Blog Archive

Wednesday, October 27, 2010

മോഹന്‍ലാല്‍ രാജ്യസ്‌നേഹത്തെ കച്ചവടവല്‍ക്കരിക്കുന്നു


കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലും സുപരിചിതനായ മലയാളിയാണ്‌ ചലച്ചിത്രനടന്‍ മോഹന്‍ലാല്‍. രാഷ്‌ട്രപതി പ്രതിഭാപാട്ടീലിനെയോ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയോ മുഖ്യമന്ത്രി സാക്ഷാല്‍ അച്യുതാനന്ദനെയോ അറിയാത്തവര്‍ക്കുപോലും മോഹന്‍ലാലിനെ അറിയാം. ചാനലുകളുടെ വരവോടെ ടെലിവിഷനിലൂടെ മലയാളിയുടെ വീടുകളിലെ നിത്യഅതിഥികൂടിയാണ്‌ ഇദ്ദേഹം. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ മൂന്നു പതിറ്റാണ്ടിലേറെയായി മലയാളചലച്ചിത്രലോകത്ത്‌ മുടിചൂടാമന്നനായി നിലകൊള്ളുകയാണ്‌ ലാല്‍.

അഭിനയമികവിന്റെ വെളിച്ചത്തില്‍ ഏറ്റവും മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരത്തിന്‌ ഒന്നിലേറെ തവണ അര്‍ഹനായി. തുടര്‍ന്നു അഭിനയത്തിന്റെ പേരില്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരങ്ങളിലൊന്നായ പത്മശ്രീയും നല്‍കി രാജ്യം മോഹന്‍ലാലിനെ ആദരിച്ചു. ഏറ്റവും ഒടുവിലായി ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്‌റ്റനന്റ്‌ കേണല്‍ പദവിയും ലാലിനു നല്‍കി. ദേശാഭിമാനവും ദേശസ്‌നേഹവും പ്രചരിപ്പിച്ചതിനും തുടര്‍ന്നങ്ങോട്ട്‌ ഇവ തുടരുന്നതിനുമാണ്‌ അശോകചക്രം തോളിലണിയുവാന്‍ അദ്ദേഹത്തെ അനുവദിച്ചത്‌.
എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ ഒരു സ്വകാര്യസ്വര്‍ണ്ണാഭരണ സ്ഥാപനത്തിന്റെ പരസ്യത്തില്‍ ഔദേ്യാഗികവേഷത്തിലുള്ള ചിത്രവുമായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്‌ തികച്ചും അനുചിതമാണെന്നു പറയാതെ വയ്യ. സ്വര്‍ണ്ണപരസ്യത്തില്‍ നേരിട്ടു പ്രത്യക്ഷപ്പെടുന്നതു വന്‍ വിമര്‍ശനത്തിനിടയാക്കുമെന്ന കാരണത്താല്‍ മാലിന്യവിമുക്ത കേരളമെന്ന കാര്യം പറഞ്ഞുകൊണ്ടാണ്‌ ലാലിന്റെ പരസ്യം. സോഡയുടെയും മിനറല്‍വാട്ടറിന്റെയും പേരില്‍ മദ്യക്കച്ചവടം നടത്തുന്നതുപോലെ തന്നെ മാലിന്യത്തിന്റെ മറവില്‍ ദേശീയതയും താരമൂല്യവും മുതലെടുത്ത്‌ സ്വര്‍ണ്ണകച്ചവടം നടത്തുവാനുള്ള ശ്രമമാണ്‌ ഇതിനു പിന്നില്‍. ഔദേ്യാഗിക യൂണിഫോമില്‍ കച്ചവടസ്ഥാപനത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുകയെന്നത്‌ ഗൗരവകരമായി കാണേണ്ടിയിരിക്കുന്നു.
മദ്യപരസ്യത്തിലഭിനയിക്കുകയും ഗാന്ധിജിയെയും സ്വാതന്ത്ര്യസമരചരിത്രത്തെയും അവഹേളിക്കുന്ന സിനിമാരംഗത്തു മഹനീയ സാന്നിദ്ധ്യം അരുളുകയും ചെയ്‌ത മോഹന്‍ലാലിന്റെ സാമൂഹ്യപ്രതിബന്ധത മനസ്സിലാക്കാന്‍ മലയാളിക്ക്‌ വേണ്ടുവോളം അവസരം ലഭിച്ചിട്ടുണ്ട്‌.
മോഹന്‍ലാല്‍ മികച്ച നടനാണ്‌. അദ്ദേഹം അഭിനയിക്കട്ടെ. ഓസ്‌ക്കാറും അതിനപ്പുറവും നേടട്ടെ. അതില്‍ നമ്മുക്ക്‌ അഭിമാനിക്കാം. എന്നാല്‍ ദേശാഭിമാനത്തിന്റെയും സാമൂഹ്യപ്രതിബന്ധതയുടെയും പേരില്‍ സര്‍വ്വതും കച്ചവടമാക്കുന്ന ലാലിന്റെ നിലപാടുകള്‍ എതിര്‍ക്കപ്പെടണം.




എബി ജെ. ജോസ്‌

16/08/09

No comments: