സാധാരണ ജനത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമ. അഭിപ്രായ രൂപീകരണത്തില്‍ സിനിമയ്‌ക്കുള്ള പ്രാധാന്യം ഒട്ടും ചെറുതല്ല. അനീതികള്‍ക്കെതിരെ പോരാടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമാതാരങ്ങള്‍ക്ക് മറ്റേതൊരാളെക്കാളും അംഗീകാരം ജനം നല്‍കുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്.
സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെക്കാള്‍ എത്രയോ ഇരട്ടി അംഗീകാരമാണ് നായകനു ലഭ്യമാകുന്നത്. അതിനര്‍ത്ഥം നന്മയും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളും ജനമനസ്സുകള്‍ ആവശ്യപ്പെടുന്നുവെന്നുള്ളതാണ്.
ജനങ്ങള്‍ നല്‍കുന്ന അംഗീകാരത്തിന്റെ ബലത്തില്‍ ചരിത്രസത്യങ്ങളെ അവഹേളിക്കുന്ന നടപടി ഒരു താരത്തിനും ഭൂഷണമല്ല. മലയാള സിനിമാതാരങ്ങളുടെ സംഘടനയായ `അമ്മ'യ്‌ക്കുവേണ്ടി നടന്‍ ദിലീപ് നിര്‍മ്മിച്ച ട്വന്റി 20 എന്ന സിനിമയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തെ താറടിച്ചു കാണിക്കുന്ന ഒരു രംഗം അവതരിപ്പിച്ചിരിക്കുകയാണ്. കോമഡിയുടെ പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ രംഗം ആത്മാഭിമാനമുള്ള ഏതൊരാളുടെയും മനസ്സിനെ മുറിപ്പെടുത്തുന്നതാണ്.
ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നത് ഇങ്ങനെ : സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. 1947-ല്‍ ഗാന്ധിജി കഷ്‌ടപ്പെട്ടു നേടിയതാണ് സ്വാതന്ത്ര്യം. ഉപ്പു തിന്നും വെള്ളം കുടിച്ചും തെണ്ടിയും. അപ്പോള്‍ ജഗതിശ്രീകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ദണ്ഡിയാത്രയെ ഉദ്ദേശിച്ചാണിതു പറഞ്ഞതെന്നും വ്യക്തമാക്കുന്നു.
ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മശ്രീ നേടിയ മോഹന്‍ലാലിന്റെ സാന്നിദ്ധ്യവും ഈ രംഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്.
മറ്റു രാജ്യങ്ങള്‍വരെ ആദരവോടെ വീക്ഷിക്കുന്ന ഗാന്ധിജിയുടെ ഉപ്പു സത്യഗ്രഹത്തെ വികലമാക്കിയ തിരക്കഥാകൃത്തുക്കളും സംവിധായകനും ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഉത്തരവാദികളാണ്. ഇതു സംബന്ധിച്ച് `അമ്മ' ഭാരവാഹിയോട് സംസാരിച്ചപ്പോള്‍ തലമുറകള്‍ക്കു മുന്നില്‍ ഒരു മഹത്തായ സമരമാര്‍ഗ്ഗത്തെ അവഹേളിച്ചതിനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ പൈതൃകം അവകാശപ്പെടുന്ന കോണ്‍ഗ്രസ് (ഐ) പാര്‍ട്ടി, അവരുടെ ചടങ്ങുകളില്‍ സ്വാതന്ത്ര്യസമരത്തെ അവഹേളിച്ച ദിലീപിനെ പങ്കെടുപ്പിക്കുന്ന കാഴ്‌ചയും കണ്ടുകഴിഞ്ഞു.
എന്നാല്‍ പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ പരാതിയെത്തുടര്‍ന്നു സെന്‍സര്‍ ബോര്‍ഡ് പ്രസ്‌തുത രംഗം സിനിമയില്‍നിന്നും വെട്ടി മാറ്റിച്ചു. അന്‍പതോളം ദിവസം നിറഞ്ഞ സദസ്സില്‍ കേരളത്തിലുടനീളം സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കുന്ന രംഗം പ്രദര്‍ശിപ്പിച്ചിട്ടും രാഷ്‌ട്രീയ-സാംസ്‌കാരിക നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല.
പിണറായി വിജയനോ രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ ആയിരുന്നു ഇതു പറഞ്ഞിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഇവിടുത്തെ അവസ്ഥ.
മോഹന്‍ലാലിന്റെ രാജാവിന്റെ മകനിലെ ഡയലോഗും മമ്മൂട്ടിയുടെ വടക്കന്‍വീരഗാഥയിലെ ഡയലോഗും സുരേഷ്‌ഗോപിയുടെ ജസ്റ്റ് റിമമ്പര്‍ ദാറ്റും ഒക്കെ ഇപ്പോഴും എത്രയോ ആളുകളുടെ നാവില്‍ ഉണ്ട്. ഏതെങ്കിലും രാഷ്‌ട്രീയക്കാരന്റെ ഏതെങ്കിലും ഒരു ഡയലോഗിന് ഒരു ദിവസത്തിലധികം ആയുസുണ്ടോ എന്നുകൂടി ഈ അവസരത്തില്‍ ചിന്തിക്കണം.
ദിലീപും കൂട്ടരും മാതൃരാജ്യത്തോട് ചെയ്‌തത് ഒരിക്കലും അംഗീകരിക്കാനാവില്ല. തെറ്റു ചൂണ്ടിക്കാണിച്ചിട്ടും ഖേദം പ്രകടിപ്പിക്കാന്‍പോലും തയ്യാറാകാത്തത് ഉത്തമബോധ്യത്തോടെ ചെയ്‌തുവെന്നതിന്റെ തെളിവാണ്. സ്വാതന്ത്ര്യസമരത്തില്‍ ഒരണുവിടപോലും സഹകരിക്കാന്‍ ദിലീപിന്റെ പിതാമഹന്മാര്‍ക്കു കഴിഞ്ഞിട്ടുണ്ടാവില്ല. ഭാരത സ്വാതന്ത്ര്യസമര ചരിത്രമെങ്കിലും മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഒരിക്കലും ഇത്തരമൊരു അവഹേളനത്തിനു കൂട്ടുനില്‍ക്കാനാവുമായിരുന്നില്ല. ഇങ്ങനെയൊക്കെ തോന്നിയതു വിളിച്ചു കൂവാന്‍ സ്വാതന്ത്ര്യം നല്‍കിയത് ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തിന്റെ ഉള്‍പ്പെടെയുള്ള സഹനസമരത്തിന്റെ ഭാഗമാണെന്നുകൂടി സിനിമാക്കാര്‍ ഓര്‍ക്കണം.
എബി ജെ. ജോസ്
14/12/2008
No comments:
Post a Comment