Blog Archive
Friday, November 5, 2010
പൊതുപ്രവര്‍ത്തനത്തില്‍ താത്‌പര്യമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കണം
കേരളത്തിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിച്ച കഴിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയിക്കാന്‍ സാധിക്കുയില്ല. ജയിച്ചവരെക്കാള്‍ കൂടുതല്‍ മത്സരിച്ചു പരാജയപ്പെട്ടവരാണ് കൂടുതലുള്ളത്. നമ്മുടെ നാട്ടിലെ നടപ്പനുസരിച്ച് മത്സരിച്ചു പരാജയപ്പെടുന്നവര്‍ രംഗത്തു നിന്നുമാറി നില്‍ക്കുകയും തുടര്‍ന്നു അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ വീണ്ടും വരികയും ചെയ്യുക എന്നതാണ്. ഈ നടപടി ഒരു പക്ഷേ ജനഹിതത്തിനെതിരാണെന്നതില്‍ തര്‍ക്കമില്ല. കാരണം തോറ്റ സ്ഥാനാര്‍ത്ഥിക്കും വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. അപ്പോള്‍ അയാളിലും കുറേയധികം ആളുകള്‍ക്ക് പ്രതീക്ഷയുണ്ട്. അങ്ങനെ വരുമ്പോള്‍ തോറ്റു പോയി എന്ന കാരണത്താല്‍ പിന്‍വാങ്ങേണ്ട കാര്യമില്ല. വാര്‍ഡിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു കാര്യങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കാന്‍ ഓരോ മത്സരാര്‍ത്ഥിക്കും ഉത്തരവാദിത്തമുണ്ട്.
ഇക്കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ രാഷ്‌ട്രീയ കക്ഷികള്‍ കൂടി മനസുവയ്‌ക്കണം. പൊതുപ്രവര്‍ത്തനത്തില്‍ താത്‌പര്യമുള്ള ആളുകളെ ആവണം സ്ഥാനാര്‍ത്ഥികളാക്കേണ്ടത്. ഇപ്പോഴത്തെ സ്ഥിതി അതല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിയുമ്പോള്‍ ഓടിച്ചിട്ട് ആരെയെങ്കിലും പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കുന്നു. ഇങ്ങനെ സ്ഥാനാര്‍ത്ഥിയാക്കപ്പെടുന്നയാള്‍ക്ക് ഒരിക്കലും ജനത്തോട് പ്രതിബന്ധത ഉണ്ടാവാനിടയില്ല.
സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മറ്റുപല നിബന്ധനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കാറുണ്ട്. എന്നാല്‍ ജനങ്ങളോടുള്ള പ്രതിബന്ധത മനസിലാക്കാന്‍ പറ്റിയ കാര്യങ്ങളൊന്നും അതിലില്ല. ജനങ്ങളുമായോ ജനങ്ങളുടെ പ്രശ്‌നങ്ങളുമായോ യാതൊരു വിധ ബന്ധങ്ങളുമില്ലാത്ത ഒരാള്‍ ജയിച്ചു വന്നിട്ട് എന്താണ് കാര്യം എന്നത് രാഷ്‌ട്രീയകക്ഷികള്‍ ചിന്തിക്കേണ്ട കാര്യം തന്നെയാണ്. സാമൂഹ്യപ്രതിബന്ധതയുള്ള നിരവധി ആളുകളെ മാറ്റി നിര്‍ത്തിയിട്ട് യാതൊരു ബന്ധവുമില്ലാത്ത ആളുകളെ സ്ഥാനാര്‍ത്ഥികളാക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളുടെ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. ഓരോ പാര്‍ട്ടിക്കും അതിന്റേതായ നിയമങ്ങളുണ്ട്. അതു പാലിക്കുന്നയാള്‍ക്കേ പാര്‍ട്ടികളില്‍ മെമ്പര്‍ഷിപ്പു നല്‍കാവൂ എന്നാണ് ഓരോ പാര്‍ട്ടികളുടെയും ചട്ടം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആരെ വേണമെങ്കിലും സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താമെന്ന തത്വമാണ് പൊതുവെ രാഷ്‌ട്രീയകക്ഷികള്‍ സ്വീകരിച്ചിരിക്കുന്നത്.
അതുപോലെ തന്നെ എതിര്‍ക്കപ്പെടേണ്ട ഒരു കാര്യം പല തസ്‌തികകള്‍ ഒരാള്‍ തന്നെ കൈവശം വയ്‌ക്കുന്നതിനെയാണ്. മുനിസിപ്പല്‍ കൗണ്‍സിലര്‍ അല്ലെങ്കില്‍ പഞ്ചായത്തംഗം ഇവര്‍ ബാങ്ക് ഭരണസമിതി, സൊസൈറ്റി ഭാരവാഹി എന്നിങ്ങനെ ഒട്ടേറെ ഭാരങ്ങള്‍ ഒന്നിച്ചു കൊണ്ടുനടക്കാറുണ്ട്. ഒരു തസ്‌തിക മാത്രമേ ഒരാള്‍ക്ക് പാടുള്ളുവെന്നതും നിര്‍ബന്ധമാക്കേണ്ടതുണ്ട്. മാത്രമല്ല ഒരു തസ്‌തികയില്‍ രണ്ടു തവണയില്‍ കൂടുതല്‍ ഒരാളിരിക്കേണ്ട കാര്യവുമില്ല. ജീവിതാവസാനം വരെ ജനങ്ങളെ സേവിച്ചു മുടക്കാന്‍ ഇവരെ അനുവദിക്കേണ്ടതുമില്ല.
21/09/2005
Subscribe to:
Post Comments (Atom)

No comments:
Post a Comment