Blog Archive
Friday, November 5, 2010
ചില ജനാധിപത്യചിന്തകള്‍
കേരളം സന്ദര്‍ശിച്ച രാഷ്‌ട്രപതി ഏ.പി.ജെ. അബ്‌ദുള്‍ കലാമിനു ഊഷ്‌മളസ്വീകരണമാണ് ജനം നല്‍കിയത്. രാഷ്‌ട്രപതിയുടെ ചടങ്ങുകള്‍ പ്രാധാന്യത്തോടെ തന്നെ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. രാഷ്‌ട്രപതി നിര്‍ദ്ദേശിച്ച പത്തിന പരിപാടി ചര്‍ച്ചയായി. രാഷ്‌ട്രപതിയെ ജനം ആദരവോടെ കാണുന്നുവെന്നതിന്റെ തെളിവായി മാറുകയായിരുന്നു സ്വീകരണചടങ്ങുകള്‍.
ഇതുപോലെയല്ലെങ്കിലും വാര്‍ത്തയാകുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട ഒരു സന്ദര്‍ശനം വാര്‍ത്തയായതേയില്ല. കേന്ദ്രമന്ത്രി പി.എം. സഈദിന്റെ കോഴിക്കോട് സന്ദര്‍ശനമായിരുന്നു അത്. കേന്ദ്രമന്ത്രിക്കു ഊഷ്‌മള സ്വീകരണത്തിനു പകരം ലഭിച്ചത് ഗോബാക്ക് വിളിയായിരുന്നു.
കാലിക്കട്ട് സര്‍വ്വകലാശാലയിലെ ഒരു വിഭാഗം ലക്ഷദ്വീപ് വിദ്യാര്‍ത്ഥികളാണ് സ്വന്തം നാട്ടുകാരനായ കേന്ദ്രമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിക്ഷേധസൂചകമായി സദസില്‍ നിന്നും ഇറങ്ങിപ്പോയത്. സര്‍വ്വകലാശാല ലക്ഷദ്വീപില്‍ തുടങ്ങുന്ന പഠനകേന്ദ്രത്തിന്റെ ധാരണാപത്രത്തില്‍ ദ്വീപ് നിവാസികളുടെ താല്‍പര്യം സംരക്ഷിച്ചില്ലെന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ ഈ രോക്ഷപ്രകടനം. സ്വന്തം നാട്ടില്‍ നിന്നുള്ളവരുടെ പ്രതിക്ഷേധത്തിനു മറ്റിടങ്ങളില്‍ ഇരയാവുക എന്നത് ഏതൊരു രാഷ്‌ട്രീയ പ്രവര്‍ത്തകനും സുഖമുള്ള കാര്യമല്ല.
സഈദിനേക്കാള്‍ അപമാനം പേറിയാവും ഒരു പക്ഷേ ലക്ഷദ്വീപുനിവാസികള്‍ ഇപ്പോള്‍ കഴിയുന്നത്. കാരണം ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലക്ഷദ്വീപുകാര്‍ ജനവിധിയിലൂടെ അരിഞ്ഞു തള്ളിയ ആളാണ് പി.എം. സഈദ്. 10 തവണ വിജയിച്ച സഈദിനാണ് ജനം തോല്‍പ്പിച്ചത്. അതോടെ പി. കുഞ്ഞിക്കോയ ലക്ഷദ്വീപിന്റെ ജനപ്രതിനിധിയായി ഇന്‍ഡ്യന്‍ പാര്‍ലെമെന്റില്‍ എത്തി. പക്ഷേ, ഇപ്പോള്‍ ജനപ്രതിനിധിയായ കുഞ്ഞിക്കോയയ്‌ക്കു കേന്ദ്ര ഊര്‍ജ്ജവകുപ്പു മന്ത്രിയെ കാണാന്‍ ചീട്ടെടുത്ത് കാത്തിരിക്കണം. കാരണം കുഞ്ഞിക്കോയ പരാജയപ്പെടുത്തിയ സഈദാണ് കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി! ജനാധിപത്യത്തിന്റെ ഓരോരോ ലീലാവിലാസങ്ങള്‍.
ജനം വേണ്ടെന്നു വച്ചിട്ടും ജനങ്ങളെ `സേവിക്കാന്‍' കച്ചകെട്ടിയിറങ്ങിയ സഈദ് പിന്നാമ്പുറത്തുകൂടി `ജനപ്രതിനിധി' ആക്കപ്പെട്ടു. സഈദിനെപ്പോലെ ജനം കുപ്പിയിലിറക്കിയ മഹാരാഷ്‌ട്രക്കാരന്‍ ശിവരാജ് പാട്ടീലും കുപ്പി പൊട്ടിച്ച് പിന്‍വാതിലിലൂടെ `ജനപ്രതിനിധി'യാക്കപ്പെടുകയായിരുന്നു. ജനവിധി തേടാതെ പ്രധാനമന്ത്രിയാക്കപ്പെട്ട മന്‍മോഹന്‍സിംഗിനാകട്ടെ രണ്ടാമതൊന്നും ആലോചിക്കേണ്ടിവന്നില്ല പ്രധാനവകുപ്പുകളായ അഭ്യന്തരവും ഊര്‍ജ്ജവും ഇവര്‍ക്കു നല്‍കാന്‍.
ഇത്തരം പാട്ടീലന്‍മാരെയും സഈദുമാരെയും ജനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള വേദിയായി രാജ്യസഭ മാറിക്കൊണ്ടിരിക്കുന്നുവെന്നുള്ളത് ജനാധിപത്യത്തിനേറ്റ കളങ്കമാണ്. രാജ്യശില്‌പികള്‍ രാജ്യസഭ കൊണ്ടു ഉദ്ദേശിച്ചത് ഭരണകര്‍ത്താക്കളെ ഉപദേശിക്കാന്‍ പ്രഗത്ഭരെ ഉള്‍പ്പെടുത്തുക എന്ന നല്ല വശമാണ്. എന്നാല്‍ ഇത് കുറുക്കുവഴിയായി കണ്ട് പലരും ജനങ്ങളുടെ തലയില്‍ കയറിയിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ ഭരണകര്‍ത്താക്കളാക്കുന്നത് അനുചിതവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത് ഭരണകര്‍ത്താക്കളാകാനുള്ള അയോഗ്യതയായി കണക്കാക്കപ്പെടണം. ഇതോടൊപ്പം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത ആരെയും ഭരിക്കാന്‍ അനുവദിക്കാതിരിക്കുകയാണുചിതം. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാഷ്‌ട്രീയപാര്‍ട്ടികളോ ഫോര്‍ത്ത് എസ്റ്റേറ്റോ തയ്യാറാകുന്നില്ല എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഗതികേടെന്നല്ലാതെ എന്തു പറയാനാകും.
14/06/2006
Subscribe to:
Post Comments (Atom)

No comments:
Post a Comment