Blog Archive

Friday, November 5, 2010

പ്രതിധ്വനികള്‍ ; തിരിച്ചടികള്‍


പഴയ കഥ വീണ്ടും ഓര്‍മ്മവരികയാണ്‌.

ഒരു കഥയ്‌ക്കു വേദപുസ്‌തകം പോലുള്ള ദൗത്യം നിര്‍വ്വഹിക്കാന്‍ കഴിയും എന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു ആ കഥ.

കഥയിങ്ങനെ :

ഒരു അച്ഛനും മകനും കൂടി പ്രകൃതി സുന്ദരമായ മലഞ്ചെരുവിലെത്തി. മകന്‍ ഉച്ചത്തില്‍ ഒന്നു കൂവി. അപ്പോഴേക്കും പ്രകൃതിയില്‍ അതിന്റെ പ്രതിധ്വനി വന്നു. അത്‌ തിരിച്ചു കൂവി. കുട്ടിക്കു ദേഷ്യം വന്നു. കുട്ടി ഉറക്കെ വിളിച്ചു ചോദിച്ചു. ആരെടാ നീ. ഉടനെ തിരിച്ചുവന്നു, ചോദ്യം. അതേ ധാര്‍ഷ്‌ട്യത്തോടെതന്നെ. കുപിതനായ കുട്ടി വിളിച്ചു പറഞ്ഞു : നിന്നെ ഞാന്‍ കൊല്ലും. തിരിച്ച്‌ ഭീഷണി ഉടന്‍ വന്നു!

കുട്ടി ദേഷ്യത്തോടെ അച്ഛനോട്‌ പറഞ്ഞു: കേട്ടില്ലേ, എന്നെ കൊല്ലുമെന്ന്‌.

കൊച്ചുകുട്ടിയല്ലേ, അച്ഛന്‍ മകനെ ചേര്‍ത്തു പിടിച്ചു പറഞ്ഞു.

നീ പ്രകൃതിയോട്‌ നല്ല വാക്ക്‌ പറയണം. പ്രകൃതി നമ്മുടെ ചങ്ങാതിയാണ്‌. പക്ഷേ, നമ്മള്‍ എന്തുഭാവത്തിലാണ്‌ അതിനോട്‌ പെരുമാറുക. അതേപോലെ അതു തിരിച്ചും പെരുമാറും.

കുട്ടിക്കു കുറ്റബോധം തോന്നി.

കുട്ടി വിളിച്ചു പറഞ്ഞു : നീ എന്റെ ചങ്ങാതിയാണ്‌. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.

പ്രതിധ്വനി ഉടനെ വന്നു, അതേ വാക്കുകള്‍!

കുട്ടിക്ക്‌ വലിയ സന്തോഷമായി.

ഇതാണു കഥ.

ഈ കഥ നമ്മോട്‌ പറഞ്ഞുതന്ന മഹാനായ ആ കഥാകാരനു മുന്നില്‍ പ്രണാമം.

മനുഷ്യന്‍ പ്രകൃതിക്കുമേല്‍ കാണിച്ചു കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കു നിരവധി തിരിച്ചടികള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. പ്രകൃതിയെ ഒരു സ്‌നേഹിതനാക്കാന്‍ നമുക്കു കഴിയുന്നില്ല. അതിനെ എങ്ങനെയും വിറ്റു പണമുണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ ഭൂമിക്ക്‌ ചൂടുപിടിക്കുകയും അത്‌ കോപിക്കുകയും ചെയ്യുന്നു. ആഗോളതാപനത്തിനെതിരായി ലോകരാഷ്‌ട്രങ്ങള്‍ ഉറക്കെ ചിന്തിപ്പോള്‍ അതിനെ പുച്ഛിച്ചുതള്ളുകയും ക്വാട്ടോ ഉടമ്പടിയോട്‌ പുറംതിരിഞ്ഞു നില്‌ക്കുകയും ചെയ്‌ത അമേരിക്ക തന്നെ ഇപ്പോള്‍ `കത്രീന'യ്‌ക്കും `റീത്ത'യ്‌ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു.

ലോകജനസംഖ്യയില്‍ 5% പോലുമില്ലാത്ത അമേരിക്കയാണു ലോകത്തിലെ 25% കാര്‍ബണ്‍ഡയോക്‌സൈഡും പുറത്തുവിടുന്നത്‌. എല്ലാം ഉപയോഗിച്ചു വലിച്ചെറിയാനാണെന്ന ദര്‍ശനം ഒരു ജീവിതരീതിയാവുമ്പോള്‍ വലിയ പിഴകള്‍ പ്രകൃതി നമ്മില്‍ നിന്നു ഈടാക്കും. തങ്ങളുടെ വ്യവസായതാല്‌പര്യങ്ങള്‍ക്ക്‌ എതിരാണെന്നു കണ്ടാണു അമേരിക്ക ക്വാട്ടോ ഉടമ്പടിക്കു തുരങ്കം വെച്ചത്‌. ഫലം അതു വൈകാതെ കിട്ടുകയും ചെയ്‌തിരിക്കുന്നു. ഈ കുറിപ്പിന്റെ ആമുഖമായി പറഞ്ഞകഥയെപ്പറ്റി വീണ്ടും ഓര്‍ത്തുപോവുകയാണ്‌.
 
28/10/2005

No comments: