Blog Archive

Wednesday, November 3, 2010

വൈദ്യുതി വകുപ്പും അവാര്‍ഡും

സാധാരണക്കാരനെന്നും പണക്കാരനെന്നും വ്യത്യാസമില്ലാതെ ഏവര്‍ക്കും വേണ്ട ഒരിനമാണ്‌ വൈദ്യുതി. കംപ്യൂട്ടര്‍ യുഗത്തില്‍ വൈദ്യുതി ഇല്ലാത്ത അവസ്ഥയെക്കുറിച്ചു ചിന്തിക്കാന്‍ പോലുമാവില്ല. ഇടുക്കി ജലാശയത്തിലെ ജലനിരപ്പ്‌ കുറഞ്ഞാല്‍ നെഞ്ചിടിക്കുന്നവരില്‍ വീട്ടമ്മമാര്‍ വരെ ഉള്‍പ്പെടുന്നു. ഫ്രിഡ്‌ജ്‌ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന ആശങ്കയൊന്നുമല്ല ഇതിനു പിന്നില്‍. വൈകുന്നേരങ്ങളിലെ ടെലിവിഷന്‍ സീരിയലുകള്‍ കാണാന്‍ പറ്റാതെ വരുമെന്ന ദുഃഖമാണീ നെഞ്ചിടിപ്പിനു കാരണം. വൈദ്യുതി ഉത്‌പാദനത്തില്‍ കുറവുണ്ടായപ്പോള്‍ വൈകുന്നേരങ്ങളില്‍ അരമണിക്കൂര്‍ പവര്‍കട്ട്‌ ഏര്‍പ്പെടുത്തിയിരുന്നപ്പോള്‍ വിലപിച്ചിരുന്നതും മറ്റാരുമായിരുന്നില്ല.

വൈദ്യുതി കൂടാതെ ഒരു പ്രവര്‍ത്തനവും കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയാണിന്നുള്ളത്‌. പ്രാര്‍ത്ഥനയ്‌ക്കായി ദൈവത്തിനുമുന്നില്‍ ലൈറ്റു കത്തിക്കുന്നതു മുതല്‍ തുടങ്ങുന്നു വൈദ്യുതിയുടെ ഉപയോഗം. അതിനാല്‍ മനുഷ്യജീവിതത്തിലെ അത്യാവശ്യകാര്യങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌ വൈദ്യുതി എന്നതില്‍ തര്‍ക്കമുണ്ടാവുകയില്ല.

ഈ വൈദ്യുതിയുടെ വിതരണചുമതല നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വൈദ്യുതി വകുപ്പിനാണ്‌. കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ പോലും പഴികേള്‍ക്കേണ്ടി വരുന്ന ഒരു വകുപ്പുകൂടിയാണിത്‌. ഇങ്ങനെയൊക്കെയുള്ള ഈ വകുപ്പ്‌ ബോധപൂര്‍വ്വം ആളുകളെ ചിലപ്പോഴെങ്കിലും ദ്രോഹിക്കാറുണ്ടെന്നതു തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഈ വകുപ്പില്‍ എന്നല്ല ഏതു സര്‍ക്കാര്‍ വകുപ്പില്‍ ജോലി കിട്ടിയാലും ജനം പുല്ലെന്ന നിലപാടിലാണ്‌ പല ഉദ്യോഗസ്ഥരും. ഇവര്‍ക്കെതിരെ പരാതി പറഞ്ഞാല്‍ ഒരു തവണ പരാതി പരിഹരിക്കപ്പെട്ടേക്കാം. പിന്നീട്‌ പ്രശ്‌നം ഉണ്ടാവുമ്പോള്‍ പരാതിയുടെ വാശികൂടി തീര്‍ക്കുകയാണ്‌ പതിവ്‌.

സര്‍ക്കാര്‍ വകുപ്പിന്റെ ഇത്തരം നടപടികളെ ചെറുത്തു തോല്‍പ്പിക്കാന്‍ അസംഘടിതരായ ജനത്തിനു കഴിയാറില്ല. അങ്ങനെ ചെറുത്തു തോല്‍പ്പിച്ചാല്‍ അതൊരു കാര്യമാണ്‌ താനും. വൈദ്യുതി വകുപ്പിനെ മുട്ടുകുത്തിച്ച ഒരു സംഭവം കേരളത്തില്‍ അടുത്ത കാലത്ത്‌ നടന്നു. കോട്ടയം ജില്ലയിലെ പാലാ മുനിസിപ്പാലിറ്റിയില്‍പ്പെട്ട ഒരു പ്രദേശമാണ്‌ കൊച്ചിടപ്പാടി, കവീക്കുന്ന്‌ മേഖല. ഇവിടെ ജനങ്ങള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നാണ്‌ വൈദ്യുതി തകരാര്‍. കാറ്റോ മഴയോ ഉണ്ടെങ്കില്‍ വൈദ്യുതി തകരാര്‍ ഉറപ്പായും ഉണ്ടായിരിക്കും. ഇവയൊന്നുമില്ലെങ്കിലും പലപ്പോഴും തകരാറിലാവും ഇവിടുത്തെ വൈദ്യുതി വിതരണസംവിധാനം. പിന്നീട്‌ പുനഃസ്ഥാപിക്കണമെങ്കില്‍ കുറഞ്ഞത്‌ രണ്ടു ദിവസമെടുക്കും. ഈ നടപടി സ്ഥിരമായി നടക്കുന്നതിനിടെ രണ്ടു മാസം മുമ്പ്‌ അഞ്ചു ദിവസത്തോളം ഇരുട്ടിലായി ഈ പ്രദേശം. പരാതി പറഞ്ഞാല്‍ അധികൃതര്‍ കേട്ട ഭാവം നടിക്കാറില്ല. സഹികെട്ട്‌ വൈദ്യുതി വകുപ്പ്‌ മന്ത്രിയെ വിളിച്ചു പരാതി പറഞ്ഞു. പരാതി പറഞ്ഞ്‌ ഒരു മണിക്കൂറിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. തുടര്‍ന്നു കഴിഞ്ഞ ഏതാനും ആഴ്‌ച മുമ്പ്‌ വീണ്ടും വൈദ്യുതി തകരാറിലായി. പരാതികള്‍ നല്‍കിയിട്ടും തിരിഞ്ഞു നോക്കിയില്ല അധികൃതര്‍. മന്ത്രിയോട്‌ പറഞ്ഞതിന്റെ വാശികൂടി വൈദ്യുതി വകുപ്പ്‌ പുറത്തെടുത്തു. ഒന്ന്‌, രണ്ട്‌, ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി. ആഴ്‌ച ഒന്നു കഴിഞ്ഞു. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. നാട്ടുകാര്‍ വികസന സമിതിയുടെ പേരില്‍ ഒത്തുകൂടി. തുടര്‍ന്ന്‌ ആ മേഖലയിലെ ജനങ്ങളെ ഏറ്റവും കൂടുതല്‍ ദ്രോഹിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായി വൈദ്യുതി വകുപ്പിനെ തെരഞ്ഞെടുത്തു. പ്രതിക്ഷേധ സൂചകമായി `ജനദ്രോഹപട്ടം' അവാര്‍ഡ്‌ നല്‍കാനും തീരുമാനിച്ചു. വിവരം പത്രങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു. ഈ വാര്‍ത്തയുമായി പത്രങ്ങള്‍ നാട്ടിലെത്തിയതിന്‌ പിന്നാലെ വൈദ്യുതി വകുപ്പിന്റെ ലോറിയും എത്തി. ഒപ്പം 25 ഓളം ജീവനക്കാരും. ഒന്നു രണ്ടു മണിക്കൂര്‍ വിശദമായ പരിശോധന. ശേഷം ട്രാന്‍സ്‌ഫോമര്‍ തകരാറാണെന്നു കണ്ടെത്തി. ഉടനടി ട്രാന്‍സ്‌ഫോമര്‍ അഴിച്ചു മാറ്റി പുതിയത്‌ സ്ഥാപിച്ചതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഏതാനും മണിക്കൂറുകള്‍ കൊണ്ട്‌ പരിഹരിക്കാവുന്ന പ്രശ്‌നമാണ്‌ മാസങ്ങളോളം വച്ചു താമസിപ്പിച്ചത്‌. ഏതായാലും അവാര്‍ഡ്‌ കൊണ്ട്‌ ഇങ്ങനെയും ചില പ്രയോജനങ്ങള്‍ നാട്ടുകാര്‍ക്ക്‌ ഉണ്ടാവുമെന്ന്‌ ഈ നടപടിയിലൂടെ കൊച്ചിടപ്പാടിക്കാര്‍ തെളിയിച്ചിരിക്കുകയാണ്‌.

19/10/2005

No comments: