Blog Archive

Friday, November 5, 2010

കോണ്‍ഗ്രസ്‌ പാര്‍ട്ടി പതാകകള്‍ മാറ്റി ദേശീയപതാകയോട്‌ ആദരവു പ്രകടിപ്പിക്കണം

ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസി(ഐ)ന്റെ സമുന്നത നേതാവായിരുന്നു കെ. കരുണാകരന്‍. ആ പാര്‍ട്ടിയുമായി കലഹിച്ച്‌ ഭിന്നിച്ച കരുണാകരന്‍ പുതിയ പാര്‍ട്ടിക്ക്‌ രൂപം നല്‍കുകയുണ്ടായി. കരുണാകരന്‍ തന്റെ പാര്‍ട്ടിക്ക്‌ നാഷണല്‍ കോണ്‍ഗ്രസ്‌ ഇന്ദിര എന്നു പേരും നല്‍കി. ഈ പേരില്‍ പാര്‍ട്ടിക്ക്‌ രജിസ്‌ട്രേഷന്‌ ചെന്നപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ (ഐ) ആ പേര്‌ നല്‍കുന്നതിനെ എതിര്‍ത്തു. തങ്ങളുടെ പാര്‍ട്ടിയുടെ പേരിനോട്‌ സാമ്യമുള്ള പേര്‌ ആയിരുന്നതിലായിരുന്നു കോണ്‍ഗ്രസ്‌ (ഐ)ന്റെ എതിര്‍പ്പ്‌. എതിര്‍പ്പിനെത്തുടര്‍ന്ന്‌ കരുണാകരന്റെ പാര്‍ട്ടിക്ക്‌ പേര്‌ മാറ്റേണ്ടിതായി വന്നു.കരുണകരന്റെ പുതിയ പാര്‍ട്ടിയുടെ പേരിന്‌ തങ്ങളുടെ പാര്‍ട്ടിയുടെ പേരുമായി സാമ്യമുള്ളത്‌ തങ്ങള്‍ക്ക്‌ ദോഷകരമാകുമെന്ന തിരിച്ചറിവാണ്‌ കോണ്‍ഗ്രസ്‌ (ഐ) പാര്‍ട്ടിയെ ഈ നീക്കത്തിന്‌ പ്രേരിപ്പിച്ചത്‌.


സ്വാതന്ത്ര്യത്തിനുമുമ്പ്‌ ത്രിവര്‍ണ്ണപതാക എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാകയായിരുന്നു. ബ്രിട്ടീഷുകാരില്‍ നിന്ന്‌ ഭരണചുമതല ഏറ്റെടുക്കുമ്പോള്‍ രാഷ്‌ട്രത്തിന്‌ ഒരു ദേശീയപതാക ഉണ്ടായിരിക്കണമെന്ന്‌ ദേശീയ നേതാക്കള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ ഒരു ദേശീയപതാകയെക്കുറിച്ച്‌ വ്യാപകമായ ചര്‍ച്ച തന്നെ വേണ്ടിവന്നു. സ്വാതന്ത്രഭാരതത്തിന്റെ ദേശീയപതാകയുടെ സ്വഭാവം നിര്‍ദ്ദേശിക്കാന്‍ 1947 ജൂണ്‍ 23-ന്‌ ഒരു കമ്മറ്റി രൂപവല്‍ക്കരിക്കപ്പെട്ടു. ഈ കമ്മിറ്റി വളരെ വിശദമായി പഠനം നടത്തിയ ശേഷം 1947 ജൂലൈ 14-ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

അതുപ്രകാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സ്വീകരിച്ചിട്ടുള്ള ത്രിവര്‍ണ്ണപതാകയെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി അംഗീകരിക്കാവുന്നതാണെന്ന്‌ കമ്മിറ്റി നിര്‍ദ്ദേശിച്ചു. എല്ലാവര്‍ക്കും സ്വീകാര്യമായ മാറ്റം പതാകയില്‍ വേണമെന്നും കമ്മിറ്റി വ്യക്തമാക്കി. തുടര്‍ന്നാണ്‌ ഇന്ത്യയുടെ ദേശീയ പതാകയ്‌ക്ക്‌ അംഗീകാരം നല്‍കിയത്‌.ദേശീയപതാകയോട്‌ സാമ്യമുള്ള പകര്‍പ്പുകള്‍ ഉപയോഗിക്കുന്നത്‌ നിയമം മൂലം തന്നെ വിലക്കിയിട്ടുണ്ട്‌. 1971 -ലെ നാഷണല്‍ ഹോണര്‍ ആക്‌ടിലും ഇതിന്റെ 2003 -ലെ ഭേദഗതിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.

കരുണാകരന്റെ പാര്‍ട്ടിയുടെ പേരിന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പേരിനോടുള്ള സാമ്യം ദോഷകരമാകുന്നതിലും ഗൗരവമായി കാണേണ്ടത്‌ ദേശീയ പതാകയോട്‌ കോണ്‍ഗ്രസ്‌ പതാകയ്‌ക്കുള്ള സാമ്യമാണ്‌.ദേശീയ പതാകയുടെ അതേ അളവിലും അതേ നിറത്തിലും ആണ്‌ കോണ്‍ഗ്രസ്‌ (ഐ)ന്റെ പതാക. ആകെ ഉള്ള മാറ്റം അശോകചക്രത്തിനു പകരം ചര്‍ക്കയോ കൈപ്പത്തിയോ ഉപയോഗിക്കുന്നുവെന്നുള്ളതു മാത്രമാണ്‌. പലയിടങ്ങളിലും കോണ്‍ഗ്രസ്‌ പതാകയ്‌ക്കു പകരം ദേശീയപതാക ഉപയോഗിക്കാറുണ്ട്‌ താനും. അതിനാല്‍ കോണ്‍ഗ്രസ്‌ (ഐ) തങ്ങളുടെ പാര്‍ട്ടി പതാകയ്‌ക്ക്‌ ഇന്ത്യന്‍ ദേശീയപതാകയോടുള്ള സാമ്യം ഇല്ലാതാക്കണം. തങ്ങളുടെ മുന്‍ഗാമികള്‍ പാര്‍ട്ടിക്കായി ഉപയോഗിച്ചിരുന്ന പതാക രാജ്യത്തിന്റെ പതാകയായി ഉപയോഗിക്കാന്‍ നല്‍കി എന്ന ഒറ്റക്കാര്യം മാത്രം മതി കോണ്‍ഗ്രസിന്‌ ദേശീയ പതാകയെക്കുറിച്ച്‌ അഭിമാനം കൊള്ളാന്‍. ഇതോടൊപ്പം കരുണാകരന്റെ ഡമോക്രാറ്റിക്‌ ഇന്ദിരാകോണ്‍ഗ്രസ്‌, കോണ്‍ഗ്രസ്‌(എസ്‌) തുടങ്ങിയ പാര്‍ട്ടികളും തങ്ങളുടെ പതാകകള്‍ മാറ്റി ദേശീയപതാകയോട്‌ ആദരവു പ്രകടിപ്പിക്കണം.

ഭാരതരാഷ്‌ട്രത്തിന്റെ , സ്വതന്ത്ര്യത്തിന്റെ,നമ്മുടെ രാജ്യാഭിമാനത്തിന്റെ, നീതിയുടെ, ധര്‍മ്മത്തിന്റെ പ്രതീകമാണ്‌ ത്രിവര്‍ണ്ണപതാക എന്നോര്‍ത്താല്‍ മതി; അതിനെ യഥാവിധി ആദരിക്കാതിരിക്കാന്‍ നമുക്കാവില്ല.

19/09/2005

No comments: