Blog Archive

Wednesday, October 27, 2010

റോഡപകടം: ഒരു പോലീസ്‌ അനുഭവം

റോഡപകടങ്ങളില്‍പ്പെടുന്ന സഹയാത്രികരെ രക്ഷപ്പെടുത്തി ആശുപത്രിയെത്തിക്കുകയെന്നത്‌ മനുഷ്യത്വപരമായ ഒരു സമീപനമാണ്‌. ഇങ്ങനെ അപകടത്തില്‍പ്പെടുന്നവരെ തിരിഞ്ഞു നോക്കാതെ കടന്നുപോകുന്നവര്‍ നാളെകളില്‍ നമ്മള്‍ക്കും ഇതേ അവസ്ഥ വന്നുകൂടായ്‌കയില്ല എന്നു ഒരു നിമിഷം ചിന്തിച്ചാല്‍ ആര്‍ക്കും ഇങ്ങനെ കടന്നുപോകാന്‍ സാധിക്കുകയില്ല. അപകടത്തില്‍പ്പെടുന്നവരെ രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിക്കുന്നവരെ അതിന്റെ പേരില്‍ പോലീസ്‌ ബുദ്ധിമുട്ടിക്കുന്ന ശൈലിനിലനില്‍ക്കുന്ന സാഹചര്യമാണ്‌ നിലവിലുണ്ടായിരുന്നത്‌. പോലീസിന്റെ ഇത്തരം പ്രാകൃത നടപടികള്‍മൂലം അപകടത്തില്‍പ്പെടുന്നവരെ ആരും പരിഗണിക്കാതെ വരുന്ന അവസ്ഥയെത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം ജനുവരി 25-ന്‌ പോലീസ്‌ വകുപ്പ്‌ സര്‍ക്കുലര്‍ ഇറക്കേണ്ടിവന്ന ഗതികേടിനും നമ്മള്‍ സാക്ഷ്യം വഹിച്ചു. പോലീസ്‌ വകുപ്പ്‌ ആറാം നമ്പരായി പുറപ്പെടുവിച്ച ആ സര്‍ക്കുലര്‍ പ്രകാരം അപകടത്തില്‍പ്പെടുന്നവരെ രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിക്കുന്നവരെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കരുതെന്നാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. പഴയ ഒരു പഴഞ്ചൊല്ലിന്റെ ഓര്‍മ്മയില്‍ ഇതിലൊന്നും കാര്യമില്ലെന്നു കഴിഞ്ഞ ദിവസം (13/1/2010) ഉണ്ടായ ഒരനുഭവം കാട്ടിത്തരുന്നു. അതിങ്ങനെ:
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മദ്രാസ്‌ സ്റ്റെല്ലാമാരീസ്‌ കോളേജില്‍ പഠിക്കുന്ന എന്റെ സഹോദരി ബെക്കിയെ കാറില്‍കൂട്ടിക്കൊണ്ടുവരികയായിരുന്നു. വിമാനം താമസിച്ചതിനാല്‍ യാത്രയും വൈകി. ഏകദേശം രാത്രി എട്ടരമണിയോടടുത്തു. പെരുമ്പാവൂര്‍ കഴിഞ്ഞ ഒരു സ്ഥലം. ഞാന്‍ ഓടിച്ചിരുന്ന കാറിനു ഏതാനും വാഹനം മുന്നിലായിരുന്ന ഒരു ഓട്ടോറിക്ഷാ മുന്നിലുണ്ടായിരുന്ന തടികയറ്റിയ ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി. തൊട്ടുമുന്നിലുള്ള വാഹനങ്ങളിലുള്ളവര്‍ ഗ്ലാസുകയറ്റി അതിവേഗം ഓടിച്ചുപോയി. ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോറിക്ഷാ ലോറിയില്‍നിന്നും മാറ്റി പരുക്കേറ്റ ഒരാളെ പുറത്തെടുത്തു. ഒട്ടും സമയം പാഴാക്കാതെ കാറിന്റെ പിന്നിലെ വാതില്‍ ഞാന്‍ തുറന്നുകൊടുത്തപ്പോള്‍ നാട്ടുകാര്‍ ഗുരുതരമായി പരുക്കേറ്റയാളെ കാറിനുള്ളില്‍ കിടത്തി. നാട്ടുകാരനായ ഒരാളും ഒപ്പം കയറി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കിലോമീറ്ററുകള്‍ അകലെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയില്‍ എത്തിച്ചു. പരുക്കേറ്റ ആളെ കാറില്‍ കയറ്റുമ്പോഴും പിന്നാലെ കടന്നുവന്നുകൊണ്ടിരുന്ന വാഹനങ്ങള്‍ അപകടമാണെന്നറിഞ്ഞു ഗ്ലാസുകളുയര്‍ത്തി പായുന്നത്‌ കാണാമായിരുന്നു. രാത്രിയില്‍ നിറുത്താതെ ഹോണടിച്ചു ആശുപത്രിയെ ലക്ഷ്യമാക്കി കാറോടിച്ചപ്പോഴും സൈഡുതരാന്‍പോലും മിക്ക വാഹനങ്ങളും തയ്യാറായില്ല. എതിര്‍ദിശയിലുള്ള തൊണ്ണൂറ്റിഒന്‍പതു ശതമാനം വാഹനങ്ങളും ലൈറ്റു ഡിമ്മാക്കി നല്‍കിയതും ഇല്ല.
ആശുപത്രിയില്‍ എത്തിയ ഉടന്‍തന്നെ ജീവനക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. പരുക്കേറ്റയാളെ പരിചരിക്കാനായി കൊണ്ടുപോയി. തുടര്‍ന്നു പരുക്ക്‌ പറ്റിയ രണ്ടാമത്തെ ആളെ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയിലെത്തിച്ചശേഷം ഹൈവേ പോലീസ്‌ എത്തി. അതിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനോട്‌ ആളെ എത്തിച്ച വിവരം ധരിപ്പിച്ചു. എസ്‌.ഐ.യോട്‌ പറയാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എസ്‌.ഐ. വന്നപ്പോള്‍ വിവരം ധരിപ്പിച്ചശേഷം വിസിറ്റിംഗ്‌ കാര്‍ഡും നല്‍കി പോകാന്‍ തുടങ്ങി. ആര്‍ക്കാണു പരുക്കുപറ്റിയതെന്ന്‌ എസ്‌.ഐ. എന്നോടു ചോദിച്ചു. വഴിയില്‍ കണ്ട അപകടത്തിലെ ആളെ കൊണ്ടുവന്നതാണെന്നു പറഞ്ഞപ്പോള്‍ തന്റെ ഡ്യൂട്ടിയാണ്‌ വിവരം അറിയണം എന്നൊക്കെയായി. കുറച്ചുനേരം സംസാരിച്ചുനിന്നശേഷം കാര്‍ എടുത്തുപോരാന്‍ തുടങ്ങിയപ്പോള്‍ തടഞ്ഞുനിര്‍ത്തി. പ്രതികണക്കെ നമ്പര്‍ കുറിക്കല്‍ തുടങ്ങിയ നടപടികളും മറ്റും ആവര്‍ത്തിച്ചു. അപകടത്തില്‍പ്പെട്ടയാളെ കണ്ടെത്താന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ടെന്നിരിക്കെയാണ്‌ ഇത്‌. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെ അറിയിക്കുന്നതിനും മറ്റും ചെലവിടേണ്ട സമയത്ത്‌ കൃത്യമായ വിലാസവും ഫോണും ഒക്കെ നല്‍കിയയാളെ കഷ്‌ടപ്പെടുത്തുന്ന നടപടിയാണ്‌ ഉണ്ടായത്‌. ആശുപത്രിയില്‍വച്ച്‌ പോലീസിന്റെ ഈ നടപടി ശ്രദ്ധിച്ചയാളുകള്‍ എങ്ങനെ ഇനി ഒരാളെ ഇത്തരത്തില്‍കൊണ്ടുവരാന്‍ തയ്യാറാകും? അതേസമയം നന്നായി എന്നൊരുവാക്ക്‌ പോലീസ്‌ പറയാന്‍ തയ്യാറായിരുന്നെങ്കില്‍ എത്രയോപേര്‍ക്ക്‌ പ്രചോദനമാകുമായിരുന്നു പോലീസിന്റെ നടപടി.
ഉടന്‍തന്നെ സംഭവം ട്രാഫിക്‌ ഐ.ജി. ഡോ.ബി.സന്ധ്യയെ വിവരം വിളിച്ച്‌ അറിയിക്കുകയും അവര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നറിയിക്കുകയും ചെയ്‌തത്‌ ഏറെ ആശ്വാസകരം തന്നെയാണ്‌.
ഇതിനുമുമ്പും അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്‌. മേലാല്‍ പോലീസിന്റെ നടപടി എന്തുതന്നെയായാലും അതു കോടതി വരെ നീണ്ടാലും അപകടത്തില്‍പ്പെടുന്നവരെ രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിക്കാന്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ തയ്യാറാകും എന്നു ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്‌. ഈ പ്രതിജ്ഞ എല്ലാവരും ഏറ്റെടുക്കണമെന്ന അപേക്ഷയാണ്‌ ഞങ്ങള്‍ക്കുള്ളത്‌. നാളെ ഒരുപക്ഷേ ഇത്‌ നമ്മള്‍ക്കാവും സംഭവിക്കുക. അതുമറക്കാതിരുന്നാല്‍ ആര്‍ക്കും അപകടത്തില്‍പ്പെടുന്നവരെ ഉപേക്ഷിക്കാനാവില്ല.




എബി ജെ. ജോസ്‌

14-01-2010

No comments: