ചലച്ചിത്രനടന്‍ മോഹന്‍ലാലിനു ടെറിട്ടോറിയല്‍ ആര്‍മിയുടെ ലഫ്‌റ്റനന്റ് കേണല്‍ പദവി നല്‍കിയിരിക്കുകയാണ്. ദേശസ്‌നേഹമുള്ള സിനിമകളില്‍ അഭിനയിച്ചതിനും സൈനികസേവനത്തെ ഉയര്‍ത്തികാട്ടിയതിനുമാണത്രെ മോഹന്‍ലാലിനു ഈ പദവി നല്‍കിയിരിക്കുന്നത്. ഇതിനുമുമ്പ് ഭാരതത്തിലെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്‌ക്കാരവും നല്‍കിയിരുന്നു.
ദേശീയ ബഹുമതികള്‍ക്ക് അര്‍ഹരാകുന്നവര്‍ സമൂഹത്തിനു മാതൃകകളായിരിക്കേണ്ടതാണ്. ഇതോടൊപ്പം രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്നവരും ആയിരിക്കണം. എന്നാല്‍ മോഹന്‍ലാലിന്റെ പല പ്രവര്‍ത്തികളും സമൂഹത്തിനു ദുര്‍മാതൃകയാണ് നല്‍കികൊണ്ടിരിക്കുന്നത്. ഒരു മദ്യ ഉത്‌പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ വിമര്‍ശന വിധേയനായ ആളാണ് മോഹന്‍ലാല്‍. മദ്യ ഉത്‌പന്നങ്ങള്‍ക്ക് പരസ്യം പാടില്ലെന്ന 1950-ലെ പ്രൊഹിബിഷന്‍ ആക്‌ടിനെ ലംഘിച്ചുകൊണ്ടായിരുന്നു മദ്യപാനത്തിനു ആളുകളെ ക്ഷണിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചത്. `വൈകിട്ടെന്താ പരിപാടി' എന്ന പരസ്യത്തിലൂടെ തന്റെ താരമൂല്യത്തെ വിപണനം ചെയ്‌തു സമൂഹത്തിനാകെ ദുര്‍മാതൃകയാകുകയായിരുന്നു അദ്ദേഹം. തെറ്റു ചൂണ്ടിക്കാണിച്ച അവസരത്തില്‍പോലും ന്യായീകരിച്ചയാളാണ് മോഹന്‍ലാല്‍. അന്നദ്ദേഹം പറഞ്ഞത് അഭിനയിക്കുകയെന്നത് അഭിനേതാവിന്റെ ജോലിയാണെന്നായിരുന്നു. ദേശസ്‌നേഹമുള്ള സിനിമകളാണെങ്കില്‍കൂടി അദ്ദേഹം തന്റെ ജോലിയായ അഭിനയം ഭംഗിയായി നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്‌തത്. അതിനദ്ദേഹം പ്രതിഫലം കൃത്യമായി വാങ്ങിക്കുകയും ചെയ്‌തിട്ടുണ്ടാവും. ദേശസ്‌നേഹത്തിന്റെ പേരില്‍ ബഹുമതിക്കര്‍ഹനായ ലഫ് കേണലിനു പക്ഷേ, ദേശീയ പതാകയെന്തെന്നോ ഗാന്ധിജി ആരെന്നോ ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും എന്താണെന്നും അതിന്റെ പ്രാധാന്യവും അറിയില്ല.
ദേശീയപതാക പരസ്യത്തിനുപയോഗിക്കരുതെന്നു ഫ്‌ളാഗ് കോഡ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ `കുരുക്ഷേത്ര' യെന്ന സിനിമയുടെ വാള്‍പോസ്റ്ററുകളില്‍ ദേശീയപതാക വികലമാക്കി അതില്‍ സ്വന്തം ചിത്രമടിച്ചത് കണ്ടാസ്വദിച്ചയാളാണ് മോഹന്‍ലാല്‍.
സിനിമാതാരങ്ങളുടെ സംഘടനയായ `അമ്മ'യ്‌ക്കുവേണ്ടി നടന്‍ ദിലീപ് നിര്‍മ്മിച്ച ട്വന്റി 20 എന്ന ചിത്രത്തിന്റെ സിഡികള്‍ പരിശോധിച്ചാല്‍ അതില്‍ ഗാന്ധിജിയെയും സ്വാതന്ത്ര്യസമരചരിത്രത്തെയും ആക്ഷേപിക്കുന്ന രംഗത്തില്‍ മഹനീയ സാന്നിദ്ധ്യമാണ് പത്മശ്രീ ലഫ്‌റ്റനന്റ് കേണല്‍ മോഹന്‍ലാലിന്റേത്. ഗാന്ധിജി തെണ്ടി നടന്നു സ്വാതന്ത്ര്യം നേടിയെന്നു ദിലീപ് പറയുമ്പോള്‍ ഈ പ്രഖ്യാപിത ദേശസ്‌നേഹി സ്‌ക്രിപ്‌റ്റിനനുസരിച്ചു തകര്‍ത്തഭിനയിക്കുക മാത്രമാണ് ചെയ്‌തത്.
മദ്യത്തിന്റെ പരസ്യത്തിലഭിനയിച്ചത് വിവാദമായപ്പോള്‍ അദ്ദേഹം പറഞ്ഞത് താന്‍ പരസ്യത്തിലഭിനയിച്ചതുകൊണ്ട് ആരും മദ്യപാനികളാകില്ലെന്നായിരുന്നു. ഇപ്പോള്‍ പറയുന്നു തന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ മിലിറ്ററിയിലേയ്‌ക്ക് ആളുകളെ ആകര്‍ഷിക്കുമെന്ന്. ഈ ഇരട്ടത്താപ്പ് എങ്ങനെ അംഗീകരിക്കാനാവും? രാജ്യത്തെ പൊതു തെരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍പ്പോലും വോട്ടുചെയ്യാതെയും താരസംഘടനയുടെ എല്ലാ ചടങ്ങുകളിലും കൃത്യമായി പങ്കെടുക്കുകയും ചെയ്‌തു `പൗരധര്‍മ്മം' കാട്ടുന്ന വ്യക്തിയാണ് മോഹന്‍ലാല്‍.
രാജ്യസ്‌നേഹവുമായാലും മദ്യപരസ്യമായാലും അദ്ദേഹത്തിനു എല്ലാം അഭിനയം മാത്രമാണ്. മോഹന്‍ലാലിനെ കണ്ട് ആവേശത്തില്‍ അതേ ശൈലി പട്ടാളത്തില്‍ നടക്കുമെന്നു വിചാരിച്ചുപോയാല്‍ എന്താവും അവസ്ഥ? രാജ്യസ്‌നേഹമെന്നത് ഓരോരുത്തരുടെയും മനസ്സില്‍ നിന്നാണുയരേണ്ടത്. കാശ്‌മീരിലും മറ്റും രാജ്യത്തിനായി പോരാടി വീരമൃത്യുവരിക്കുകയും അംഗവൈകല്യം വരുകയും ചെയ്‌ത ധീര ജവാന്മാരെ, അവരുടെ ത്യാഗങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് ദേശസ്‌നേഹം ഉണര്‍ത്തേണ്ടത്. അല്ലാതെ സിനിമാതാരങ്ങളെ കാട്ടി കപടമായി സൃഷ്‌ടിക്കുകയല്ല വേണ്ടത്. വെറും അഭിനയത്തിന്റെ പേരില്‍ മാത്രം ഇത്തരം ബഹുമതികള്‍ നല്‍കുന്നത് അനുചിതവും ബഹുമതികളോടുള്ള അവഹേളനവുമാണ്.
രാജ്യസ്‌നേഹം കപടമായി സൃഷ്‌ടിക്കാന്‍ കഴിയുന്നതോ ബഹുമതികളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയുന്നതോ അല്ല. അഭിനയമില്ലാത്ത യഥാര്‍ത്ഥ രാജ്യസേവനവും രാജ്യസ്‌നേഹവും നടത്താന്‍ മോഹന്‍ലാലിനു അവസരം നല്‍കുകയും അദ്ദേഹം അതു നിര്‍വ്വഹിക്കുകയും ചെയ്യട്ടെ. അത് എല്ലാവരുടെയും പോലെതന്നെ അദ്ദേഹത്തിന്റെയും കടമയാണ്.
എബി ജെ. ജോസ്
16/07/09
No comments:
Post a Comment