കേരളത്തില്‍ വീണ്ടും സ്വകാര്യബസുടമകള്‍ സമരത്തിന്റെ പാതയിലേയ്‌ക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി 24-ന് സൂചനാ പണിമുടക്കും തുടര്‍ന്നു ഡിസംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാലത്തേയ്‌ക്ക് സര്‍വ്വീസ് നിര്‍ത്തിവയ്‌ക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.
ബസുടമകള്‍ ഉന്നയിക്കുന്ന ഒരു വിഷയം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ വര്‍ദ്ധനവ് നടപ്പാക്കുക എന്നതാണ്. വിദ്യാര്‍ത്ഥിയായിരിക്കെ പത്തുപൈസായും ഇരുപത്തഞ്ച് പൈസായും കൊടുത്തു നിരവധി തവണ യാത്ര ചെയ്‌തിട്ടുണ്ട്. കാല്‍ നൂറ്റാണ്ടുകാലമായി സ്വകാര്യബസ് സര്‍വ്വീസ് നടത്തുന്ന ഒരു സുഹൃത്തുമായി ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാനിടയായതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ്.
1960 കളില്‍ ബസ് ഫെയര്‍ മിനിമം പത്തു പൈസാ ആയിരുന്നു. അന്നു വിദ്യാര്‍ത്ഥികളുടെ നിരക്കും മിനിമം പത്തു പൈസായായിരുന്നു. 1970 നോടടുത്ത് ബസ് ഫെയര്‍ 20 പൈസായാക്കിയപ്പോഴും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് പത്തുപൈസായായിതന്നെ തുടര്‍ന്നു. ബസ് ഫെയര്‍ 40, 60, 80 എന്നിങ്ങനെ വര്‍ദ്ധിച്ചപ്പോഴും വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് പത്തുപൈസയായി നിലനിര്‍ത്തി. ബസ്‌ചാര്‍ജ്ജ് ഒരു രൂപയാക്കിയപ്പോള്‍ മാത്രമാണ് വിദ്യാര്‍ത്ഥികളുടെ നിരക്ക് 25 പൈസയായി വര്‍ദ്ധിപ്പിച്ചത്. തുടര്‍ന്നു 96-ല്‍ പാരലല്‍-റഗുലര്‍ ഏകീകരണത്തോടെ വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് 50 പൈസയായി നിശ്ചയിച്ചു. ഇപ്പോഴത്തെ മിനിമം ബസ് ചാര്‍ജ്ജ് 3.50 പൈസ ആയിരിക്കുമ്പോഴും വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 പൈസാതന്നെയാണ് അതായത് 16 ശതമാനം മാത്രം.
ആദ്യ കാലങ്ങളില്‍ കമ്പനികളായി ആയിരുന്നു ബസ് സര്‍വ്വീസുകള്‍ നടത്തിയിരുന്നത്. അതിന്റെ വെളിച്ചത്തില്‍ ഇന്ന് ഒരു തൊഴിലെന്ന നിലയില്‍ ഒരു ബസ് വാങ്ങി സര്‍വ്വീസ് നടത്തുന്നവനും `ബസ് മുതലാളി' ആയി. ഫണ്ട് ഒരു ബസ് ഒരുലക്ഷം രൂപയ്‌ക്ക് പുറത്തിറക്കിയിരുന്നു. ഇന്ന് പത്തു ലക്ഷത്തിനു മുകളില്‍ വരും ഒരു ബസ് നിരത്തിലിറങ്ങാന്‍. അതുപോലെ തന്നെ ബസ് വ്യവസായത്തിലെ അനുബന്ധഘടകങ്ങളായ ഡീസല്‍, ടയര്‍, ടാക്‌സ്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയെല്ലാം കാലാകാലങ്ങളായി വര്‍ദ്ധിച്ചു. അതിനനുസരിച്ചു പല ഘട്ടങ്ങളിലും ബസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചുവെങ്കിലും വിദ്യാര്‍ത്ഥികണ്‍സഷനുകള്‍ മാത്രം പരാതിക്കിടയില്ലാതെ വര്‍ദ്ധിപ്പിക്കപ്പെട്ടില്ല.
വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ബുക്ക്, പുസ്‌തകം, പേന, പേപ്പര്‍ തുടങ്ങി എല്ലാ വസ്‌തുക്കള്‍ക്കും വന്‍വില വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരുന്നിട്ടും ബസ് കണ്‍സഷന്‍ മാത്രം വര്‍ദ്ധിപ്പിക്കുന്നില്ലെന്ന പരാതിയാണ് ബസുടമകള്‍ ഉന്നയിക്കുന്നത്. സെന്‍ട്രല്‍ എക്‌സൈസ് വകുപ്പില്‍ സര്‍വ്വീസ് ടാക്‌സ് അടയ്‌ക്കുമ്പോള്‍ 50 പൈസായോ അതില്‍ താഴെയോ വന്നാല്‍ റൗണ്ട് ചെയ്‌തു ആ തുക എടുക്കാതെ ഉപേക്ഷിക്കുന്ന അവസ്ഥയാണിന്നുള്ളത്. 50 പൈസാ തുട്ട് ഇപ്പോള്‍ വിരളമായികൊണ്ടിരിക്കുന്ന അവസരത്തില്‍ മൂല്യശോഷണം വന്ന ഈ തുകയാണ് ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കി വരുന്നത്. വളരെ ചുരുക്കിപ്പറഞ്ഞാല്‍ യാചകര്‍ക്കു വെറുതെ നല്‍കിയാല്‍പോലും 50 പൈസായാണെങ്കില്‍ വലിച്ചു തിരിച്ചെറിഞ്ഞു തരുന്ന കാലമാണിന്ന്.
എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന നയത്തിന്റെ ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ക്കു കണ്‍സഷന്‍ ആരംഭിച്ചത്. ഈ ആനുകൂല്യം നല്‍കുന്നതിനു ആവശ്യമായ യാതൊരു ഇളവും സര്‍ക്കാര്‍ ഭാഗത്തു നിന്നും ബസ്സുടമകള്‍ക്കു നല്‍കുന്നില്ലന്ന വാദവും ബസ്സുടമകള്‍ ഉന്നയിക്കുന്നു. റേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സബ്‌സിഡികള്‍ നല്‍കാന്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നതും ഇവര്‍ ചൂണ്ടി കാട്ടുന്നു. 90 ദിവസം കൂടുമ്പോള്‍ 30,000 രൂപാ ടാക്‌സ് ഇനത്തില്‍ മാത്രം സര്‍ക്കാരിനു ഓരോ ബസും നല്‍കി വരുന്നു.
വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനുള്ള എല്ലാ കാര്യത്തിനും കാലോചിതമായി വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.
എന്തൊക്കെ കാര്യങ്ങള്‍ മറിച്ചു പറയാനുണ്ടെങ്കിലും വിദ്യാര്‍ത്ഥി കണ്‍സഷന്‍ സംബന്ധിച്ചു ബസുടമകള്‍ ഉന്നയിക്കുന്ന കാര്യത്തിനു ന്യായമുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ബസ് കണ്‍സഷന്‍ കാര്യത്തിലൊഴിച്ചു മറ്റുകാര്യങ്ങളില്‍ ഉണ്ടാകുന്ന വില വര്‍ദ്ധനവിനെതിരെ പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഇന്നേവരെ തയ്യാറാകുന്നില്ല എന്നതും മനസ്സിലാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ബസ് കണ്‍സഷന്‍ അനിവാര്യമാണ്. പക്ഷേ, അതു ലഭ്യമാകണമെങ്കില്‍ ആ വ്യവസായം നില നിന്നേ പറ്റൂ. മുപ്പതിനായിരത്തില്‍പരം സ്വകാര്യബസുകളാണ് കേരളത്തില്‍ സര്‍വ്വീസ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന തുക അതിന്റെ ജീവനക്കാര്‍, ഉടമ തുടങ്ങി നിരവധി കുടുംബങ്ങള്‍ക്കു കൂടി സഹായകമായിതീരുന്നുണ്ടെന്നതും ഓര്‍മ്മിക്കണം.
ഈ സാഹചര്യത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ്. വിദ്യാഭ്യാസം നേടാന്‍ ഓരോ പൗരനും അര്‍ഹതയുണ്ട്. ഈ ദേശീയ നയം കണക്കിലെടുത്ത് പത്താംക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ നൂറു ശതമാനം സൗജന്യമായി യാത്ര ചെയ്യാന്‍� ബസുടമകള്‍ അനുവദിക്കണം. പത്താം ക്ലാസ്സിനു മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ ബസ് ഫെയറിന്റെ അന്‍പതു ശതമാനമായി നിശ്ചയിക്കണം. അതോടൊപ്പം കെ.എസ്. ആര്‍.ടി.സി. ബസുകളിലും സ്വകാര്യബസ്സിലെപോലെ തന്നെ യാത്രവേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റെടുത്ത് യാത്രചെയ്യാന്‍ അവസരമൊരുക്കണം. ഇതോടൊപ്പം വിദ്യാര്‍ത്ഥി സമൂഹത്തോട് ബസ് ജീവനക്കാരുടെ മനോഭാവവും മാറണം. വിദ്യാര്‍ത്ഥികളുള്ള സ്റ്റോപ്പുകളില്‍ നിര്‍ബന്ധമായും ബസ് നിറുത്തുക, സീറ്റില്‍ ഇരിക്കുന്നത് തടയാതിരിക്കുക, മാന്യമായി പെരുമാറുക തുടങ്ങിയവയും കര്‍ശനമായി നടപ്പില്‍ വരുത്തണം.
ഈ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരും ബസുടമകളും പരിഗണിച്ചാല്‍ കാലങ്ങളായി വിദ്യാര്‍ത്ഥി സമൂഹവും ബസ് വ്യവസായവും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടയാക്കുമെന്നതില്‍ തര്‍ക്കമില്ല.
എബി ജെ. ജോസ്
ചെയര്‍മാന്‍
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍
പാലാ - 686 575
94477022117
14/11/2009
No comments:
Post a Comment