
ചലച്ചിത്രതാരങ്ങളുടെ സംഘടനയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തിയെന്നാരോപിച്ച് ഡോ. സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ താരസംഘടന കേസ് ഫയല്‍ ചെയ്‌തിരിക്കുകയാണ്. സംഘടനയുടെ ജോയിന്റ് സെക്രട്ടറി ഇടവേളബാബുവാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഡോ. സുകുമാര്‍ അഴീക്കോട് താരസംഘടനയ്‌ക്കെതിരെ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപരമാണന്നതാണത്രെ നിയമനടപടി സ്വീകരിക്കാന്‍ പ്രേരണയായത്.
ഈ താരസംഘടന കുറച്ചുനാള്‍മുമ്പ് ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. ട്വന്റി20 എന്ന പേരുള്ള ആ സിനിമയിലെ ഒരു ഭാഗത്ത് പറയുന്നത് ഇപ്രകാരമാണ്. ``1947-ല്‍ ഗാന്ധിജി ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടിതന്നു. ഉപ്പുതിന്നും വെള്ളംകുടിച്ചും തെണ്ടിനടന്നും...'' പ്രസ്‌തുത പരാമര്‍ശം ചിത്രത്തില്‍ നടത്തിയത് ജനപ്രിയനടനെന്നു അവകാശപ്പെടുന്ന ദിലീപ്. ആക്ഷേപകരമായ പരാമര്‍ശത്തിനു മഹനീയ സാന്നിദ്ധ്യം അരുളിയിരിക്കുന്നത് പത്മശ്രീ ലഫ്. കേണല്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍ പിന്നെ ഈ ഇടവേള ബാബു എന്നയാളും. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സിബി കെ. തോമസ് - ഉദയ്‌കൃഷ്‌ണ എന്നിവരാണ്. ഇവര്‍ ഈ അപമാനകരമായ പരാമര്‍ശം ഉള്‍പ്പെടുത്തിയ പുസ്‌തകവും പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ് അപമാനത്തിനു അടിവരയിട്ടത്. ജോഷിയാണ് സംവിധായകന്‍. കഴിഞ്ഞ ദിവസം ഈ ആക്ഷേപകരമായ പരാമര്‍ശം സൂര്യാ ടി.വി. ലോകം മുഴുവന്‍ സംപ്രേഷണം ചെയ്യുകയും ചെയ്‌തു.
മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തെയും രാഷ്‌ട്രപിതാവായ ഗാന്ധിജിയെയും സിനിമാപ്രവര്‍ത്തകര്‍ ആക്ഷേപിച്ചു. ഇന്ത്യന്‍ ഭരണഘടനപ്രകാരം സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളെ ബഹുമാനിക്കാന്‍ കടമ ഉണ്ടെന്നിരിക്കെയാണ് ഇത്തരത്തിലൊരു അപമാനം നേരിടേണ്ടിവന്നിരിക്കുന്നത്. രാഷ്‌ട്രപിതാവിനെയും സ്വാതന്ത്ര്യത്തെയും അവഹേളിച്ച് രാഷ്‌ട്രത്തെ അപമാനിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ അധികാരികള്‍ തയ്യാറാകണം. കലയുടെ പേരില്‍ എന്തും ചെയ്യാമെന്ന ധാരണവച്ചുപുലര്‍ത്തുന്ന ഇത്തരക്കാരെ നാടുകടത്തുകയാണ് വേണ്ടത്.
എബി ജെ. ജോസ്
19/06/10
No comments:
Post a Comment