Blog Archive

Thursday, November 4, 2010

ഹര്‍ത്താലിന്‌ ബദല്‍സംവിധാനം രാഷ്‌ട്രീയക്കാര്‍ കണ്ടെത്തണം


ള്‍ഫില്‍ സ്വന്തം പരിശ്രമം കൊണ്ടും പ്രതിഭകൊണ്ടും ബിസിനസ്‌ രംഗത്ത്‌ തനതായ മുദ്രപതിപ്പിച്ച ഒരു വ്യവസായി ഒരു സംഭവകഥ പറയുന്നു. കഥയിങ്ങനെ : ഒരു തവണ നാട്ടില്‍ പോയപ്പോള്‍ സ്‌പോണ്‍സറായ അറബി കൂടി ഉണ്ടായിരുന്നു. നാട്ടിലെ പ്രകൃതിഭംഗി കണ്ട്‌ അറബി ആകെ ത്രില്ലിലായി. ഇത്രയും ഭംഗിയുള്ള നാട്‌ വിട്ട്‌ നീ എന്തിന്‌ ഞങ്ങളുടെ ചുട്ടുപഴുത്ത മണ്ണിലേക്ക്‌ വരുന്നു?

- ആശ്ചര്യത്തോടെ അറബി പലവുരു ചോദിക്കുന്നു.

മറുപടിയായി ഞാന്‍ ഒന്നു ചിരിക്കുകമാത്രം ചെയ്യുന്നു. നമ്മുടെ നാടിന്റെ ദയനീയമായ അവസ്ഥയൊക്കെ പറഞ്ഞ്‌ അറബിയെ ബോറടിപ്പിക്കേണ്ടല്ലോ.

അതു ഒരു മഞ്ഞുകാലം കൂടിയായിരുന്നു. കാലത്തെ കോടമഞ്ഞും കിളികളുടെ സുന്ദരമായ കരച്ചിലും ഒക്കെ ആസ്വദിച്ച്‌ അന്നു പകലോടെ ഞങ്ങള്‍ ബിസിനസ്‌ കാര്യങ്ങളുമായി യാത്ര തിരിച്ചു. ഓര്‍ക്കാപ്പുറത്ത്‌ ഒരു വാഹനപണിമുടക്ക്‌. വഴിനീളെ തടഞ്ഞു വെക്കലും തെറി വിളിയും വണ്ടിക്കിട്ട്‌ ഇടിക്കലും ബഹുകേമമായി തുടര്‍ന്നു. ഒരുതരം മനോരോഗാത്മകമായ ആള്‍ക്കൂട്ടങ്ങള്‍ ഞങ്ങളുടെ വണ്ടിയെ പല സ്ഥലത്തുവെച്ചും കൈയേറ്റം തന്നെ ചെയ്‌തു.

അറബി ആകെ വിസ്‌മയഭരിതനായിപ്പോയി.

- ഇതെന്ത്‌ നാട്‌ ? ഇവിടെ പോലീസൊന്നുമില്ലേ !

അപ്പോഴും ഞാന്‍ ചിരിച്ചു.

ഉള്ളില്‍ വേദനച്ചുകൊണ്ട്‌ പറഞ്ഞു : പ്രിയപ്പെട്ട സ്‌പോണ്‍സര്‍, ഇതാണ്‌ എന്റെ നാട്‌. ആവശ്യത്തിന്‌ വിഭവങ്ങളും പ്രകൃതിഭംഗിയും കനിഞ്ഞനുഗ്രഹിച്ച നാട്‌. പക്ഷേ, അതനുഭവിക്കാന്‍ ഞങ്ങള്‍ക്കു യോഗമില്ല.

ഒട്ടെല്ലാ മേഖലകളിലും ആധുനികവല്‍ക്കരണം സംഭവിച്ചിട്ടുണ്ട്‌. പ്രതിക്ഷേധപ്രകടനങ്ങളുടെ ശൈലിക്കുമാത്രം കേരളത്തില്‍ മാറ്റം വന്നിട്ടില്ല. മിന്നല്‍ വേഗത്തില്‍ പുറപ്പെടുന്ന പണിമുടക്ക്‌, ഹര്‍ത്താലുകള്‍ കേരളത്തിന്റെ സാമ്പത്തികരംഗത്തിന്റെ നട്ടെല്ലൊടിക്കുന്നു. പ്രതിഷേധത്തിനു വേറെ മാര്‍ഗ്ഗങ്ങള്‍ ആരായാനോ ക്രിയാത്മകമായി പ്രതിഷേധങ്ങളെ തിരിച്ചു വിടാനോ രാഷ്‌ട്രീയനേതാക്കള്‍ക്കു സാധിക്കുന്നില്ല. എല്ലാം ആഘോഷിക്കുന്ന മലയാളി ഹര്‍ത്താലിനെയും ആഘോഷിക്കുന്നു. പലപ്പോഴും മലയാളി ഹര്‍ത്താലിനെ ഓര്‍ക്കാപ്പുറത്ത്‌ വീണുകിട്ടിയ പൊതുഒഴിവായി കണക്കാക്കി കുടുംബത്തോടൊപ്പം വീട്ടിലിരിക്കുകയോ സുഹൃത്തുക്കളോടൊത്ത്‌ മദ്യപിച്ചും സൊറ പറഞ്ഞുമിരിക്കുകയോ ചെയ്യുന്നു. ഈയിടെ സി.പി.ഐ.(എം.എല്‍) പ്രഖ്യാപിച്ച ഹര്‍ത്താല്‍ പലയിടങ്ങളിലും പൂര്‍ണ്ണമാക്കിയത്‌ മലയാളിയുടെ ഹര്‍ത്താലാഘോഷമല്ലാതെ മറ്റെന്താണ്‌ ? അതുപോലെ കൊലപാതകക്കുറ്റത്തിന്‌ അറസ്റ്റു ചെയ്യപ്പെട്ട ജയേന്ദ്രസരസ്വതിക്ക്‌ സ്വന്തം നാട്ടില്‍ ബന്ദ്‌ വിജയിപ്പിക്കാനായില്ല. കേരളം അത്‌ ഭംഗിയായി നിര്‍വഹിച്ചു! ജയേന്ദ്രസരസ്വതി പോലും ഞെട്ടിപ്പോയിട്ടുണ്ടാവും. തട്ടകം കേരളമാക്കാമായിരുന്നു എന്നു ഖേദിച്ചിട്ടുണ്ടാവും.

കേരളം പോലുള്ള ഒരു സംസ്ഥാനം ഇതിന്‌ നല്‍കേണ്ടിവരുന്ന വില എണ്ണിക്കണക്കാക്കാന്‍ ആരും ഇതേവരെ മിനക്കെട്ടിട്ടില്ല. ഹര്‍ത്താല്‍ ഫലത്തില്‍ ആത്മപീഡനവും പരപീഡനവുമല്ലാതെ മറ്റൊന്നല്ല. അസംതൃപ്‌തയൗവനങ്ങള്‍ക്കും, അവഗണിക്കപ്പെട്ട മനുഷ്യരുടെയും അക്രമാസക്തമായ ആവിഷ്‌ക്കാരമായി ഹര്‍ത്താലിനെ മാറ്റിയെടുക്കുക വഴി നേതാക്കള്‍ അണികളിലെ അടിച്ചമര്‍ത്തപ്പെട്ട മനസ്സിന്‌ ഇത്തിരി മയക്ക്‌മരുന്നു നല്‌കുകയാണു ചെയ്യുന്നത്‌. ഇക്കാര്യത്തില്‍ കേരളത്തിലെ എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികളും നിശ്ശബ്‌ദവും ഗൂഢവുമായ ഒരു പരസ്‌പരധാരണയിലാണ്‌.

ആള്‍ക്കൂട്ടം ഫാസിസ്റ്റായി പ്രത്യക്ഷപ്പെടുന്ന രംഗവേദിയാണ്‌ ബന്ദും ഹര്‍ത്താലും. രാജഭരണത്തില്‍ പോലുമില്ലാത്ത ഏകാധിപത്യസ്വഭാവം അതു കൈക്കൊള്ളുന്നതും ഭൂരിപക്ഷമെന്നത്‌ മൃഗീയമനോഭാവത്തിന്റെ കൂട്ടായ പ്രവര്‍ത്തനമാണെന്നും അതിന്റെ അടിവേര്‌ ജനാധിപത്യവിരുദ്ധതയിലാണെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

21/12/2005

No comments: