Blog Archive

Friday, November 5, 2010

പ്ലീസ്‌, പോലീസിനെ അഭിനന്ദിക്കരുത്‌!


മ്മുടെ രാഷ്‌ട്രപതിയെയും പ്രധാനമന്ത്രിയെയും വധിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി ഇ-മെയില്‍ സന്ദേശമയച്ച അക്‌ബര്‍ രാജ്‌ എന്ന `കൊടും ഭീകര'നെ പ്രധാനമന്ത്രി കേരളത്തിലെത്തും മുമ്പേ പിടികൂടി. ഇക്കാര്യത്തില്‍ നമ്മുടെ പോലീസ്‌ അഭിനന്ദനമര്‍ഹിക്കുന്നു. കേരളാ പോലീസിന്റെ കാര്യക്ഷമത മനസിലാക്കാന്‍ ഈ ഒറ്റക്കാര്യം മതിയാവും. ജനാധിപത്യത്തിന്റെ കാവലാളായ മാധ്യമങ്ങളുടെ ജാഗ്രതയാണ്‌ ഇ-മെയില്‍ സംഭവത്തില്‍ പോലീസിനു കൃത്യസമയത്ത്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉത്തേജനം നല്‍കിയതെന്നതും തര്‍ക്കരഹിതമായ വസ്‌തുതയാണ്‌. എന്നാല്‍ ഇതോടൊപ്പം മറ്റു ചില കാര്യങ്ങളും മനസിലാക്കേണ്ടതുണ്ട്‌.

ഡി.ജി.പിയടക്കം മൂന്നു ഡസനില്‍പ്പരം ഉന്നതപോലീസ്‌ ഉദ്യോഗസ്ഥര്‍ക്കാണ്‌ അക്‌ബര്‍ രാജ്‌ ഇ-മെയില്‍ ഭീഷണി കത്തുകള്‍ അയച്ചതെന്നു പത്രവാര്‍ത്തകളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നു. എന്നിട്ടും കണ്ണൂര്‍ റെയ്‌ഞ്ച്‌ ഡി.ഐ.ജി. എസ്‌. അനന്തകൃഷ്‌ണന്‍ മാത്രമേ ദേശീയ സുരക്ഷയെക്കുറിച്ചുള്ള ഈ സന്ദേശം ശ്രദ്ധിച്ചുള്ളൂവെന്നതും പോലീസിനെ അഭിനന്ദിക്കുന്നതോടൊപ്പം നാം ചേര്‍ത്തു വായിക്കണം. ഏതാനും ദിവസം രാജ്യത്തെ, പ്രത്യേകിച്ച്‌ കേരളത്തെ മുള്‍മുനയില്‍ നിറുത്തിയ ഈ പ്രശ്‌നം കേരളാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ `കാര്യക്ഷമത'യെക്കുറിച്ചു മനസിലാക്കാന്‍കൂടി അവസരം നല്‍കിയിരിക്കുകയാണ്‌. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള സംശയം തീര്‍ക്കാന്‍ ഉന്നതപോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഉത്തരവാദിത്തമുണ്ട്‌.

നമ്മുടെ പോലീസിനു കുറ്റവാളികളെ പിടികൂടാന്‍ നന്നായി അറിയാം. പക്ഷേ, അവര്‍ മനസുവയ്‌ക്കണമെന്നു മാത്രം. അല്ലെങ്കില്‍ ചുറ്റും കണ്ണോടിച്ചു നോക്കുക. എത്രയെത്ര കേസുകള്‍ തെളിയാതെ കിടക്കുന്നു. തേയ്‌ച്ച്‌ മായ്‌ച്ച്‌ കളയുന്നു. അതിനാല്‍ ഒരിക്കലും പോലീസിനെ അഭിനന്ദിക്കരുത്‌. അഭിനന്ദനം പോലീസിനെ ദുഷിപ്പിക്കും. പ്രതിയെ പിടിക്കുന്നതും മറ്റും അവരുടെ ജോലിയാണ്‌. കുറ്റപ്പെടുത്തല്‍ കേള്‍ക്കുകയെന്നത്‌ അവരുടെ ജോലിയുടെ ഭാഗമാണ്‌. അതിനാല്‍ ദയവായി ക്ഷമിക്കുക. മുകളില്‍ പോലീസിനെ അഭിനന്ദിച്ചത്‌ പിന്‍വലിക്കുകയാണ്‌.

31/10/2006

No comments: