Blog Archive

Friday, September 18, 2009

ശശി തരൂരിന്റെ നടപടികള്‍: ഒരു വിചാരണ

ഇപ്പോഴത്തെ കേന്ദ്രവിദേശകാര്യ സഹമന്ത്രിയായ ശശി തരൂര്‍ എപ്പോഴും വിവാദത്തിലാണ്‌. അദ്ദേഹത്തിന്റെ `കന്നുകാലി ക്ലാസ്‌' പരാമര്‍ശമാണ്‌ ഒടുവിലത്തെ വിവാദവിഷയം. മന്ത്രിപ്പണി പോകുമെന്ന ഘട്ടം എത്തിയപ്പോഴാണത്രെ ശശി തരൂര്‍ മാപ്പു പറയാന്‍ തയ്യാറായത്‌. മുമ്പ്‌ ഇന്ത്യന്‍ ദേശീയഗാനത്തെയും ദേശീയപതാകയെയും അദ്ദേഹംതന്നെ അവഹേളിച്ച ഘട്ടങ്ങളില്‍പോലും ഖേദപ്രകടനത്തിനു തയ്യാറാകാത്ത വ്യക്തികൂടിയാണ്‌ ഇദ്ദേഹം. തരൂരിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ്‌ (ഐ) പോലും `കന്നുകാലിക്ലാസ്‌' വിവാദത്തില്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന എഴുത്തുകാരന്‍ മലയാളി മുതലാളിയാണ്‌ ശശി തരൂര്‍. സ്വന്തം കാര്യത്തിനുവേണ്ടി എന്തും ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത അസാമാന്യധൈര്യവും അദ്ദേഹത്തിനുണ്ട്‌. എന്നാല്‍ വിമര്‍ശന വിധേയനാകുന്നതില്‍ അസ്വസ്ഥചിത്തനാകാറുണ്ട്‌ പലപ്പോഴും ഇദ്ദേഹം. ദിനംപ്രതി നാല്‍പതിനായിരം രൂപാ വാടകയുള്ള ഹോട്ടലിലാണ്‌ ലക്ഷക്കണക്കിനു ദരിദ്രനാരായണന്‍ന്മാരുള്ള ഇന്ത്യയിലെ വിദേശകാര്യസഹമന്ത്രിപദമലങ്കരിക്കുന്ന ശശി തരൂര്‍ താമസിച്ചിരുന്നത്‌. സ്വന്തം കൈയില്‍നിന്നുള്ള പണമാണ്‌ ഇതിനു ചെലവഴിച്ചതെന്നാണ്‌ അദ്ദേഹം പറയുന്നത്‌. എങ്കില്‍ എന്തുകൊണ്ടാണ്‌ ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട്‌ അവിടെ താമസം തുടരാതിരുന്നത്‌? വന്‍കിട കുത്തകകള്‍ക്ക്‌ വിവരാവകാശനിയമം ബാധകമായിരുന്നെങ്കില്‍ ആരാണ്‌ തരൂരിനെ സ്‌പോണ്‍സര്‍ ചെയ്‌തതെന്നു കണ്ടെത്തുവാന്‍ അധികം സമയം വേണ്ടിവരുമായിരുന്നില്ല. ലാളിത്യത്തിന്റെ പര്യായമായിരുന്ന മഹാത്മാഗാന്ധിയുടെ പേരില്‍ ഊറ്റംകൊള്ളുന്ന കോണ്‍ഗ്രസ്സി (ഐ) ന്റെ അക്കൗണ്ടിലാണ്‌ ശശിതരൂര്‍ ഇങ്ങനെയൊക്കെ കഴിയുന്നതെന്നതും വിചിത്രമാണ്‌.താമസസൗകര്യം കിട്ടാത്ത കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍പോലും കേരള ഹൗസിലാണ്‌ താമസിക്കാറുള്ളത്‌. അവിടെ `സൗകര്യങ്ങളില്ലാത്ത'തിനാലാണത്രെ താമസിക്കാന്‍ തരൂര്‍ മുതലാളിക്ക്‌ ബുദ്ധിമുട്ട്‌. മറ്റൊന്ന്‌ അദ്ദേഹത്തിനു സ്വകാര്യതയില്ലെന്നതാണ്‌. ഇന്ത്യയിലെ ഏതെങ്കിലും ജനപ്രതിനിധിക്ക്‌ സ്വകാര്യമായി കഴിയാന്‍ പറ്റുമോ? മറ്റൊന്ന്‌, ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്യുന്നതിലാണ്‌ അദ്ദേഹത്തിന്‌ അമര്‍ഷം. അതു മോശം ഏര്‍പ്പാടാണെന്നും അദ്ദേഹം പറയുന്നു. പക്ഷേ, ഇതിനേക്കാള്‍ മോശം ഏര്‍പ്പാട്‌ അദ്ദേഹം ചെയ്‌തത്‌ മറന്നുപോയിക്കാണും. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ വിജയത്തിനുശേഷം തിരുവനന്തപുരം നഗരത്തിലെ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ അദ്ദേഹംതന്നെ നീക്കം ചെയ്യുന്നത്‌ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും കാണിച്ചു. പോസ്റ്ററുകള്‍ ഒട്ടിച്ച ഉടന്‍തന്നെ നീക്കം ചെയ്‌തിരുന്നെങ്കിലോ ഒട്ടിക്കാതിരുന്നിരുന്നെങ്കിലോ തരൂരിന്റെ നടപടിയെ മാതൃകയെന്നു പറയാമായിരുന്നു. തന്റെ ആവശ്യം കഴിഞ്ഞതിനുശേഷം തരംതാണ പബ്ലിസിറ്റിക്കുവേണ്ടി കാട്ടിക്കൂട്ടിയ ഈ നടപടി എങ്ങനെ മാതൃകയാകും? വഴിനീളെ മലമൂത്രവിസര്‍ജ്ജനം നടത്തിയശേഷം രണ്ടുനാള്‍ കഴിഞ്ഞ്‌ അതു ചെയ്‌തയാള്‍തന്നെ നീക്കം ചെയ്യുന്നതിനൊപ്പംമാത്രമേ തരൂരിന്റെ നടപടിയെ കാണാനാകുകയുള്ളൂ. തെരഞ്ഞെടുപ്പ്‌ കമ്മീഷനു നല്‍കുന്ന തെരഞ്ഞെടുപ്പ്‌ കണക്കില്‍ തരൂര്‍ സത്യസന്ധത കാണിക്കുമോ എന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. സ്വന്തം കാര്യനേട്ടത്തിനായി എന്തും ചെയ്യാന്‍ തയ്യാറാണെന്നു ശശിതരൂരിന്റെ പ്രവര്‍ത്തികള്‍ കാട്ടിതരും. ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്നതിനു ഒരു കീഴ്‌വഴക്കമുണ്ട്‌. അതു ലംഘിച്ചു ആലപിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്‌തു. ദേശീയപതാകയില്‍ സ്വന്തം ചിത്രം പതിപ്പിച്ചു വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു. രണ്ടു സംഭവങ്ങളിലും ഖേദം പ്രകടിപ്പിക്കാന്‍പോലും തയ്യാറായില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വന്നപ്പോള്‍ സ്യൂട്ടും കോട്ടും ടൈയും അഴിച്ചുവച്ചു ജൂബയും മുണ്ടും ധരിച്ചു. ഇവിടുത്തെ സാഹചര്യമനുസരിച്ച്‌. ഇതാണ്‌ ശശിതരൂര്‍.എല്ലാവര്‍ക്കും കവികളോ സാഹിത്യകാരനോ ആകാന്‍ പറ്റില്ല. അതുപോലെ തന്നെ ശശിതരൂരിനു രാഷ്‌ട്രീയക്കാരനോ ജനപ്രതിനിധിയോ ആകാന്‍ പറ്റില്ലെന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കാട്ടി തരുന്നു. ഐക്യരാഷ്‌ട്രസഭ മുന്‍ ഉദേ്യാഗസ്ഥന്‍, എഴുത്തുകാരന്‍ തുടങ്ങിയ ഒട്ടേറെ ഗുണഗണങ്ങളുടെ പേരില്‍ (കേട്ടുകേള്‍വിയുടെ കൂടി) തിരുവനന്തപുരത്തെ ജനങ്ങള്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തങ്ങളുടെ ശബ്‌ദം പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ അയച്ചതാണ്‌ ശശിതരൂരിനെ. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത്‌ തിരുവനന്തപുരത്തിന്റെ ശബ്‌ദമല്ല. ശശിതരൂരിന്റെ സ്വന്തം ശബ്‌ദം മാത്രമാണ്‌. ശശി തരൂരിനെ ജനം വിജയിപ്പിച്ചത്‌ ജനങ്ങളുടെ പ്രതിനിധിയായിട്ടാണ്‌. ജനങ്ങള്‍ക്കുവേണ്ടിയാവണം; നാടിനു വേണ്ടിയാവണം ശശി തരൂരിന്റെ പ്രവൃത്തികള്‍. ശശി തരൂര്‍ എന്ന വ്യക്തിക്ക്‌ എന്തും പറയാം. മന്ത്രിപദമുള്ളതിനാല്‍ അതിന്റെ അന്തസ്സും കാത്തുസൂക്ഷിക്കുകതന്നെ വേണം.ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു രാജ്യത്തിന്റെയും മലയാളികളുടെയും മാനം കെടുത്തിയ പിന്‍മാറ്റം നടത്തിയത്‌ ഓര്‍മ്മയില്‍ മായാതെ സൂക്ഷിക്കുന്നതു നന്നാവും. അല്ലെങ്കില്‍ കേരളീയരുടെ, പ്രതേ്യകിച്ച്‌ തിരുവനന്തപുരംകാരുടെ, മാനം കെടുത്തുന്ന ഒരു പിന്‍മാറ്റംകൂടി വിദൂരമല്ലെന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌.

പിന്‍കുറി: എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത തിരുവനന്തപുരത്തുകാര്‍ക്ക്‌ കൊണ്ടു പഠിക്കാന്‍ ഒരവസരമാണ്‌ ശശി തരൂര്‍.

എബി ജെ. ജോസ്‌
ചെയര്‍മാന്‍
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍
പാലാ
Mob: 9447702117
ebyjjose@gmail.com
www.ebyjjose.com

1 comment:

TIBIN VARGHESE said...

തിരുവനന്തപുറം കാര്‍ക്ക് ഗര്‍ജിക്കുന്ന സിംഹമായ ഒരു നല്ല നേതാവിനെ കുറിച്ച ഇങ്ങനെ പറയുന്നത് നല്ലതല്ല.

എന്റെ അഫിപ്രയത്തില്‍ അദ്ദേഹം ഒരു നല്ല ഭരണകര്‍ത്തവആണ്.എബി താങ്കള്‍ താങ്കളുടെ ഈ പ്രസ്താവന പിന്‍ വാലിച് അധെഹതോദ് മാപ്പ് പറയണം.


ടിബിന്‍