കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് ഡറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് ദേശീയ ഹോം ഗാര്‍ഡ്‌സ് സംവിധാനം. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം, മലയിടിച്ചില്‍, തീപിടുത്തം തുടങ്ങിയ വിവിധ തരത്തില്‍ ഉള്ള ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ പോലീസിനെയും സിവില്‍ ഭരണകൂടത്തെയും സഹായിക്കുന്നതിനും നിയമവാഴ്‌ചയും ആഭ്യന്തര സുരക്ഷയും നിലനിര്‍ത്തുവാനും ഈ സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നു.
ഇതിന്റെ വെബ്‌സൈറ്റായ www.dgcd.nic.in-ലെ ഹോംഗാര്‍ഡ്‌സ് എന്ന പേജില്‍ എത്തിയാല്‍ ഒരുകാര്യം മനസ്സിലാക്കാം. കേരളമൊഴികെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഹോംഗാര്‍ഡ്‌സ് പ്രവര്‍ത്തനക്ഷമമാണെന്നത്. 2006 ഏപ്രിലില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലത്തോട് ഇക്കാര്യം ആരാഞ്ഞിരുന്നു. കേരളം മുന്‍കൈയെടുക്കണമെന്ന ആവശ്യമാണ് കേന്ദ്രം കൈക്കൊണ്ടത്. ഇതു ചൂണ്ടിക്കാട്ടി 2006-ല്‍ തന്നെ സംസ്ഥാന ആഭ്യന്തരവകുപ്പിനു കത്തു നല്‍കി. അതിനു മറുപടിയായി 2007 മെയ് മാസത്തില്‍ ഫയര്‍ ആന്‍ റെസ്‌ക്യു കമാന്റന്റ് അറിയിച്ചത് സംസ്ഥാനം ഇക്കാര്യം പരിഗണിച്ചു വരികയാണെന്നായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ആയിട്ടില്ലെന്നതു ഗൗരവകരമായി കാണേണ്ടിയിരിക്കുന്നു.
പരേഡുകള്‍, ഫയര്‍ ഫൈറ്റിംഗ്, ഫസ്റ്റ് എയ്‌ഡ്, 303 റൈഫില്‍ ട്രെയിനിംഗ് തുടങ്ങി വിവിധതരത്തിലുള്ള പരിശീലനങ്ങള്‍ ഹോം ഗാര്‍ഡ്‌സിനു നല്‍കാറുണ്ട്. 18 -50 വയസിനും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും ഈ സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം.
ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 23000 കോടി രൂപാ പ്രകൃതിപരവും മനുഷ്യനിര്‍മ്മിതവുമായ ദുരന്തങ്ങള്‍ പരിഹരിക്കുന്നതിന് ചെലവഴിക്കുവാന്‍ ഇടയായിട്ടുണ്ട് എന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി കണക്കാക്കിയിട്ടുണ്ട്. ആയതിനാല്‍ ഈ തരത്തിലുള്ള ദുരന്തങ്ങളില്‍ നാശനഷ്‌ടങ്ങള്‍ പരമാവധി കുറയ്‌ക്കുന്നതിന് ജനങ്ങളെ സഹകരിപ്പിച്ചുകൊണ്ട് ഹോം ഗാര്‍ഡ്‌സ് പോലെയുള്ള സിവില്‍ ഡിഫന്‍സ് സംവിധാനം കേരളത്തില്‍ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഡിഫന്‍സ് ആണ് ഈ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സംസ്ഥാന പോലീസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ദൈനംദിന കാര്യങ്ങള്‍ നടപ്പാക്കുന്നത്. ദേശീയ സിവില്‍ ഡിഫന്‍സ് കോളേജ് നാഗപ്പൂര്‍ വിവിധ രീതിയിലുള്ള പരിശീലനങ്ങള്‍ നടത്താറുണ്ട്. ഊട്ടിയിലും ബാംഗ്ലൂരിലും ഹോംഗാര്‍ഡ്‌സ് സിവില്‍ ഡിഫന്‍സ് പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുവാനും ഹോം ഗാര്‍ഡ്‌സ് പ്രസ്ഥാനത്തിലൂടെ സാധിക്കാം. ആയതിനാല്‍ യുവജനങ്ങള്‍ക്കിടയില്‍ ഐക്യവും അച്ചടക്കവും രാജ്യസേവന താല്‍പര്യവും ഉണ്ടാകാന്‍ സഹായിക്കുന്ന ഹോം ഗാര്‍ഡ്‌സ് പ്രസ്ഥാനം കേരളത്തില്‍ ആരംഭിക്കാന്‍ ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ മലയാളിയായ സഹമന്ത്രി ഉള്ളതുകൊണ്ട് വളരെ അനുകൂലമായ അവസ്ഥയാണുള്ളത്.
എബി ജെ. ജോസ്
08/10/09
No comments:
Post a Comment