Blog Archive

Wednesday, October 27, 2010

എന്തുകൊണ്ട്‌ മോഹന്‍ലാല്‍ വിമര്‍ശിക്കപ്പെടുന്നു





സുകുമാര്‍ അഴീക്കോടിന്റെ അഭിമുഖത്തിനെതിരെ നടനും സംവിധായകനുമായ വേണുനാഗവള്ളി "മാധ്യമം ആഴ്ചപ്പതിപ്പില്‍" അവതരിപ്പിച്ച മറുവാദമാണ്‌ ഈ കുറിപ്പെഴുതുവാന്‍ പ്രേരണയായത്‌. മോഹന്‍ലാല്‍ എന്ന നടനെ അന്ധമായി ആരാധിക്കുന്ന ഒരു ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകന്റെ മാനസികതലത്തിലേയ്‌ക്ക്‌ വേണു നാഗവള്ളി അധഃപതിക്കുന്ന കാഴ്‌ചയാണ്‌ മറുവാദത്തിലുടനീളം പ്രകടമായത്‌. സിനിമാ പ്രവര്‍ത്തകനെന്ന നിലയില്‍ സഹപ്രവര്‍ത്തകനെ ന്യായീകരിക്കേണ്ട ബാധ്യത. അതുമല്ലെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ലാലിന്റെ ഒരു ഡേറ്റ്‌ തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങള്‍ വേണു നാഗവള്ളിക്കു മുന്നില്‍ ഒരു `പിടിവള്ളി' ആവാന്‍ ഉണ്ടായിരിക്കാം. ഒരു യഥാര്‍ത്ഥ സുഹൃത്തായിരുന്നു വേണു നാഗവള്ളിയെങ്കില്‍ വിമര്‍ശനങ്ങളെ അപഗ്രഥിച്ചു ആത്മവിമര്‍ശനത്തിനു തയ്യാറാകാനായിരുന്നു ലാലിനെ പ്രേരിപ്പിക്കേണ്ടിയിരുന്നത്‌.
മോഹന്‍ലാല്‍ എന്ന നടനെ ഏറെക്കാലമായി സസൂക്ഷ്‌മം വീക്ഷിക്കുന്ന ആളെന്ന നിലയിലാണ്‌ ഈ കുറിപ്പ്‌ തയ്യാറാക്കുന്നത്‌. മോഹന്‍ലാല്‍ എന്ന നടനെ എനിക്ക്‌ ചെറുപ്പം മുതലെ ഇഷ്‌ടമാണ്‌. അതിപ്പോഴും തുടരുന്നു. അതുകൊണ്ടുതന്നെ ലാലിന്റെ പരമാവധി ചിത്രങ്ങളും കാണാറുണ്ട്‌. മോഹന്‍ലാല്‍ എന്ന നടനെ അംഗീകരിക്കുന്നു. അര്‍ഹിക്കുന്ന ആദരവും നല്‍കുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ ചെയ്‌തികളെല്ലാം അംഗീകരിക്കാന്‍ എനിക്കാവുകയില്ല.
എന്റെ പതിനൊന്നാമത്തെ വയസ്സില്‍ 1983-ലാണ്‌ മോഹന്‍ലാലിനെ ആദ്യമായി നേരില്‍ കാണുന്നത്‌. എന്റെ തറവാട്‌ വീടിനു എതിര്‍വശത്തുള്ള വീട്ടില്‍ `ഹിമവാഹിനി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അത്‌. സിനിമകളില്‍ അനീതികള്‍ക്കെതിരെ പൊരുതുന്ന ലാലെന്ന നടന്‍ ഏതൊരു ചെറുപ്പാക്കാരനെപ്പോലെയും എനിക്കും ആവേശമായി മാറി. സിനിമകളിലെ ഈ ലാലാണ് മോഹന്‍ലാലിന്റെ അനീതികള്‍ക്ക്‌ എതിരെ പ്രതികരിക്കാന്‍ എനിക്ക്‌ പ്രചോദനമായത്‌.
നിയ എലിസബത്ത്‌. രണ്ടുവയസ്സുകാരിയാണ്‌. ആ ചെറിയ വായില്‍ ഒതുങ്ങാത്ത പേരാണ്‌ മോഹന്‍ലാല്‍ എന്നത്‌ എങ്കിലും ടി.വിയില്‍ ലാലിന്റെ ശബ്‌ദം കേള്‍ക്കുകയോ ചിത്രം കാണുകയോ ചെയ്‌താല്‍ ആഹ്ലാദത്തോടെ `മോലാലി' എന്നുച്ചരിച്ച്‌ ഓടിനടക്കും. ലാല്‍ ബ്രാന്റ്‌ അംബാസിഡറായ ഒരു സ്വര്‍ണ്ണാഭരണശാലയുടെ ടൈറ്റില്‍ കണ്ടാലും `മോലാലി' എന്നു പറഞ്ഞ്‌ ഒച്ച വയ്‌ക്കും. ഇവരുടെ മൂത്ത സഹോദരിമാരായ ഏഴുവയസ്സുകാരി ലിയയുടെയും ആറുവയസ്സുകാരി ദിയയുടെയും പ്രിയ താരം മോഹന്‍ലാല്‍ തന്നെ. ആരെ കല്യാണം കഴിക്കണമെന്നു ചോദിച്ചാല്‍ ഇവരുടെ ഉത്തരം മോഹന്‍ലാലെന്നു മാത്രമാണ്‌.
കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ ഇഷ്‌ടതാരമാണ്‌ മോഹന്‍ലാല്‍. തങ്ങളുടെ വീട്ടിലെ ഒരംഗമെന്നനിലയിലാണ്‌ മോഹന്‍ലാലിനെ മലയാളികള്‍ കണക്കാക്കി വരുന്നത്‌. മറ്റൊരു നടനും കിട്ടാത്ത ഈ ഭാഗ്യം നിമിത്തമാണ്‌ പരിചയമില്ലാത്തവര്‍പോലും `ലാലേട്ടാ' എന്ന്‌ ഇപ്പോഴും വിളിച്ചു പോരുന്നത്‌.
അഭിനയത്തോടൊപ്പം വമ്പന്‍ ബിസിനസ്‌ സാമ്രാജ്യവും ലാല്‍ കെട്ടിപ്പടുത്തു. ഇതോടൊപ്പം പ്രതിഫലം വാങ്ങി പരസ്യങ്ങളില്‍ അഭിനയിച്ച്‌ ആളുകളെ ആകര്‍ഷിപ്പിച്ച്‌ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കാന്‍ തുടങ്ങി. സ്വര്‍ണ്ണം, ജൗളി, ആയുര്‍വേദം, ഷെയര്‍മാര്‍ക്കറ്റ്‌ എന്നുവേണ്ട ബ്ലേഡ്‌ കമ്പനികളുടെ പരസ്യത്തില്‍ വരെ പ്രത്യക്ഷപ്പെട്ടു വരുന്നു. ഇതോടെ തന്റെ താരമൂല്യത്തെ പരമാവധി വിപണനം ചെയ്യുക എന്ന നിലയിലേയ്‌ക്ക്‌ ലാല്‍ തരംതാണു. അങ്ങനെയാണ്‌ `ഒറിജിനല്‍ ചോയിസ്‌' എന്ന മദ്യ ഉത്‌പന്നത്തിനുവേണ്ടി മദ്യപാനത്തിന്‌ ആളെ ക്ഷണിക്കുന്ന `വൈകിട്ടെന്താ പരിപാടി' എന്ന പേരിലുള്ള വിവാദമായ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. അതോടെ കലാകാരനെന്ന നിലയില്‍ സമൂഹത്തോടുള്ള ബാധ്യത പാടെ മറക്കുകയായിരുന്നു മലയാളിയുടെ പ്രിയപ്പെട്ട ലാലേട്ടന്‍. തൊട്ടുപിറകെ `നമ്മുടെ വൈകിട്ടത്തെ പരിപാടി' എന്നു പറഞ്ഞു മദ്യക്കുപ്പിയുമായി ലാല്‍ പ്രത്യക്ഷപ്പെട്ടു. മദ്യത്തിനു പരസ്യം പാടില്ലെന്ന 1950-ലെ പ്രൊഹിബിഷന്‍ ആക്‌ട്‌ നിലനില്‍ക്കെയായിരുന്നു ഇതെന്നും നാം ഓര്‍ക്കണം. മദ്യത്തിനെതിരെ ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദ്ദേശകത്ത്വവും നിലനില്‍ക്കെ ലാലിന്റെ ഈ പരസ്യങ്ങള്‍ കേരളത്തിലെ മുക്കിനും മൂലയിലും സ്ഥാനം പിടിച്ചു. കെ.എസ്‌.ആര്‍.ടി.സി. ബസുകളിലും പരസ്യം നിറഞ്ഞു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഒഴികെ ആരും ഇതിനെതിരെ പ്രതികരിച്ചില്ല. കേരളത്തിലെ മുഖ്യധാരാ ദൃശ്യ-അച്ചടി മാധ്യമങ്ങളും ക്രൂരമായ മൗനം പാലിച്ചത്‌ ലാലിനു ധൈര്യം പകര്‍ന്നു. എങ്കിലും ഈ നടപടിക്കെതിരെ ഫൗണ്ടേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മദ്യകമ്പനിയുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതു സര്‍ക്കാര്‍ തടഞ്ഞു. ഇതു സംബന്ധിച്ച പരാതി ഇപ്പോഴും നിയമസഭാപെറ്റീഷന്‍ കമ്മിറ്റി പരിഗണിച്ചുവരികയാണ്‌. 2007 ലെ ഓണനാളില്‍ ഏഷ്യാനെറ്റില്‍ മദ്യപാനത്തെ ന്യായീകരിച്ച്‌ ഒരു അഭിമുഖം ലാല്‍ നടത്തി. വളരെ മ്ലേച്ചവും ആഭാസകരവും ആയ ആ അഭിമുഖം കേരളത്തിനു ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നായിരുന്നില്ല.



ഒരു സ്വര്‍ണ്ണാഭരണശാല തങ്ങളുടെ പ്രചരണാര്‍ത്ഥം മാലിന്യവിമുക്ത കേരളമെന്ന പരസ്യതന്ത്രത്തിനു തുടക്കം കുറിച്ചു. ഇതിനായി ഒരുപാട്‌ കോലാഹലങ്ങള്‍ സൃഷ്‌ടിച്ചു. എന്നാല്‍ മാലിന്യവിമുക്ത പരിപാടിയുടെ അംബാസിഡര്‍ ആയിരിക്കെ മോഹന്‍ലാല്‍ പങ്കെടുത്ത കോട്ടയത്തെ ഒരു ജൗളിക്കടയുടെ ഉദ്‌ഘാടനവേദിയായിരുന്ന കോട്ടയം പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ മാലിന്യകൂമ്പാരം ഉണ്ടാകുകയും ദിവസങ്ങളോളം അത്‌ അവിടെ തന്നെ കിടക്കുകയും ചെയ്‌തു. ഇതിനിടെയാണ്‌ താഴത്തങ്ങാടി ബസ്‌ ദുരന്തം നടന്നത്‌. ദുരന്തസ്ഥലത്തേയ്‌ക്ക്‌ സഹായവുമായി ഹെലികോപ്‌ടറില്‍ വന്ന നാവികസേനാംഗങ്ങള്‍ക്ക്‌ ഇതുമൂലം ലാന്റിംഗ്‌ നടക്കാതെ വന്നു. താന്‍ പങ്കെടുക്കുന്ന പരിപാടി സ്ഥലം പോലും മാലിന്യവിമുക്തമാകണമെന്ന്‌ ലാലിനില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി സംശയാസ്‌പദമാണ്‌.
കുറച്ചുകാലം മുമ്പ്‌ `മോഹന്‍ലാല്‍സ്‌ ടേയ്‌സ്റ്റ്‌ ബഡ്‌സ്‌' എന്ന അച്ചാര്‍ കമ്പനി ലാല്‍ നടത്തിയിരുന്നു. ഓരോ കുപ്പിയിലും ഇതില്‍ ഒരു കൂട്ട്‌ പരിശോധിച്ച്‌ ഗുണനിലവാരം ഉറപ്പുവരുത്തിയിരിക്കുന്നു എന്ന്‌ എഴുതി ലാല്‍ ഒപ്പു വച്ചിരിക്കുന്നു. പല സ്ഥലത്തായി ഉണ്ടാക്കുന്ന സാധനങ്ങള്‍ ഒരു ബ്രാന്‍ഡ്‌ നെയിമില്‍ കുപ്പിയിലടച്ചു വിതരണം ചെയ്‌തിരുന്ന ഉത്‌പന്നത്തിനാണ്‌ ഇങ്ങനെ എഴുതിയിരുന്നതെന്നും ഓര്‍ക്കേണ്ടതാണ്‌. അതുപോലെ ഉല്‌പന്നങ്ങളുടെ ഗുണനിലവാരം അളക്കാനുള്ള ഔദ്യോഗിക ചുമതല ലാലിന്‌ ആരാണാവോ നല്‍കിയതെന്നും അറിയില്ല.
`മോഹന്‍ലാലും മമ്മൂട്ടിയും മികച്ച നടന്മാരാണ്‌' എന്നുള്ളത്‌ ശരിയാണ്‌. അവരാണ്‌ ഏറ്റവും മികച്ച നടന്മാര്‍ എന്നു ധരിക്കരുത്‌. ജഗതിശ്രീകുമാര്‍ പോലുള്ളവര്‍ ഇവിടെ ഇപ്പോഴും ഉണ്ടെന്നത്‌ വിസ്‌മരിക്കരുത്‌. സാംസ്‌കാരിക നായകരെപ്പോലെ തന്നെ സിനിമാ താരങ്ങള്‍ക്ക്‌ സമൂഹത്തോട്‌ ബാധ്യതയുണ്ട്‌. സമൂഹത്തിന്റെ പണമാണ്‌ ഇവരുടെ അത്താഴം.
ലാലിനെ ന്യായീകരിക്കാന്‍ എന്തിനാണ്‌ നാഗവള്ളി മമ്മൂട്ടിയെ കൂട്ടുപിടിക്കുന്നത്‌? കൊക്കക്കോളയുടെ പരസ്യത്തില്‍നിന്നും പൊതുജനാഭിപ്രായം കണക്കിലെടുത്തു പിന്മാറിയ വ്യക്തിയാണ്‌ മമ്മൂട്ടിയെന്നും ഇക്കൂടെ പറയേണ്ടിവരുന്നു.
ലാല്‍ ഒരു ട്രോളി ചുമലിലേന്തിയതും ഡ്യൂപ്പിനു പകരം കടലില്‍ ചാടിയതുമൊക്കെയാണ്‌ വേണു നാഗവള്ളിയെ വല്ലാതെ ഉലച്ചത്‌. ലാലിനു പകരം ട്രോളി ചുമക്കുന്നതും കടലില്‍ ചാടുന്ന ഡ്യൂപ്പും മനുഷ്യനാണെന്ന കാര്യം വേണു നാഗവള്ളി ലാലിനോടുള്ള ആരാധനയ്‌ക്കു മുന്നില്‍ മറന്നു കളഞ്ഞു. ലാലിന്റെ ശരീരത്തിലൂടെ ഓടുന്ന അതേ രക്തംതന്നെയാണ്‌ ഡ്യൂപ്പെന്ന പേരു പോലുമില്ലാത്ത (നാട്ടില്‍ നായ്‌ക്കള്‍ക്കുപോലും പേരുണ്ടെന്ന്‌ ഇവിടെ ഓര്‍ക്കുക). മരണത്തെ മുഖാമുഖം കാണാറുള്ള മനുഷ്യന്റെ ശരീരത്തിലൂടെയും ഓടുന്നത്‌. ഡ്യൂപ്പില്ലാതെ അഭിനയിച്ചു മരണമടഞ്ഞ ജയനെ പോലുള്ളവര്‍ ഇവിടെ ഉണ്ടായിട്ടുണ്ട്‌ എന്നും നാഗവള്ളി മറന്നു.
ഡ്യൂപ്പിനെ വച്ച്‌ ഒരുപാട്‌ അഭിനയിപ്പിച്ചിട്ടുള്ള നാഗവള്ളി, അതിര്‍ത്തിയിലെ ഭീകരവാദികളോട്‌ പൊരുതുന്ന സൈനികരെക്കുറിച്ചും ഇടയ്‌ക്ക്‌ ഓര്‍ത്താല്‍ മതി ലാല്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നത്‌ അത്ര വല്യ കാര്യമൊന്നുമല്ലെന്നു ബോധ്യപ്പെടാന്‍. `ബേണിംഗ്‌ ഇല്യൂഷ്യന്‍' എന്ന മാജിക്ക്‌ നടത്തുമെന്നു പറഞ്ഞിട്ടു ജീവന്‍ പോയേക്കുമെന്ന പേടിയുണ്ടായതിനാലാണത്രെ ലാല്‍ അതില്‍നിന്നും പിന്മാറിയത്‌. ഇത്തരം പണികള്‍ക്കൊന്നും ലാലിനെ കിട്ടില്ലെന്നു തെളിയിക്കാന്‍ പറ്റിയ ഉദാഹരണം വേറെ തേടിപ്പോകേണ്ടതില്ല.
ഇന്ത്യയുടെ പരമോന്നത ദേശീയ ബഹുമതികളിലൊന്നാണ്‌ പത്മശ്രീ. ഭാരതം പ്രസ്‌തുത ബഹുമതി നല്‍കി മോഹന്‍ലാലിനെ ആദരിച്ചിരുന്നു. ഇത്തരം ബഹുമതികള്‍ ലഭിക്കുന്നവര്‍ സമൂഹത്തിനു മാതൃകയായിരിക്കേണ്ടതാണ്‌. മോഹന്‍ലാല്‍ നടനകലയില്‍ വീരനാണെങ്കില്‍ മരണമടഞ്ഞ വീരപ്പന്‍ വനം കൊള്ളയിലും ദാവൂദ്‌ കള്ളക്കടത്തിലും വീരശൂരപരാക്രമികളാണ്‌. എന്തുകൊണ്ട്‌ വീരപ്പനും ദാവൂദ്‌ ഇബ്രാഹിമിനും ഒക്കെ ഈ ബഹുമതികള്‍ നല്‍കുന്നില്ലെന്നുകൂടി മനസ്സിലാക്കണം. ഇന്ത്യന്‍ സൈന്യത്തിലേയ്‌ക്ക്‌ യുവാക്കളെ ആകര്‍ഷിക്കാനാണത്രെ ലാലിന്‌ ലഫ്‌. കേണല്‍ പദവി നല്‍കിയത്‌. ദേശസ്‌നേഹ സന്ദേശമുള്ള സിനിമകളില്‍ അഭിനയിച്ചതും ഇതിനു കാരണമായത്രെ. ഈ സിനിമകളില്‍ ലാല്‍ അഭിനയിക്കുകയാണ്‌ ചെയ്‌തത്‌. അതും പ്രതിഫലം വാങ്ങി. യഥാര്‍ത്ഥ രാജ്യസ്‌നേഹം അദ്ദേഹം കാണിച്ചിട്ടുണ്ടോയെന്നു ചോദിച്ചാല്‍ പ്രതിരോധവകുപ്പിനും മറുപടിയുണ്ടാവില്ല. മോഹന്‍ലാലിനെപ്പോലുള്ള അഭിനേതാക്കളെ അണിനിരത്തിയല്ല രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്‍, ജെറി പ്രേംരാജ്‌ തുടങ്ങിയ വീരന്മാരെ മുന്‍നിറുത്തിയാണ്‌ സൈന്യത്തിലേക്ക്‌ ആളെ ചേര്‍ക്കേണ്ടത്‌. മോഹന്‍ലാലിന്റെ പ്രകടനംകണ്ട്‌ സൈനികനാകുന്നവന്‍ ഏറുപടക്കം പൊട്ടിയാല്‍പോലും വിരണ്ടോടുമെന്ന കാര്യത്തില്‍ സംശയമില്ല. ലാല്‍ ഔദ്യോഗിക സൈനിക വേഷത്തില്‍ സ്വര്‍ണ്ണാഭരണശാലയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട്‌ ദുരുപയോഗിച്ചതും നാം കണ്ടു. തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാന്‍പോലും തയ്യാറാകാത്ത ലാലിന്റെ രാജ്യസ്‌നേഹവും രാജ്യസേവനതാല്‌പര്യവും എങ്ങനെ മാനിക്കും. താന്‍ മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചാല്‍ ആരും മദ്യപാനികളാവില്ലെന്നു പറയുന്ന ലാലിനു എങ്ങനെ ആളുകളെ സൈന്യത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കാനാവുമെന്നു മറുചോദ്യം ഇവിടെ പ്രസക്തമാണ്‌. പ്രയോജനമില്ലെങ്കില്‍ കോടികള്‍ നല്‍കി ലാലിനെ മദ്യകമ്പനി പരസ്യത്തിലഭിനയിപ്പിച്ചതെന്തിനാണെന്ന്‌ ലാല്‍ സ്വയം ചോദിക്കണം. പ്രയോജനപ്രദമല്ലെങ്കില്‍ മദ്യകമ്പനിയില്‍ നിന്നും പ്രതിഫലംപറ്റി അവരെ കബളിപ്പിക്കുന്നത്‌ ശരിയാണോ? ഇന്ത്യയുടെ ഭരണാധികാരിയായാല്‍ മദ്യശാലകള്‍ അടച്ചുപൂട്ടുമെന്നു പ്രഖ്യാപിച്ച മഹാനാണ്‌ രാഷ്‌ട്രപിതാവായ ഗാന്ധിജി. അദ്ദേഹത്തിന്റെ പ്രതീകമായിട്ടാണ്‌ ഖാദിവസ്‌ത്രങ്ങളെ കണക്കാക്കുന്നത്‌. ഈ ഖാദിയുടെ പ്രചാരണത്തിനുവേണ്ട കേരള സര്‍ക്കാര്‍ നിയോഗിച്ചത്‌. ലാലിനെ ഇങ്ങനെ നിയോഗിച്ചതില്‍ ഒരുപക്ഷെ ഗാന്ധിജിയുടെ ആത്മാവ്‌ ഏറെ ദുഃഖിക്കുന്നുണ്ടാവും.
സുകുമാര്‍ അഴീക്കോട്‌ അഭിപ്രായം പറഞ്ഞതുകൊണ്ടു മാത്രമാണ്‌ ലാലിന്റെ മദ്യപരസ്യം, തുടങ്ങിയ നിയമവിരുദ്ധ, ധാര്‍മ്മിക വിരുദ്ധ നടപടി മൂന്നുവര്‍ഷം മൂടിവച്ച അതേ മാധ്യമങ്ങള്‍ക്കുതന്നെ എഴുതേണ്ടി വന്നത്‌ /കാണിക്കേണ്ടിവന്നത്‌.
എന്തുകൊണ്ട്‌ മോഹന്‍ലാല്‍ വിമര്‍ശിക്കപ്പെടുന്നു എന്ന്‌ വേണു നാഗവള്ളി ആദ്യം പഠിക്കട്ടെ. ഒരു ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകനെപ്പോലെ ഒരിക്കലും തരംതാഴരുത്‌. വേണുനാഗവള്ളിയുടെ ആഗ്രഹം നല്ലതാണ്‌. ഇനിയും മോഹന്‍ലാലുമാരും മമ്മൂട്ടിമാരും ഉണ്ടാകട്ടെ എന്നത്‌. പക്ഷേ, അതിനു അവര്‍കൂടി സന്നദ്ധത പ്രകടിപ്പിക്കണം. വഴി മുടക്കികളായി നില്‍ക്കാതെ.

പിന്‍കുറിപ്പ്‌ : പത്രങ്ങളില്‍ മോഹന്‍ലാലിന്റെ ഇത്തരം ചെയ്‌തികള്‍ വരാത്തതുകൊണ്ട്‌ അറിയാന്‍ കഴിഞ്ഞില്ലെന്നു വേണമെങ്കില്‍ വേണു നാഗവള്ളിക്ക്‌ വാദിക്കാം.

എബി ജെ. ജോസ്‌

No comments: