Blog Archive

Wednesday, October 27, 2010

ഗാന്ധിജിയുടെ ആത്മാവ്‌ ദുഃഖിക്കുന്നു

ഗാന്ധിമാര്‍ പലതുണ്ട്‌. മഹാത്മാഗാന്ധി ഒന്നേയുള്ളു. ആ പേര്‌ മാത്രം ഉള്‍ക്കൊള്ളുന്നത്‌ വലിയൊരു സന്ദേശമാണ്‌. ലോകം ആദരവോടെ വീക്ഷിക്കുന്ന ഇതിഹാസം. മദ്യനിരോധനത്തിന്റെ ഏറ്റവും ശക്തനായ വക്താവും മഹാത്മാഗാന്ധിയായിരുന്നു. അധികാരം നല്‍കിയാല്‍ രാജ്യത്തെ മദ്യശാലകള്‍ ഒറ്റദിവസംകൊണ്ടു പൂട്ടിക്കുമെന്നു ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയോടുള്ള ആദരവിന്റെ ഭാഗമായിട്ടാണ്‌ ഗാന്ധിജയന്തി ദിനത്തില്‍ മദ്യശാലകള്‍ അടച്ചിടുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌.
വിജയ്‌മല്യ രാജ്യസഭാംഗമായ ഇന്ത്യാക്കാരന്‍. 1.2 ബില്യണ്‍ ഡോളര്‍ ആസ്‌തി. ലോകസമ്പന്നരില്‍ 362-ാം സ്ഥാനം. ഇന്ത്യയില്‍ ഏഴാംസ്ഥാനം. യു.ബി. ഗ്രൂപ്പ്‌ ചെയര്‍മാനും കിങ്ങ്‌സ്‌ഫിഷര്‍ എയര്‍ലൈന്‍ ഉടമയുമായ മദ്യരാജാവ്‌. കായിക പ്രേമി.
ഇന്നലെ (04-03-2009) നമ്മുടെ രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആത്മാവ്‌ തീര്‍ച്ചയായും വേദനിച്ചിട്ടുണ്ടാവും. കാരണം അദ്ദേഹം ഉപയോഗിച്ചിരുന്ന കണ്ണട, മെതിയടി, പോക്കറ്റ്‌വാച്ച്‌ തുടങ്ങിയവ ലേലത്തിലൂടെ ഇന്നലെയാണ്‌ വിജയ്‌മല്യ സ്വന്തമാക്കിയത്‌. ആ മെതിയടി അണിഞ്ഞുകൊണ്ടാണ്‌, ആ കണ്ണട ധരിച്ചുകൊണ്ടാണ്‌ ഗാന്ധിജി മദ്യത്തിനെതിരെ പോരാടിയത്‌. അവയാണ്‌ ലേലത്തിലൂടെ മദ്യവ്യവസായി സ്വന്തമാക്കിയിരിക്കുന്നത്‌.
ലേലത്തില്‍ പങ്കെടുത്തു സാധനങ്ങള്‍ വാങ്ങാനും മദ്യവ്യാപാരം നടത്തുവാനും വിജയ്‌മല്യയ്‌ക്ക്‌ അവകാശമുണ്ട്‌. എന്നാല്‍ അദ്ദേഹം വാങ്ങിയ സാധനങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ കൈപ്പറ്റുന്നത്‌ ശരിയാവില്ല. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ചേര്‍ന്ന നടപടിയാവില്ല അത്‌. ഗാന്ധിജിയുടെ വസ്‌തുക്കള്‍ നഷ്‌ടപ്പെടുന്നതിനേക്കാള്‍ ഗാന്ധിജിയുടെ ആത്മാവിനു ദുഃഖം വിജയ്‌മല്യയില്‍നിന്നും അവ കൈപ്പറ്റുന്നതായിരിക്കും.

എബി ജെ. ജോസ്‌

06/03/09

No comments: