Blog Archive

Wednesday, October 27, 2010

ഹോംഗാര്‍ഡ്‌സ്‌ നിയമനം: കേരളത്തില്‍ യുവജനങ്ങളോട്‌ അവഗണന

വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്‌, ഭൂകമ്പം, മലയിടിച്ചില്‍, തീപിടുത്തം തുടങ്ങിയ വിവിധ തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസിനെയും സിവില്‍ ഭരണകൂടത്തെയും സഹായിക്കുന്നതിനും നിയമവാഴ്‌ചയും ആഭ്യന്തര സുരക്ഷയും നിലനിര്‍ത്തുവാനും ഉദ്ദേശിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ ആരംഭിച്ചതാണ്‌ ദേശീയ ഹോം ഗാര്‍ഡ്‌സ്‌ പ്രസ്ഥാനം. ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഡിഫന്‍സിന്റെ കീഴില്‍ സംസ്ഥാന പോലീസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ്‌ ഹോംഗാര്‍ഡ്‌സിന്റെ ദൈനംദിനകാര്യങ്ങള്‍ നടപ്പാക്കുന്നത്‌. നാഗ്‌പ്പൂരിലെ ദേശീയ സിവില്‍ ഡിഫന്‍സ്‌ കോളജില്‍ വിവിധരീതിയിലുള്ള പരിശീലനങ്ങള്‍ നടത്താറുണ്ട്‌. ഊട്ടിയിലും ബാംഗ്ലൂരിലും ഹോം ഗാര്‍ഡ്‌സ്‌ സിവില്‍ ഡിഫന്‍സ്‌ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 23,000 കോടി രൂപാ പ്രകൃതിപരവും മനുഷ്യനിര്‍മ്മിതവുമായ ദുരന്തങ്ങള്‍ പരിഹരിക്കുന്നതിന്‌ ചെലവഴിക്കുവാന്‍ ഇടയായിട്ടുണ്ടെന്നു ദേശീയ ദുരന്തനിവാരണ അതോറിറ്റി കണക്കാക്കിയിട്ടുണ്ട്‌. ഇത്തരത്തിലുണ്ടാവുന്ന ദുരന്തങ്ങളില്‍ നാശനഷ്‌ടങ്ങള്‍ പരമാവധി കുറയ്‌ക്കുന്നതിന്‌ ജനങ്ങളെ സഹകരിപ്പിച്ചുകൊണ്ട്‌ ഹോംഗാര്‍ഡ്‌സ്‌ പോലുള്ള സിവില്‍ ഡിഫന്‍സ്‌ സംവിധാനം പ്രയോജനപ്പെടുത്താനാവും.
പരേഡുകള്‍, ഫയര്‍ഫൈറ്റിംഗ്‌, ഫസ്റ്റ്‌ എയ്‌ഡ്‌, 303 റൈഫിള്‍ ട്രെയിനിംഗ്‌ തുടങ്ങി വിവിധ തരത്തിലുള്ള പരിശീലനങ്ങള്‍ ഹോംഗാര്‍ഡ്‌സിനു നല്‍കാറുണ്ട്‌. 18നും 50നും ഇടയില്‍ പ്രായമുള്ള ഏത്‌ ഇന്ത്യന്‍ പൗരനും ഈ സേനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാവും എന്നും ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഡിഫന്‍സ്‌ പുറത്തിറക്കിയ ലഘുലേഖകളില്‍ വ്യക്തമാക്കുന്നു.
ഡല്‍ഹി സംസ്ഥാനത്ത്‌ 20-നും 60-നും ഇടയില്‍ പ്രായമുള്ള നാലാംക്ലാസ്‌ പാസായവര്‍ക്ക്‌ ഹോം ഗാര്‍ഡ്‌സില്‍ ചേരാം. കര്‍ണ്ണാടകയില്‍ ഹോംഗാര്‍ഡ്‌സില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ക്ക്‌ മറ്റു വകുപ്പിലെ നിയമനങ്ങളില്‍ മുന്‍ഗണനയുണ്ട്‌. എന്നാല്‍ കേരളത്തിലാകട്ടെ 35-നും 58-നും മധ്യേ പ്രായമുള്ള സായുധസേനയില്‍നിന്നും വിരമിച്ചവര്‍ക്കു മാത്രമാണ്‌ നിയമനം. പത്താംക്ലാസ്‌ വിജയിക്കുകയും വേണം.
ഡോക്‌ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ തുറയിലും ഉള്ള ആളുകളെയും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം അവഗണിക്കുകയാണ്‌ കേരള സര്‍ക്കാര്‍ ചെയ്‌തിരിക്കുന്നത്‌. അത്യാവശ്യ ഘട്ടങ്ങളില്‍ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കാന്‍ വയസ്സായവര്‍ ചേര്‍ന്നു രൂപീകരിക്കുന്ന പ്രസ്ഥാനത്തിനു എത്രമാത്രം സാധിക്കുമെന്നു കണ്ടു മനസ്സിലാക്കേണ്ടിവരും. കേരള സര്‍ക്കാരിന്റെ തീരുമാനം യുവജനങ്ങളെ സാമൂഹ്യപ്രതിബന്ധതയുള്ളവരാക്കാന്‍ ലഭിച്ച അവസരത്തിന്‌ തടസ്സം സൃഷ്‌ടിച്ചിരിക്കുകയാണ്‌. നിയമാനുസൃത നിയമനങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാക്കേണ്ടിയിരിക്കുന്നു.

എബി ജെ. ജോസ്‌

10-02-10

No comments: