
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനപുലരിയില്‍ പുറത്തിറങ്ങിയ മുഖ്യധാര പത്രങ്ങളുടെ ഒന്നാംപേജില്‍ ഒരു പരസ്യം ഉണ്ടായിരുന്നു. മാലിന്യവിമുക്ത കേരളത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണത്രെ ഒരു സ്വര്‍ണ്ണാഭരണശാല പ്രസ്‌തുതപരസ്യം പുറത്തിറക്കിയത്. ചലചിത്രനടനും ടെറിടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണലുമായ പത്മശ്രീ അവാര്‍ഡു നേടിയ മോഹന്‍ലാല്‍ പട്ടാളയൂണിഫോമില്‍ സല്യൂട്ട് ചെയ്‌തു നില്‍ക്കുന്ന ചിത്രമായിരുന്നു അത്. സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിന്റെ മുഴുവന്‍ ശാഖകളുടെയും സ്ഥലം വ്യക്തമാക്കുന്ന പരസ്യത്തില്‍ സ്വര്‍ണ്ണാഭരണശാല തന്നെയാണ് സ്വാതന്ത്ര്യദിനം ആശംസിക്കുന്നത്. ഇതില്‍നിന്നും പൊതുതാല്‌പര്യത്തില്‍ പൊതിഞ്ഞ വാണിജ്യതാല്‌പര്യം വ്യക്തമാണ്. ലോകചരിത്രത്തിലാദ്യമായി ഒരു സൈനിക ഉദ്യോഗസ്ഥന്‍ വാണിജ്യപരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനും ഈ നടപടി സാക്ഷ്യം വഹിച്ചു.
പിന്നീട് മാലിന്യ വിമുക്ത കേരളമെന്ന പേരില്‍ പരസ്യങ്ങള്‍ മോഹന്‍ലാലിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അതിപ്പോഴും തുടരുന്നു. മോഹന്‍ലാല്‍ മാലിന്യം നീക്കണമെന്നു പറയുന്നതല്ലാതെ ഒന്നിലും നീക്കി മാതൃക കാട്ടുന്നത് കാണാന്‍ ഇന്നേവരെ കഴിഞ്ഞില്ല. കഴിയുമെന്നും തോന്നുന്നില്ല. എന്നാല്‍, `വൈകിട്ടെന്താ പരിപാടി' എന്ന പേരില്‍ നിയമവിരുദ്ധമായ മദ്യപരസ്യത്തില്‍ മദ്യപാനം നടത്തി ആളുകളെ മദ്യപാനത്തിനു ക്ഷണിക്കുന്ന പരസ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ യാതൊരു മടിയും മോഹന്‍ലാലിനു ഉണ്ടായില്ല. താന്‍ മദ്യപാനിയാണെന്നും മദ്യപിക്കുന്നതില്‍ തെറ്റില്ലെന്നും ഉള്ള ന്യായവാദമാണ് ലാല്‍ ഉന്നയിച്ചത്. ഇതുകൊണ്ടാവണം മദ്യവിരുദ്ധനായിരുന്ന രാഷ്‌ട്രപിതാവ് മഹാത്മജിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഖാദിയുടെ പ്രചരണത്തിനു സര്‍ക്കാര്‍ മോഹന്‍ലാലിനെ നിയോഗിച്ചത്.
2010 മാര്‍ച്ച് 23. കോട്ടയത്തിനടുത്ത് താഴത്തങ്ങാടിയില്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ബസ് മീനച്ചിലാറ്റിലേയ്‌ക്ക് മറിഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നേവിയുടെ ഭടന്മാര്‍ ഹെലികോപ്‌ടറില്‍ കോട്ടയത്തെത്തി. പോലീസ് പരേഡ് ഗ്രൗണ്ടില്‍ ലാന്റിംഗിനായി എത്തിയെങ്കിലും ഹെലിപാഡ് ഉള്‍പ്പെടെയുള്ള ഭാഗത്ത് സ്റ്റേജും മാലിന്യങ്ങളും നിറഞ്ഞിരുന്നതിനാല്‍ ലാന്റിംഗ് അസാദ്ധ്യമാകുകയും രക്ഷാപ്രവര്‍ത്തനരംഗത്ത് നേവിക്ക് എത്താന്‍ കാലതാമസം നേരിടുകയും ചെയ്‌തു. ഇതിനിടയാക്കിയ സംഭവമെന്തെന്നറിയണമെങ്കില്‍ രണ്ടുദിവസം പിന്നോട്ട് പോകണം. ഒരു വസ്‌ത്രവ്യാപാരശാലയുടെ ഉദ്‌ഘാടനചടങ്ങിനായി വാടകയ്‌ക്കെടുത്തതായിരുന്നു പോലീസ് പരേഡ് ഗ്രൗണ്ട്. ഉദ്‌ഘാടനചടങ്ങില്‍ പങ്കെടുത്തത് എം.പി.മാരും എം.എല്‍.എമാരും അടങ്ങുന്ന ജനപ്രതിനിധികള്‍. ഉദ്‌ഘാടനം നിര്‍വ്വഹിച്ചത് നടന്‍ മമ്മൂട്ടിയും മാലിന്യവിമുക്ത സന്നദ്ധ ഭടന്‍ മോഹന്‍ലാലും. ചടങ്ങിനെത്തിയവരില്‍ ഭൂരിഭാഗം പേരും ഇവരുടെ `ഫാനു'കള്‍. ബലൂണുകളും പ്ലാസ്റ്റിക് കുപ്പികളും മറ്റും അടങ്ങുന്ന മാലിന്യങ്ങള്‍ പോലീസ് ഗ്രൗണ്ടില്‍ കുന്നുകൂടി. ഇങ്ങനെ ഒരവസരത്തില്‍ മാലിന്യം ഉണ്ടാവുമെന്നും അവ പൊതുസ്ഥലത്ത് നിക്ഷേപിക്കരുതെന്നു ഒരുവാക്കു പറയാനോ അതൊഴിവാക്കാനോ മോഹന്‍ലാല്‍ എന്ന മാലിന്യവിരുദ്ധ അംബാസിഡര്‍ക്കായില്ല. മാലിന്യവിരുദ്ധ അംബാസിഡറായ മോഹന്‍ലാല്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ച ചടങ്ങിന്റെ മാലിന്യം രണ്ടാംദിവസം കുന്നുകൂടിക്കിടക്കുന്നു. അതുമൂലം ദുരന്തസ്ഥലത്തെത്താന്‍ നേവിക്കു തടസ്സമുണ്ടാകുന്നു. ഇതില്‍നിന്നൊക്കെ മോഹന്‍ലാലിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുകയാണ്.
ജൗളിക്കടയുടെ ഉദ്‌ഘാടനത്തിനാണ് വന്നതെന്നു ലാലിനു വാദിക്കാം. മാലിന്യവിമുക്ത പരിപാടി സ്വര്‍ണ്ണക്കടയുടേതുമാത്രമാണല്ലോ? ലാലിനെ മാതൃകയാക്കി മദ്യവിരുദ്ധര്‍ മദ്യപാനികളുടെ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയും പോലീസ് കള്ളന്മാരുടെയും കൊള്ളക്കാരുടെയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നതുപോലെ. കമിഴ്‌ന്നു വീണാല്‍ നമുക്കും കിട്ടണം കാല്‍ പണം!
എബി ജെ. ജോസ്
24/03/10
No comments:
Post a Comment