Blog Archive

Wednesday, October 27, 2010

റെയില്‍വേ അവഗണന : കേരളത്തിലെ ജനപ്രതിനിധികളെ തുറന്നു കാട്ടിയ ലാലുപ്രസാദിനെ അഭിനന്ദിക്കാം

റെയില്‍വേ ബജറ്റിലൂടെ കേരളത്തെ അവഗണിച്ച കേന്ദ്ര റെയില്‍വേ മന്ത്രി ലാലുപ്രസാദ്‌ യാദവിനെ എന്തിനാണ്‌ കേരളജനത കുറ്റപ്പെടുത്തുന്നത്‌? സത്യത്തില്‍ അദ്ദേഹത്തെ നാം അഭിനന്ദിക്കുകയാണ്‌ വേണ്ടത്‌. കാരണം കേരളത്തിന്റെ ആവശ്യങ്ങള്‍ വേണ്ടരീതിയില്‍ അവതരിപ്പിക്കാനും നേടിയെടുക്കാനും നമ്മുടെ ജനപ്രതിനിധികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും കഴിയുന്നില്ല എന്നത്‌ ഒരിക്കല്‍ കൂടി തെളിയിക്കാന്‍ അവസരം നല്‍കുകയാണ്‌ ലാലുപ്രസാദ്‌ ചെയ്‌തത്‌. നമ്മുടെ വോട്ട്‌ വാങ്ങി ഡല്‍ഹിക്കും തിരുവനന്തപുരത്തിനുമൊക്കെ വണ്ടികയറുന്നവരുടെ പൊയ്‌മുഖമാണ്‌ അവഗണനയിലൂടെ ലാലു യാദവ്‌ തുറന്നു കാട്ടിയത്‌. കേന്ദ്ര റെയില്‍വേ മന്ത്രി എന്ന നിലയില്‍ ലാലുപ്രസാദിന്റെ നടപടി ശരിയായില്ലെങ്കിലും ജനപ്രതിനിധി എങ്ങനെ പെരുമാറണമെന്നു ബീഹാറിനോട്‌ കാട്ടിയ പരിഗണനയിലൂടെ ലാലുവും തമിഴ്‌നാടിനോടു കാട്ടിയ പരിഗണനയിലൂടെ വേലുവും നമ്മുടെ ജനപ്രതിനിധികള്‍ക്ക്‌ കാണിച്ച്‌ കൊടുത്തിരിക്കുകയാണ്‌.
കേന്ദ്രബജറ്റും റെയില്‍വേ ബജറ്റും വരുമ്പോള്‍ അവഗണനയുടെ കാര്യം പറഞ്ഞു മുതലകണ്ണീരൊഴുക്കാന്‍ മാത്രമേ നമ്മുടെ എം.പി.മാര്‍ക്കാവുന്നുള്ളു. ബീഹാറിലെയും യൂ.പി.യിലെയുമൊക്കെ എം.പി.മാരെ നമുക്ക്‌ എന്നും പുച്ഛമാണല്ലോ. അറിവും വിവരക്കൂടുതലും ഒക്കെ കൊണ്ടു സമ്പന്നരായ നമ്മുടെ ജനപ്രതിനിധികളാണ്‌ കേരളത്തെ വഞ്ചിച്ചിരക്കുന്നത്‌. ലോക്‌സഭയിലെ 20 പ്രതിനിധികളും ഇന്ന്‌ ഇടതുപക്ഷത്തിനൊപ്പം നിന്ന്‌ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നതിനാല്‍ അവഗണനയ്‌ക്ക്‌ കേരളത്തിലെ ഇടതു വലതു മുന്നണികളിലെ മുഴുവന്‍ കക്ഷികളും ഇക്കാര്യത്തില്‍ പ്രതികളാണ്‌. കേരളത്തിന്റെ ശത്രുക്കളാണ്‌.
കേന്ദ്രമന്ത്രി സഭയെ പിന്താങ്ങുന്ന എം.പി.മാരുടെ എണ്ണം 277 ആണ്‌. കേരളത്തിലെ 20 എം.പി.മാര്‍ ഉള്‍പ്പെടെയാണിത്‌. മന്‍മോഹന്‍സിംഗിനു പ്രധാനമന്ത്രിയും ലാലിവിനു കേന്ദ്രമന്ത്രിയുമായി തുടരാന്‍ വേണ്ടത്‌ 271 എം.പി.മാരുടെ പിന്‍ബലം. 277-ല്‍ നിന്നും കേരളത്തില്‍നിന്നുള്ള 20 പേര്‍ മാറിയാല്‍ കേന്ദ്രമന്ത്രി സഭയ്‌ക്കുള്ള പിന്തുണ 257 ആയി കുറയും. അങ്ങനെ ആയാല്‍ മന്‍മോഹന്‍സിംഗിന്‌ അധികാരം വിട്ടൊഴിയേണ്ടിവരും. സ്ഥിതി ഇങ്ങനെയായിട്ടും കേരളത്തിന്‌ ഒന്നും നേടാനായില്ല. ഈ അവസ്ഥ തമിഴ്‌നാട്ടിലോ ആന്ധ്രയിലോ യൂ.പി.യിലോ ലഭിച്ചാല്‍ പുരോഗതിക്കായി രാജ്യതലസ്ഥാനം വരെ വേണമെങ്കില്‍ മാറ്റാന്‍ അവിടുത്തെ ജനപ്രതിനിധികള്‍ തയ്യാറാകുമെന്നതില്‍ സംശയമില്ല. പാര്‍ട്ടികള്‍ക്കതീതമായി തന്നെ. കേരളത്തിലെ എം.പി.മാര്‍ ഇന്നുവരെ സംസ്ഥാനത്തിന്റെ ഏതെങ്കിലും കാര്യത്തിനായി ഒന്നിച്ചു നിന്ന്‌ വാദിച്ചിട്ടുണ്ടോ?
ഇപ്പോള്‍ റയില്‍വേ ബജറ്റിലൂടെ എന്തെങ്കിലുമൊക്കെ നമുക്ക്‌ കിട്ടിയെങ്കില്‍ അതു ഒരു സംസ്ഥാനമെന്ന നിലയില്‍ ലാലു നല്‍കിയതാണ്‌. കേന്ദ്രമന്ത്രിമാരും ഒരേ നിലയില്‍ പ്രവര്‍ത്തിക്കുന്ന എം.പി.മാരും ഉണ്ടായിട്ടു കിട്ടിയതല്ല.
എം.പി.മാരോട്‌ ഒരഭ്യര്‍ത്ഥന. രാഷ്‌ട്രീയപാര്‍ട്ടികളോടും. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരളവികസത്തിന്റെ പേരില്‍ ദയവുചെയ്‌തു വോട്ടു തേടരുത്‌. പാര്‍ലമെന്റിലെ കസേരകള്‍ കേരളത്തിന്റെ പേരില്‍ ഒഴിഞ്ഞു കിടക്കാതിരിക്കാന്‍ ഞങ്ങള്‍ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ചു കൊള്ളാം.
കേരളത്തിലെ ജനപ്രതിനിധികളെ തുറന്നു കാട്ടിയ ലാലുപ്രസാദിനു നന്ദി. ഒരായിരം നന്ദി.

എബി ജെ. ജോസ്‌

No comments: