ്‌ അധികാരത്തിലേറി ഭരണം നടത്തിയത്‌.മന്‍മോഹന്‍സിംഗിന്റെ 79 അംഗ മന്ത്രിസഭയിലെ 23 പേര്‍ ജനപ്രതിനിധികളായിരുന്നില്ല. ജനപ്രതിനിധിയാകാന്‍ മത്സരിച്ചപ്പോള്‍ ജനങ്ങള്‍ക്ക്‌ വേണ്ടാത്തതിനാല്‍ പരാജയപ്പെട്ട നേതാവാണ്‌ ശിവരാജ്‌ പാട്ടീലാണ്‌. ഇദ്ദേഹത്തിനു അഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയാണ്‌ ജനത്തെ അവഹേളിച്ചത്‌. പി.എം. സെയ്‌ദിനെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയിട്ടും രാജ്യസഭയിലൂടെ കൊണ്ടുവന്ന്‌ ഊര്‍ജ്ജവകുപ്പുമന്ത്രിയാക്കുകയും ചെയ്‌തിരുന്നു. ഇവര്‍ക്കുപുറമെ അര്‍ജുന്‍സിംഗ്‌, സുശീല്‍കുമാര്‍ ഷിന്‍ഡേ, എച്ച്‌.ആര്‍. ഭരദ്വാജ്‌, ഈയിടെ രാജിവെച്ച ഡോ.അന്‍പുമണി രാംദാസ്‌, വയലാര്‍ രവി, മുരളി ദയോറ, അംബികാ സോണി, പ്രൊഫ.സൈഫുദ്ദീന്‍ സോസ്‌, പ്രേംചന്ദ്‌ ഗുപ്‌ത എന്നിവര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത കാബിനറ്റ്‌ മന്ത്രിമാരും രാജിവെച്ച ഓസ്‌ക്കര്‍ ഫെര്‍ണാണ്ടസ്‌, ജി.കെ. വാസന്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും സുരേഷ്‌ പച്ചൗരി, ഡോ.ദാസരി നാരായണറാവു, എം.വി. രാജശേഖരന്‍, പൃഥ്വിരാജ്‌ ചൗഹാന്‍, ഡോ. സുബ്രഹ്‌മണ്യം റെഡ്‌ഢി, ആനന്ദ്‌ ശര്‍മ്മ, ഡോ. അഖിലേഷ്‌ ദാസ്‌, ജയറാം രമേശ്‌, അശ്വനികുമാര്‍ എന്നിവര്‍ സഹമന്ത്രിമാരുമായിരുന്നു.ജനാധിപത്യമെന്നാല്‍ ജനങ്ങളുടെ ആധിപത്യമാണ്‌. ജനാധിപത്യഭരണക്രമത്തില്‍ ജനങ്ങളെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്നു; നയിക്കുന്നു. ഇന്ത്യയും ഒരു ജനാധിപത്യരാഷ്‌ട്രമാണ്‌. ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രമായി ഇന്ത്യയെ ലോകം കണക്കാക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പുപ്രക്രിയയിലൂടെയാണ്‌ ഇന്ത്യയില്‍ ജനപ്രതിനിധികളെ കണ്ടെത്തുന്നത്‌. തെരഞ്ഞെടുപ്പ്‌ നിയമമനുസരിച്ച്‌ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ പാര്‍ലമെന്റ ്‌- നിയമസഭ - ജില്ലാപഞ്ചായത്ത ്‌- മുനിസിപ്പല്‍ - കോര്‍പ്പറേഷന്‍ - ഗ്രാമപഞ്ചായത്ത്‌ തലങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുകയും പുതിയ ഭരണസമിതികള്‍ അധികാരത്തിലേറുകയും ചെയ്യുന്നു; കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി.ലോകരാജ്യങ്ങള്‍ അത്ഭുതത്തോടെയാണ്‌ ഇന്ത്യന്‍ ജനാധിപത്യത്തെ നോക്കിക്കാണാറുള്ളത്‌. വിവിധ ദേശ-ഭാഷാ-വര്‍ഗ്ഗ വ്യത്യാസമുള്ള ജനതയുടെ ഐക്യത്തിന്റെ വിജയമായി ഇന്ത്യന്‍ ജനാധിപത്യം വാഴ്‌ത്തപ്പെടുകയും ചെയ്യുന്നു. നാനാത്വത്തിലുള്ള ഏകത്വമാണ്‌ ഇന്ത്യ എന്നു പറഞ്ഞാല്‍ അതു തെറ്റാവില്ല. ഇതിന്റെയൊക്കെ പേരിലും ജനാധിപത്യത്തിന്റെ പേരിലും മറ്റുള്ളവരുടെ മുന്നില്‍ ഊറ്റം കൊള്ളാറുള്ള ഒരു ജനത കൂടിയാണ്‌ നാം.ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പിഴവുകളും പഴുതുകളും ഒക്കെയുണ്ടെങ്കിലും അത്‌ പക്ഷേ ജനാധിപത്യഭരണക്രമത്തിനു കാര്യമായ ആഘാതമൊന്നും ഏല്‍പ്പിച്ചിരുന്നില്ല. കുറച്ചുകാലം മുമ്പ്‌ വരെയും. എന്നാലിന്ന്‌ ഇന്ത്യയില്‍ ജനാധിപത്യമെന്നത്‌ ജനങ്ങളുടെ മേലുള്ള ആധിപത്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.പ്രസിഡന്‍ഷ്യല്‍ ഭരണക്രമമല്ല ഇന്ത്യയില്‍ നിലനില്‍ക്കുന്നത്‌. അതിനാല്‍ തന്നെ ഇന്ത്യന്‍ പ്രസിഡന്റിനെ നേരിട്ട്‌ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ല. പാര്‍ലമെന്ററി ഭരണസംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ചേര്‍ന്നു ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളെ തെരഞ്ഞെടുത്ത്‌ പ്രധാനമന്ത്രിയാക്കുകയായിരുന്നു ചെയ്‌തു വന്നിരുന്നത്‌. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്‌ത്രി, ഇന്ദിരാഗാന്ധി, രാജീവ്‌ഗാന്ധി, വി.പി. സിംഗ്‌, ചന്ദ്രശേഖര്‍, ദേവഗൗഡ, പി.വി. നരസിംഹറാവു തുടങ്ങിയവരൊക്കെ ജനങ്ങളുടെ അംഗീകാരവുമായി പ്രധാനമന്ത്രി പദം അലങ്കരിച്ചവരാണ്‌. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇപ്പോഴത്തെ നമ്മുടെ പ്രധാനമന്ത്രിയും യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഡോ. മന്‍മോഹന്‍സിംഗ്‌ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടയാളല്ല. രാജ്യസഭ എന്ന പിന്‍വാതിലിലൂടെ അധികാരത്തിലേറുകയായിരുന്നു.ഇന്ത്യന്‍ പാര്‍ലമെന്റ്‌ എന്നത്‌ പ്രസിഡന്റും ലോക്‌സഭയും രാജ്യസഭയും ചേര്‍ന്നതാണ്‌. ഇതില്‍ ലോക്‌സഭയിലുള്ളവര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്‌. രാജ്യസഭയില്‍ ഉള്ളവര്‍ നോമിനേറ്റു ചെയ്യപ്പെടുന്നവരാണ്‌. എന്നാല്‍ വക്രബുദ്ധിക്കാരായ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ അധികാരമോഹികള്‍ രാജ്യസഭയെ അധികാരത്തിലേറാനുള്ള കുറുക്കുവഴിയായി മാറ്റിയിരിക്കുന്നു. രാജ്യസഭയില്‍ നിന്നുള്ളവര്‍ അധികാരത്തിലേറെരുതെന്നഴുതി വയ്‌ക്കാത്ത ചെറിയ പിഴവ്‌ വലിയൊരു പഴുതാക്കി മാറ്റിയിരിക്കുകയാണ്‌. ഇവര്‍ പ്രഗത്ഭമതികളെന്നാണ്‌ വാദം. എത്ര പ്രഗത്ഭരാണെങ്കിലും ജനങ്ങള്‍ തള്ളിയവരും ജനഹിതമറിയാത്തവരും ഭരണാധികാരികള്‍ ആകുന്നത്‌ ഉചിതമല്ല. അതു ജനാധിപത്യത്തിനു കളങ്കം തന്നെയാണ്‌. അതുപോലെ തന്നെ മന്ത്രി ആയിട്ട്‌ ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മതിയെന്ന നിയമവും ജനാധിപത്യപരമല്ല. കെ. മുരളീധരന്‍ മന്ത്രിയായി വിലസിയിട്ടു ജനങ്ങള്‍ താഴെ ഇറക്കി വിട്ടില്ലേ?മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിനു കളങ്കമേല്‍പ്പിച്ചിരിക്കുന്നത്‌ അധികാര കൊതിമൂത്ത ഇന്ത്യന്‍ രാഷ്‌ട്രീയനേതൃത്വങ്ങളാണ്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്ക്‌ ഉയര്‍ത്തിക്കാട്ടിയതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ യുക്തിപോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്‌.ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാല്‍ ഭരിക്കപ്പെടേണ്ട ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ നോക്കൂ.പ്രസിഡന്‍ഷ്യല്‍ ഭരണമല്ലാത്തതിനാല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ല. വൈസ്‌ പ്രസിഡന്റിനെയും ജനം തെരഞ്ഞെടുക്കുന്നില്ല.ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത, ജനപ്രതിനിധിയല്ലാത്ത മന്‍മോഹന്‍സിംഗ്‌ പ്രധാനമന്ത്രിയായി! തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയ ശിവരാജ്‌ പാട്ടീല്‍ അഭ്യന്തരമന്ത്രിയായി!! ജനവിധിയെ പേടിയുള്ള മറ്റ്‌ ഇരുപതൊന്നുപേര്‍ രാജ്യസഭയിലൂടെ മന്ത്രിമാരായി!!!പ്രധാനസ്ഥാനങ്ങളിലൊന്നും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇല്ലാതെ എങ്ങനെ ജനാധിപത്യമാകും? ഇതു ജനങ്ങളുടെ ആധിപത്യമല്ല; ജനങ്ങളുടെ മേലുള്ള ആധിപത്യമാണ്‌. ഈ ജനാധിപത്യമാണ്‌ ഇന്ത്യയില്‍ ഇന്നുള്ളത്‌. ഏതു രാഷ്‌ട്രീയപാര്‍ട്ടിയുടെ തീരുമാനങ്ങളായാലും ഇതിനു മാറ്റം വരുത്താനും ജനാധിപത്യത്തിന്റെ മാനം കാക്കാനും ഇന്ത്യന്‍ജനതയ്‌ക്ക്‌ കരുത്തുണ്ടെന്നു തെളിയിക്കാന്‍ ആ അവസരം വിനിയോഗിക്കേണ്ടിയിരിക്കുന്നു.
എബി ജെ.ജോസ്‌
ചെയര്‍മാന്‍,
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍,
കിഴതടിയൂര്‍, പാലാ - 686 574
മൊബൈല്‍ : 9447702117
e-mail:ebyjjose@gmail.com
www.ebyjjose.com

കോട്ടയം
30-03-09

No comments: