Blog Archive

Wednesday, November 3, 2010

അന്തോനിയുടെ ക്രൂരകൃത്യങ്ങള്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവാകുന്നു അറയ്‌ക്കല്‍പറമ്പില്‍ കുര്യന്‍ ആന്റണി എന്ന ഏ.കെ. ആന്റണി. ആദര്‍ശം നട്ടുവളര്‍ത്തുന്നതില്‍ അഗ്രഗണ്യനായി പത്രങ്ങള്‍ വാഴ്‌ത്തുന്ന മഹാന്‍. അധികാരമോഹം ഇല്ലെന്നു നാഴികയ്‌ക്കു നാല്‌പതുവട്ടം ആണയിടുമെങ്കിലും ക്രൂരവും പൈശാചികവുമായ രീതിയില്‍ രാഷ്‌ട്രീയ ചാണക്യന്‍ കരുണാകരനെ വലിച്ചു ചാടിച്ചു മുഖ്യനായ വീരശൂരപരാക്രമി. ഏറ്റവും ഒടുവില്‍ ചേര്‍ത്തല മണ്ഡലത്തെ ഒരു വര്‍ഷം അനാഥമാക്കി രാജ്യസഭയില്‍ എത്തിയ ജനാധിപത്യവാദി.

അദ്ദേഹത്തിന്‌ ഇപ്പോള്‍ ഡല്‍ഹിയില്‍ പോയിട്ടു കേരളത്തില്‍പോലും തലപൊക്കാനാവുന്നില്ല. ഡല്‍ഹിയിലാവട്ടെ വയലാര്‍ രവി കേന്ദ്രമന്ത്രിയും. കേരളത്തിലെ സ്വന്തം പേരിലുള്ള കോണ്‍ഗ്രസ്‌ വിഭാഗം `ഒ' ഗ്രൂപ്പായി രൂപാന്തരപ്പെടുകയും കരുണാകരന്‍ കോണ്‍ഗ്രസ്‌ വിടുകയും ചെയ്‌തതോടെ ശൂന്യതയില്‍ ലയിക്കാവുന്ന അവസ്ഥയിലായ ആന്റണിക്ക്‌ താനും ചിത്രത്തിലുണ്ടെന്നു വരുത്തിത്തീര്‍ക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാകുന്നു. അതിനുള്ള പ്രാണവായുവാകട്ടെ പത്രമാധ്യമങ്ങളും.

അതിനായി ഈയിടെ ഒരു ശ്രമം നടത്തി. സ്വകാര്യമേഖലയില്‍ സംവരണം വേണമെന്ന്‌. ആന്റണി എന്ന മഹാനുണ്ടായ ബോധോദയമാണത്രെ സ്വകാര്യമേഖലയില്‍ സംവരണം. സംവരണത്തിന്റെ യാതൊരു ആനുകൂല്യവും ഇല്ലാതിരുന്ന കാലത്ത്‌ കഴിവിന്റെ മാത്രം അംഗീകാരവുമായി ആന്റണി ഉള്‍പ്പെടെയുള്ളവരുടെ കുതികാല്‍ വെട്ടുകളെ അത്ഭുതമാംവിധം അതിജീവിച്ച്‌ ഇന്ത്യന്‍ പ്രസിഡന്റായ കെ.ആര്‍. നാരായണനെപ്പോലുള്ളവര്‍ ജീവിച്ച ഇന്ത്യയിലാണ്‌ ആന്റണിയുടെ പുതിയ ആവശ്യം. നേരത്തെ സംവരണമെന്നത്‌ ഒരാവശ്യമായിരുന്നു. എന്നാലിന്ന്‌ അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കഴിവില്ലാത്ത ഒരാളാണെങ്കില്‍ അയാളെ സംവരണത്തിന്റെ ആനുകൂല്യം നല്‍കി പ്രതിഷ്‌ഠിക്കുന്നതെന്തിനെന്ന്‌ മനസിലാക്കുന്നില്ല. സംവരണത്തിന്റെ പേരില്‍ മറ്റേതെങ്കിലും രാജ്യത്ത്‌ ഇളവ്‌ ഇന്ത്യാക്കാരന്‌ കിട്ടുമോ?

ആന്റണിക്ക്‌ അത്ര നിര്‍ബന്ധമാണെങ്കില്‍ ആദ്യം രാഷ്‌ട്രീയരംഗത്ത്‌ നടപ്പാക്കട്ടെ സംവരണം. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ തലപ്പത്ത്‌ സംവരണം വരട്ടെ. രാജ്യസഭാ സീറ്റില്‍, നിയമസഭാ സീറ്റില്‍ ഒക്കെ സംവരണം നടപ്പാക്കട്ടെ. നമ്മുടെ നാട്‌ ഇത്രയും കാലം ഭരിച്ച്‌ പരുവമാക്കിയ ആന്റണി തന്റെ അധികാരവും പദവിയും എല്ലാം ഒഴിഞ്ഞ്‌ പകരം സംവരണത്തിന്‌ അര്‍ഹതയുണ്ടെന്നു ആന്റണിക്ക്‌ തോന്നുന്നവരെ ഏല്‍പ്പിക്കട്ടെ. ആന്റണിയുടെ മക്കള്‍ക്കു പകരം സംവരണം ലഭിക്കേണ്ട ആര്‍ക്കെങ്കിലും തൊഴിലും മറ്റും നല്‍കട്ടെ.

മിസ്റ്റര്‍ ആന്റണിയോട്‌ ഒന്നു പറയട്ടെ. ഒരുപാട്‌ അനുഭവിച്ചില്ലേ. ഇനി ഒന്നു വിശ്രമിക്കാന്‍ തയ്യാറുണ്ടോ? താങ്കളുടെ സേവനം മതിയായാല്‍ മറ്റൊരാള്‍ക്ക്‌ എങ്കിലും അവസരമാകും. കഴിവുള്ളവര്‍ ഉന്നതസ്ഥാനങ്ങളില്‍ കഴിവുപയോഗിച്ചു എത്തട്ടെ. കഴിവുണ്ടെങ്കിലും സമ്പത്തില്ലാത്തതിന്റെ പേരില്‍ പിന്നോക്കം നില്‍ക്കുന്നവരെ ഉപാധികളുടെ അടിസ്ഥാനത്തില്‍ സഹായിച്ച്‌ ഉയര്‍ത്തികൊണ്ടുവരണം. അല്ലാതെ നിഷ്‌ഗുപരബ്രഹ്മമായി നാടിനും നാട്ടാര്‍ക്കും പ്രയോജനമില്ലാത്ത പന പോലെ വളര്‍ന്നിട്ടെന്ത്‌ കാര്യം.


21-06-2006

No comments: