Blog Archive

Friday, November 5, 2010

സംവരണം : പുനര്‍വിചിന്തനം ആവശ്യം


ന്ന്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌ സംവരണം എന്നുള്ളത്‌. സ്‌കൂള്‍, കോളജ്‌ അഡ്‌മിഷനില്‍ തുടങ്ങി ഏതു കാര്യത്തിനും സംവരണം ഒരു മാനദണ്ഡമായി നമ്മുടെ രാജ്യത്ത്‌ സ്വീകരിച്ചിട്ടുണ്ട്‌. സംവരണം ഒരു കാലഘട്ടത്തില്‍ അനിവാര്യമായിരുന്നു താനും. എന്നാല്‍ സംവരണമൊന്നുമില്ലാതിരുന്ന കാലത്തും കഴിവും കഠിനപ്രയത്‌നവും ഒക്കെ കൊണ്ട്‌ ഉന്നത നിലയില്‍ എത്തിയ ആളുകള്‍ നമുക്കിടയില്‍ തന്നെ ചൂണ്ടിക്കാണിക്കാനാവും. അന്തരിച്ച മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍ ദുരിതങ്ങള്‍ക്കിടയിലും കഴിവുപയോഗിച്ചു ഉയര്‍ന്നുവന്നയാളാണ്‌. സംവരണത്തിന്റെ പേരിലുള്ള യാതൊരു ആനുകൂല്യവും അദ്ദേഹത്തിനും ലഭിച്ചിരുന്നില്ല.


ഇന്ന്‌ സംവരണമെന്നത്‌ തൊഴിലുറപ്പാക്കാനുള്‍പെടെയുള്ള കാര്യങ്ങള്‍ക്കായുള്ള ഒരു കുറുക്കുവഴി മാത്രമായി മാറിയിരിക്കുകയാണ്‌. വോട്ടുബാങ്കുകളെ ലക്ഷ്യം വച്ച്‌ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ്‌ കണ്ടുവരുന്നത്‌.

അതേസമയം കഴിവ്‌ ഉണ്ടെങ്കിലും സംവരണമില്ലാത്തതിനാല്‍ തഴയപ്പെടുന്ന നിരവധിപ്പേര്‍ ഇന്നുണ്ട്‌. ഇവര്‍ക്കായി ശബ്‌ദിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്‌.

സംവരണത്തിന്റെ പേരില്‍ മാത്രം അനര്‍ഹര്‍ പോലും പലയിടത്തും മുന്നിലെത്താറുണ്ടെന്നതു വിസ്‌മരിക്കാനാവുകയില്ല. ചില അവസരത്തില്‍ സംവരണത്തില്‍പ്പെടുന്ന ആളുടെ കുടുംബത്തിലെ മുഴുവന്‍ പേരും ആനുകൂല്യങ്ങള്‍ പറ്റുമ്പോള്‍ കഴിവുണ്ടെങ്കിലും ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത കുടുംബങ്ങള്‍ ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന കാഴ്‌ച ഏറെയാണ്‌. സംവരണത്തെക്കുറിച്ച്‌ പുനര്‍വിചിന്തനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നു പറയേണ്ടിയിരിക്കുന്നു. വിദേശരാജ്യത്തെ ഏതെങ്കിലും തൊഴില്‍ ലഭിക്കാന്‍ സംവരണം കൊണ്ടാവുമോ? അവിടെ കഴിവിനും മികവിനുമാണ്‌ സ്ഥാനം. സംവരണം മൂലം നിരവധി അര്‍ഹരായവര്‍ തഴയപ്പെടുന്ന ഈ കാലഘട്ടത്തില്‍ സംവരണമെന്നതു ഒരു കുടുംബത്തില്‍ ഒരാള്‍ക്കെന്ന മാനദണ്ഡംനിശ്ചയിക്കേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച പെണ്‍കുട്ടികള്‍ക്കായുള്ള പദ്ധതി ഒരു കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്കുമാത്രമേ ബാധകമുള്ളു എന്നതു ഇക്കാര്യത്തിലും ബാധകമാക്കുന്നത്‌ രാജ്യത്തിനു ഗുണകരമാകുമെന്നതിനു സംശയമില്ല.

സംവരണം കൂടിയേ തീരു എന്നാണ്‌ നിര്‍ബന്ധമെങ്കില്‍ അതു പഠനകാര്യങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തേണ്ടിയിരിക്കുന്നു. സംവരണത്തിന്റെ ആനുകൂല്യത്തില്‍ പഠിക്കാന്‍ അവസരം ലഭിച്ച ഒരാള്‍ മികവൊന്നും കാട്ടാതെ ഏറ്റവും പിന്നിലായി വന്നുവെന്നു കരുതുക. തൊഴിലില്‍ സംവരണമുള്ളതിനാല്‍ ഏറ്റവും മികവു കാട്ടിയ ആളെ തള്ളി മാറ്റി പിന്നിലുള്ളയാള്‍ ഒന്നാമനായി ഫിനിഷു ചെയ്യുന്നതിലെ അപാകത ചിന്തിക്കാവുന്നതേയുള്ളൂ.ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കാന്‍ നമ്മുടെ രാഷ്‌ട്രീയ നേതൃത്വം തയ്യാറാവേണ്ടിയിരിക്കുന്നു.
 
21/02/2006

No comments: